തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരെ നടപടി ശക്തമാക്കുന്നതിനൊപ്പം എക്സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ഫയറിങ് പരിശീലനം നൽകാൻ തീരുമാനമായി. 2006നുശേഷം ഇതാദ്യമായാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഫയറിങ് പരിശീലനം നൽകുന്നത്. തൃശൂർ എക്സൈസ് അക്കാദമിയിലും പൊലീസ് അക്കാദമിയിലുമായി ജൂലൈ ആദ്യവാരം മുതലാണ് ഫയറിങ് പരിശീലനം. ഇൻസ്പെക്ടർ മുതൽ ഉയർന്ന് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് തോക്ക് ഉണ്ടെങ്കിലും അത് ഉപയോഗിക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. അത്യാധുനിക പിസ്റ്റളാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
അടുത്തിടെ മയക്കുമരുന്ന് മാഫിയയ്ക്കെതിരായ നടപടി എക്സൈസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണമുണ്ടാകുന്ന സംഭവവും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മാസം കൊല്ലത്ത് രണ്ടു എക്സൈസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനം പുനരാരംഭിക്കാൻ തീരുമാനമായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്ക് തോക്ക് നൽകുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.