• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrissur Pooram Fireworks| പൂരം കഴിഞ്ഞ് പത്താംനാള്‍ വെടിക്കെട്ട്; പകൽ ആകാശത്ത് വർണവിസ്മയം

Thrissur Pooram Fireworks| പൂരം കഴിഞ്ഞ് പത്താംനാള്‍ വെടിക്കെട്ട്; പകൽ ആകാശത്ത് വർണവിസ്മയം

ഉച്ചയ്ക്ക് മഴ മാറി നിന്നതോടെ വെടിക്കെട്ട് നടത്തുകയായിരുന്നു

  • Share this:
    തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പൂര നഗരിയിലെ ആകാശത്ത് വര്‍ണവിസ്മയം. കനത്തമഴയെ തുടര്‍ന്ന് പത്തുദിവസത്തോളം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് പൂര്‍ത്തിയായി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇലഞ്ഞിത്തറമേളവും കുടമാറ്റവും ഗംഭീര ആഘോഷമാക്കിയ പൂരപ്രേമികള്‍ക്ക് കനത്തമഴയെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെയ്‌ക്കേണ്ടി വന്നത് സങ്കടമായി അവശേഷിച്ചിരുന്നു. എന്നാല്‍ ഈ ദുഃഖത്തെ അകറ്റുന്ന തരത്തില്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന വിധമാണ് ഇന്ന് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തിയത്.

    പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഒരുങ്ങള്‍ പൂര്‍ത്തിയായെങ്കിലും തുടക്കത്തില്‍ മഴ എത്തിയത് കല്ലുകടിയായി. എന്നാല്‍ ഉച്ചയോടെ മഴ മാറി നിന്നതോടെ വെടിക്കെട്ട് നടത്തുകയായിരുന്നു. ഒരു മണിക്കു ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് രാവിലെ മഴയെത്തിയത്. മഴ മാറിയാല്‍ ഇന്നു തന്നെ വെടിക്കെട്ടു നടത്താനായിരുന്നു തീരുമാനം. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുക പ്രയാസമാണെന്നും എത്രയും പെട്ടെന്നു വെടിക്കെട്ടു നടത്താനാണ് തീരുമാനമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

    തുടര്‍ച്ചയായുള്ള കനത്ത മഴയ്ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ടായിരുന്നു. ഈ മാസം 10നായിരുന്നു തൃശൂര്‍ പൂരം.  11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് കനത്ത മഴയെത്തുടര്‍ന്നാണ് മാറ്റി വെച്ചത്. പിന്നീട് രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല.

    സാമ്പിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളോടെയുമാണ് വെടിക്കെട്ട് നടന്നത്.  വൈകുന്നേരം മഴയുടെ സാധ്യത നിലനിൽക്കുന്നതിനാലാണ് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തുന്നത്. 4000 കിലോഗ്രാം വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ടു പുരയുടെ താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.

    Also Read- Policemen's death in Palakkad| പൊലീസുകാരുടെ മരണം; പന്നിക്കെണി വെച്ചയാൾ അറസ്റ്റിൽ‌; മൃതദേഹം കൈവണ്ടിയിൽ കയറ്റി വയലിലിട്ടു

    പകൽ മഴ മാറി നിന്നാൽ ഏതു ദിവസവും വൈകിട്ട് വെടിക്കെട്ട് നടത്താൻ തയാറാണെന്നു ദേവസ്വങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തേ മെയ് 14 ശനിയാഴ്ച്ച വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

    തൃശൂർ അടക്കം ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ത‍ൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴക്ക് നേരിയ ശമനമായതോടെ ഇന്നലെ തന്നെ എല്ലാ ജില്ലകളിലും ഓറ‍ഞ്ച് അലർട്ട് പിൻവലിച്ചിരുന്നു.
    Published by:Rajesh V
    First published: