• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned| തിരുവനന്തപുരത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Drowned| തിരുവനന്തപുരത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു.

  • Share this:
    തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടത്തിയിരുന്നു. കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല എന്നായിരുന്നു മുന്നറിയിപ്പ്.

    തെക്കന്‍ കര്‍ണാടക തീരത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അറബിക്കടില്‍ പടിഞ്ഞാറന്‍കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മെയ് 17 മുതല്‍ 20 വരെ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴിടത്ത് ഓറഞ്ച്

    സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

    23 വീടുകള്‍ തകര്‍ന്നു; 14 ദുരിതാശ്വാസ ക്യാമ്പുകള്‍; 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

    കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകർന്നു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി.

    3071 കെട്ടിടങ്ങള്‍ ക്യാമ്പുകള്‍ക്കായി സജ്ജമാക്കി. ഇതില്‍ 4,23,080 പേരെ ഉള്‍ക്കൊള്ളിക്കാനാകും. തിരുവനന്തപുരത്ത് എട്ടും ഇടുക്കിയില്‍ മൂന്നും എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ക്യാമ്പും തുടങ്ങി. തിരുവനന്തപുരത്ത് ഒരു വീട് പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു.

    തിരുവനന്തപുരം പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. പട്ടം മുട്ടടയില്‍ ചൈതന്യ ഗാര്‍ഡന്‍സിലെ ഏതാനും വീടുകളില്‍ വെള്ളം കയറി. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി മരം വീണ് ഏഴുവീടുകള്‍ തകര്‍ന്നു. തലസ്ഥാന ജില്ലയിലെ എട്ട് ക്യാമ്പുകളില്‍ 91 കുടുംബങ്ങളുണ്ട്. ഇവയില്‍ 303 പേരുണ്ട്. 121 പുരുഷന്മാരും 117 സ്ത്രീകളും 65 കുട്ടികളും. നേരത്തേ വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയെ തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകളാണിവ.

    എറണാകുളത്ത് ആലുവ, പെരുമ്പാവൂർ കളമശ്ശേരി, കൊച്ചി എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളക്കെട്ടിൽ മുങ്ങി. ഉദയാനഗർ കോളനി, കാരയ്ക്കമുറി എന്നിവിടങ്ങളിലും വെള്ളം കയറി. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി 30 വീടുകളിൽ വെള്ളം കയറി. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

    രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. മുൻകരുതൽ നടപടിയുടെ ഭാഗമായി അരക്കോണത്ത് നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറ് അംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. ഇവരെ അഞ്ച് ജില്ലകളിലായി വിന്യസിക്കും.
    Published by:Rajesh V
    First published: