നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെയർ ട്രോളിംഗിനെതിരെ കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം

  പെയർ ട്രോളിംഗിനെതിരെ കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം

  കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പെയർ ട്രോളിംഗ് നടത്തുന്നവർക്കെതിരെ നിലപാട് എടുത്തത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കോഴിക്കോട്: ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങിയ ഫിഷിംഗ് ബോട്ടുകൾ പെയർ ട്രോളിംഗ് നടത്തുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്ത് വന്നതോടെ കടലിൽ സംഘർഷാവസ്ഥ. ബേപ്പൂർ, ചാലിയം മംഗലാപുരം ഭാഗത്തുള്ള ബോട്ടുകളാണ് വടക്കൻ ഭാഗത്ത് അശാസ്ത്രീയവും നിയമ വിരുദ്ധവുമായ ഈ രീതിയിൽ രാവെന്നോ, പകലെന്നോ ഭേദമില്ലാതെ മത്സ്യബന്ധനം നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.

  കഴിഞ്ഞ ദിവസം കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പെയർ ട്രോളിംഗ് നടത്തുന്നവർക്കെതിരെ നിലപാട് എടുത്തത്. തുടർന്ന് അവർ വലവലിച്ച് മാറ്റിപോവുകയായിരുന്നെന്ന് വഞ്ചിക്കാർ പറഞ്ഞു. പെയർ ട്രോളിംഗ് നടത്തുന്ന ബോട്ടുകളുടെ നമ്പർ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ ഗാർഡിനും കൈമാറിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അക്ഷേപമുണ്ട്.

  ബേപ്പൂർ, ചാലിയം, മംഗലാപുരം ഭാഗത്തുള്ള ബോട്ടുടമകൾ കുളച്ചലിലുള്ള തൊഴിലാളികൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ യാനം വിട്ടു കൊടുക്കുകയാണ്. പെയർ ട്രോളിംഗിനെതിരെ കഴിഞ്ഞ ദിവസം ബേപ്പൂരിൽ തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. കൊയിലാണ്ടിയിൽ തൊഴിലാളികൾ വഞ്ചിക്കാരുടെ നേതൃത്വത്തിൽ ഹാർബർ പരിസരത്ത് യോഗം നടത്താൻ തീരുമാനിച്ചിരിക്കയാണ്.  മത്സ്യതൊഴിലാളി യൂണിയൻ സി. ഐ. ടി. യു. ഏരിയാ കമ്മിറ്റിയും പ്രതിഷേധം അറിയിച്ചു. തെക്കൻ ഭാഗത്ത് മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതിനാലാണ് ട്രോളിംഗ് ബോട്ടുകൾ വടക്കൻ ഭാഗം ലക്ഷ്യംവെച്ച് നീങ്ങുന്നത്. മുൻപ് ചെറുമീനുകൾക്ക് വില ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് ചെറുമീനുകളെ മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ എത്തിച്ച് പൊടിച്ച് വളമായി ഉപയോഗിക്കുവാൻ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

  രണ്ട് ബോട്ടുകൾ ഉപയോഗിച്ച് വലയെറിഞ്ഞ് ആഴക്കടലിലുള്ള മത്സ്യങ്ങളെയാണ് പെയർ ട്രോളിംഗ് നടത്തി പിടികൂടുന്നത്. നിരോധിച്ച പെലാജിക് നെറ്റ് ഉപയോഗിച്ചാൽ തീരെ ചെറിയ മീൻ കുഞ്ഞുങ്ങൾ വരെ വലയിൽ കുരുങ്ങും. മത്സ്യസമ്പത്ത് നശിക്കുകയും കടലിന്റെ ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുമെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നുണ്ട്. പെയർ ട്രോളിങിനെതിരെ കഴിഞ്ഞ ദിവസം ബേപ്പൂരിൽ തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു.

  എന്താണ് പെയർ ട്രോളിങ്?

  കടലിൽ മത്സ്യസമ്പത്തിനു വിനാശം വിതയ്ക്കുന്നതാണു പെയർ ട്രോളിങ്. നിരോധിച്ച പെലാജിക് (ഡബിൾനെറ്റ്) വല ഉപയോഗിച്ച്‌ രണ്ട് ബോട്ടുകാർ ചേർന്നു നടത്തുന്ന മീൻപിടിത്ത രീതിയാണിത്. 200 മീറ്ററിലേറെ നീളമുള്ള വല ഉപയോഗിച്ച്‌ കടലിന്റെ ഉപരിതലത്തിലൂടെയുള്ള മീൻപിടിത്തത്തിൽ മത്സ്യക്കുഞ്ഞുങ്ങളും, മുട്ടകളും വലയിലകപ്പെടും. ഇതു മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിവയ്ക്കും.

  കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മീൻപിടിത്തം പുറംകടലിൽ വ്യാപകമാണ്. പെലാജിക് വല ഉപയോഗിക്കുന്ന ബോട്ടുകൾ കണ്ടുകെട്ടാനും 2.5 ലക്ഷം രൂപ വരെ പിഴ അടയ്ക്കാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ യാതൊരു നടപടിയും ഉണ്ടാവുന്നില്ല എന്നതാണ് യാഥാർഥ്യം.

  Summary: Fishermen in Kozhikode indulged in a fight over involvement in pair trawling
  Published by:user_57
  First published:
  )}