തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പുറത്തുവന്ന ആരോപണങ്ങൾ ഗുരുതരമാണ്. എന്തിനാണ് ഒരു ഭരണ തലവനും, മന്ത്രിമാരും ഈ തരത്തിൽ ബന്ധം പുലർത്തിയതെന്ന് അദ്ദേഹം ചോദിച്ചു. ആരോപണങ്ങളില്‍ മറുപടി പറയുന്നതിന് പകരം ആളുകളെ വഴിനടക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഓടിയളിക്കുകയല്ല ജനങ്ങളോട് വിശദീകരിക്കുകയാണ് വേണ്ടത്. സ്വപ്‌നയുടേത് പുതിയ വെളിപ്പെടുത്തലൊന്നുമല്ലെന്നും കൂടുതല്‍ വിശദമായി മൊഴി നല്‍കുകയാണ് ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പിണറായി വിജയന്‍ അഴിമതി നടത്തുമോ എന്ന തോന്നലാണ് ഇപ്പോള്‍ വി.ഡി സതീശനുള്ളത്. ഇത്രയും സംശയമുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസുകാരെ വെറുതെ പോലീസിന്റെ തല്ലുകൊള്ളാന്‍ പറഞ്ഞയച്ചതെന്നും വി.മുരളീധരന്‍ ചോദിച്ചു.
സതീശന് ഇപ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സംശയമാണ്. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ ഇടം പിടിക്കേണ്ടത് പ്രതിപക്ഷ നേതാവിന് അത്യാവശ്യമാണ്. അല്ലാത്തപക്ഷം പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം മുന്നോട്ട് പോവും. അങ്ങനെ മുന്നോട്ടുപോയാല്‍ എന്താവും അവസ്ഥയെന്ന് വി.ഡി സതീശനറിയാം. അതുകൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സംശയം തോന്നുന്നത്. ഞങ്ങള്‍ക്കേതായാലും ആ സംശയമില്ലെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ് മിഷൻ കേസില്‍ സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് സംസ്ഥാന സർക്കാരാണ്. ലോക കേരള സഭയിൽ താന്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അഗ്നിപഥ് പദ്ധതിയിലെ പ്രതിഷേധം യുവാക്കൾക്ക് ഇടയിൽ സാമൂഹ്യ വിരുദ്ധർ കടന്നു കൂടിയതിനാലാണ്. ജാഗ്രത പാലിക്കണം. റിക്രൂട്ട്മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. അഗ്നിപഥ് വഴി മാത്രമേ റിക്രൂട്ട്മെന്‍റ് നടക്കൂ എന്നു കേന്ദ്രം പറഞ്ഞിട്ടില്ല എന്നും വി മുരളീധരന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.