തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾക്ക് ഇന്ന് തുടക്കമാകും. വിക്ടേഴ്സ് ചാനൽ-വെബ്സൈറ്റ് വഴിയാണ് ക്ലാസുകൾ. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. രാത്രി 8.30 മുതൽ 9.30 വരെ പുനഃസംപ്രേഷണവും ഉണ്ടാകും.
ആദ്യ ആഴ്ചകളിൽ ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, എക്കണോമിക്സ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളുടെ ക്ലാസുകളാകും ഉണ്ടാവുക. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടാവുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർദ്ദേശം നല്‍കിയിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലാക്കി ക്ലാസുകൾ ഇന്ന് തുടങ്ങാൻ തീരുമാനിച്ചത്.
ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒരു പൊതുസൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ ജനറൽ , തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസുകളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ firstbell.kite.kerala.gov.in എന്ന പോർട്ടലില്‍ ലഭ്യമാകും. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ ഈ പോർട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.