ഇന്റർഫേസ് /വാർത്ത /Kerala / സിവിൽ സർവീസിന് സൗജന്യ പരിശീലന കേന്ദ്രം പെരിന്തൽമണ്ണയിൽ; രാജ്യത്ത് ആദ്യത്തേത്

സിവിൽ സർവീസിന് സൗജന്യ പരിശീലന കേന്ദ്രം പെരിന്തൽമണ്ണയിൽ; രാജ്യത്ത് ആദ്യത്തേത്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ആണ് സിവിൽ സർവീസ് പരിശീലന കേന്ദ്രം.ആദ്യ ഘട്ടത്തിൽ 100 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ആണ് സിവിൽ സർവീസ് പരിശീലന കേന്ദ്രം.ആദ്യ ഘട്ടത്തിൽ 100 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ആണ് സിവിൽ സർവീസ് പരിശീലന കേന്ദ്രം.ആദ്യ ഘട്ടത്തിൽ 100 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

  • Share this:

രാജ്യത്തെ തന്നെ ആദ്യത്തെ സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രം മലപ്പുറം പെരിന്തൽമണ്ണയിൽ  യാഥാർഥ്യമാകുന്നു. എംഎൽഎ നജീബ് കാന്തപുരത്തിൻ്റെ സ്വപ്ന പദ്ധതി കൂടിയായ സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം ഈ ഞായറാഴ്ച നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ആണ് സിവിൽ സർവീസ് പരിശീലന കേന്ദ്രം.

വിദ്യാഭ്യാസ ശാക്തീകരണം ആണ് അടുത്ത തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാനം എന്ന തിരിച്ചറിവ് ആണ് നജീബ് കാന്തപുരത്തെ സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രം എന്ന പദ്ധതിയിലേക്ക് നയിച്ചത്. പെരിന്തൽമണ്ണ ഐ എസ് എസ് എഡ്യുക്കേഷണൽ സൊസൈറ്റി ക്യാമ്പസിൽ ആണ് സിവിൽ സർവീസ് റെസിഡന്‍ഷ്യല്‍ കോച്ചിംഗ് കേന്ദ്രം സജ്ജമാകുന്നത്.

മലബാറിലെ 7 ജില്ലകളിൽ നിന്ന് ഉള്ള കുട്ടികൾക്ക് ആണ് അവസരം. ആദ്യ ഘട്ടത്തിൽ 100 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 4000 ത്തിലധികം അപേക്ഷകരിൽ നിന്നും ഇവരെ തെരഞ്ഞെടുത്തത് പരീക്ഷകൾക്കും മുഖാമുഖങ്ങൾക്കും ശേഷം. എൻ പ്രശാന്ത്, ശ്രീധന്യ തുടങ്ങി 11 ഐ എ എസുകാർ ആണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. " കാസർകോട് മുതൽ തൃശൂർ വരെ ഉള്ള 7 ജില്ലകളിൽ നിന്ന് 4000 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. അതിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരെ ആണ് അക്കാദമിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പല കുട്ടികൾക്കും നേരിയ മാർക്കിൻ്റെ വ്യത്യാസത്തിൽ ആണ് അവസരം നഷ്ടമായത്. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ ആണ് പ്രവേശനം. അതിന് പുറമെ 5 % സംവരണം എസ് സി വിഭാഗക്കാർക്ക് നൽകുന്നുണ്ട്. ജാതി മത പരിഗണനകൾ ഇല്ലാതെ ആണ് കുട്ടികളെ തെരഞ്ഞെടുത്തത്.  ഇവർ എല്ലാം തികച്ചും സൗജന്യമായി , ഒരു പൈസ പോലും ചെലവില്ലാതെ ആണ് പരിശീലനം നേടുക. അങ്ങനെ സിവിൽ സർവീസ് പരീക്ഷക്ക് പരിശീലനം കൊടുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സെൻ്റർ ഇതാണ്" നജീബ് കാന്തപുരം പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-Idukki Medical College | ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം; ക്ലാസുകൾ ഈ വർഷം ആരംഭിക്കും

100 കുട്ടികൾക്കും പരിശീലകർക്കും താമസിക്കാൻ ഉള്ള സൗകര്യങ്ങൾ ഇവിടെ സജ്ജമാവുക ആണ്. 100 പേർക്ക് ഒരുമിച്ച് ഇരിക്കാൻ കഴിയുന്ന ആധുനിക ഡിജിറ്റൽ അധ്യാപന സംവിധാനങ്ങൾ ഉള്ള ക്ലാസ് റൂം, വിപുലമായ ലൈബ്രറി സംവിധാനം, കോണ്‍ഫറന്‍സ് ഹാള്‍, ഡിസ്‌കഷന്‍ റൂം, സ്റ്റുഡിയോ, തുറന്ന അന്തരീക്ഷത്തിൽ ഉള്ള പഠന സംവാദ ഹാൾ തുടങ്ങി നവീനമായ മികച്ച സാഹചര്യങ്ങൾ ആണ് ഇവിടെ ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ മികച്ച സിവിൽ സർവീസ് പരിശീലകരുടെ സേവനവും ഇവിടെ ഉണ്ടാകും.

" ഏറ്റവും മികച്ച സംവിധാനങ്ങൾ ആണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ലൈബ്രറി വളരെ ഉന്നത നിലവാരം ഉള്ളത് ആകും. ഐ എസ് എസ്  സ്ഥാപനങ്ങളുടെ ആദ്യകാല പ്രിൻസിപ്പൽ ആയിരുന്ന പി ബി നായരുടെ പേരിൽ ആണ് ലൈബ്രറി.അതിന് എല്ലാം പുറമെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇത് ഒരു സൗജന്യ പരിശീലന കേന്ദ്രം ആയത് കൊണ്ട് തന്നെ ഏത് സിവിൽ സർവീസ് ഓഫീസർക്കും ഇവിടെ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ വരാൻ സാധിക്കും. അതിന് നിയമപരമായ തടസം ഒന്നും തന്നെ ഇല്ല. 3 കോടി രൂപ ആണ് ഇത് വരേക്കും ചെലവ് വന്നിട്ടുള്ളത്. അക്കാദമിയുടെ നടത്തിപ്പിന് പ്രതി വർഷം 2 കോടി രൂപയിൽ അധികം വരും.  ഐ എസ് എസ് എഡ്യുക്കേഷണൽ സൊസൈറ്റി കെട്ടിടം നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകി.കോഴിക്കോട് നടക്കാവ് ഹൈസ്‌കൂള്‍ അടക്കം കേരളത്തിലെ വിവിധ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഫൈസല്‍ ആന്റ് ശബാനാ ഫൗണ്ടേഷന്‍ ഈ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്. പൊതു ജന പങ്കാളിത്തം തന്നെ ആണ് മുന്നോട്ട് പോകാൻ ഉള്ള ഊർജം'' എന്ന് നജീബ് കാന്തപുരം.

Also Read-Muzhappilangad | കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് - ഇൻ- ബീച്ച് ഇനി ലോകോത്തര നിലവാരത്തിലേക്ക്

" ഐ എസ് എസ് എഡ്യുക്കേഷണൽ സൊസൈറ്റി ആണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം നൽകി സഹായിച്ചത്. അവിടെ ഇത്രയും മികച്ച ഒരു ക്യാമ്പസ് സജ്ജമാക്കാൻ മൂന്ന് മാസം പോലും എടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ, ഏഷ്യയിലെ ആദ്യ നിയോബാങ്കിംഗ് കമ്പനിയും കേരളത്തില്‍ നിന്നുള്ള ആദ്യത്തെ യൂണികോണ്‍ സ്ഥാപനവുമായ ഓപണ്‍, ലൈഫ് ഫാര്‍മസി,  മലബാര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ്, റഫ്‌മോ ഗ്രൂപ്പ് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍,വിവിധ കെ.എം.സി.സി. കമ്മിറ്റികള്‍  അക്കാദമിയുമായി സഹകരിക്കുന്നുണ്ട്. ഒരു കുട്ടിക്ക് ഒരു വർഷം രണ്ട് ലക്ഷം രൂപ ചെലവ് കണക്കാക്കുന്നുണ്ട്. ഓരോ കുട്ടിക്കും ഓരോ സ്പോൺസറെ കണ്ടെത്തുക എന്നതാണ് അടുത്ത ലക്ഷ്യം. പൊതുജന പങ്കാളിത്തതോടെ തന്നെ മുന്നോട്ട് പോകാനാകും എന്ന പ്രതീക്ഷ ആണ് എനിക്ക് ഉള്ളത്" സിവിൽ സർവീസ് പരിശീലനത്തിന്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി  അക്കാദമിയെ ഉയർത്തുക എന്ന വലിയ ഒരു സ്വപ്നം കൂടി നജീബ് കാന്തപുരത്തിന് ഉണ്ട്.

" ശാക്തീകരണം ആണ് സമൂഹത്തിൻ്റെ ഉന്നമനത്തിന് അടിസ്ഥാനം ആയുള്ളത്. സാമ്പത്തികമായി വളരെ താഴെ തട്ടിലുള്ള ഒരു കുട്ടി സിവിൽ സർവീസിൽ പ്രവേശിക്കുന്നതോടെ ഉണ്ടാകുന്ന മാറ്റം ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് ആകില്ല. പിന്നെ ഈ ഒരു അക്കാദമി ഭാവിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രം ആക്കി ഉയർത്തുക എന്നത് ആണ് സ്വപ്നം..ഇപ്പൊൾ  ദില്ലിയിൽ പരിശീലനത്തിന്  പോകുന്നതിന് പകരം ദില്ലിയിൽ നിന്ന് ഇവിടേക്ക് സിവിൽ സർവീസ് പരിശീലനത്തിന് ആളുകൾ വരുന്ന ഒരു കാലം വരും" സമൂഹത്തിൻ്റെ  താഴെ തട്ടിൽ നിന്നുള്ളവർക്ക്  വരെ  സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യം നേടാൻ കഴിയുമ്പോൾ ആണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഉയരുന്ന ഈ അക്കാദമി സാർത്ഥകമാകൂ എന്നും പറഞ്ഞു നിർത്തുന്നു പെരിന്തൽമണ്ണ എംഎൽഎ.

First published:

Tags: Civil service, Malappuram