ഏറിവന്നാൽ തുറുങ്കിലടയ്ക്കും; അങ്ങനെ സംഭവിച്ചാൽ അത് വിധിയാണെന്ന് കരുതും: നിലപാട് വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പിൽ
ഏറിവന്നാൽ തുറുങ്കിലടയ്ക്കും; അങ്ങനെ സംഭവിച്ചാൽ അത് വിധിയാണെന്ന് കരുതും: നിലപാട് വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പിൽ
ഏറിവന്നാൽ തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്നും തന്നെ തുറുങ്കിലടയ്ക്കുമെന്നും എന്നാൽ അതിലൊന്നും തനിക്ക് ഭയമില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി.
പാലക്കാട്: തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സാമൂഹ്യസുരക്ഷ മിഷൻ ഡയറക്ടർ മുഹമ്മദ് ആഷിലിന് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽയ ഒരു കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഹമ്മദ് ആഷിൽ ഉയർത്തിയ ആരോപണങ്ങൾക്കാണ് ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്ക് ലൈവിലെത്തി മറുപടി പറഞ്ഞത്. കുട്ടിയുടെ ചികിത്സയ്ക്ക് പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടപ്പോൾ മുഴുവൻ പണവും നൽകാൻ കഴിയില്ലെന്നും മുഴുവൻ പണവും നൽകുന്നത് തങ്ങളുടെ രീതിയല്ലെന്നും ഫിറോസ് പറഞ്ഞെന്നായിരുന്നു ആഷിൽ പറഞ്ഞത്.
എന്നാൽ, ആ കുട്ടി ആരാണെന്നത് സംബന്ധിച്ച് പേരുവിവരങ്ങൾ വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ആ രോഗി സാമൂഹ്യസുരക്ഷ മിഷന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ ആ അപേക്ഷയും താൻ അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതും കാണിക്കണമെന്നാണ് ഫിറോസ് കുന്നംപറമ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം ഇത് കള്ള ആരോപണമാണെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
താൻ കള്ളനാണെന്നും കൊള്ളക്കാരനാണെന്നും പറഞ്ഞ ആഷിലിന്റെ അഭിപ്രായം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു. തന്നെപ്പോലുള്ളവർ നൽകുന്ന നികുതിപ്പണത്തിൽ നിന്ന് ശമ്പളം പറ്റുന്നവരാണ് മുഹമ്മദ് ആഷിലിനെ പോലുള്ള സർക്കാർ ഉദ്യോഗസ്ഥരെന്നും തങ്ങളെ പോലുള്ളവർ ഇത്തരത്തിലുള്ള ചാരിറ്റി പ്രവർത്തനത്തിന് ഇറങ്ങേണ്ടി വന്നതിന് കാരണം ഇത്തരക്കാരുടെ കൊള്ളരുതായ്മയാണെന്നും ഫിറോസ് ആരോപിച്ചു.
സർക്കാരിന്റെ മിഷണറിയും സംവിധാനങ്ങളും കൃത്യമായി രോഗികൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ തന്നെപ്പോലുള്ളവർക്ക് രോഗികളുടെ ആവശ്യം പറഞ്ഞ് പുറത്തേക്ക് വരേണ്ടി വരില്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു. വാങ്ങിക്കുന്ന ശമ്പളത്തിന് കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ തങ്ങളെപ്പോലുള്ളവർക്ക് ഇവിടെ വന്ന് ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് എപ്പോഴാണ് 30 ലക്ഷം വേണമെന്നും 50 ലക്ഷം വേണമെന്നും താൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അക്കാര്യം മുഹമ്മദ് അഷീൽ വ്യക്തമാക്കണെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഡോണർ ഉണ്ടെങ്കിൽ മാത്രമാണ് കിഡ്നി രോഗികൾക്ക് മൂന്നു ലക്ഷം വേണ്ടി വരുന്നത്. ഡോണർ ഇല്ലാത്തപക്ഷം 25 ലക്ഷം രൂപ വരെയാകുമെന്നും ഫിറോസ് പറഞ്ഞു.
ഏറിവന്നാൽ തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്നും തന്നെ തുറുങ്കിലടയ്ക്കുമെന്നും എന്നാൽ അതിലൊന്നും തനിക്ക് ഭയമില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി. സത്യസന്ധമായി താൻ ചെയ്ത ചാരിറ്റി പ്രവർത്തനത്തിലൂടെ തന്നെ ഒരിക്കലും തുറുങ്കിലടയ്ക്കാൻ പറ്റില്ല. നന്മ ചെയ്തതിന്റെ പേരിൽ ഇങ്ങനെ എന്തെങ്കിലും അനുഭവിക്കേണ്ടി വന്നാൽ അത് തന്റെ വിധിയാണെന്ന് കരുതിക്കൊള്ളാമെന്നും ഫിറോസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.