നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് കാലത്തെ ബജറ്റിൽ കേരളത്തിൻ്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾക്ക് എന്ത് ലഭിക്കും?

  കോവിഡ് കാലത്തെ ബജറ്റിൽ കേരളത്തിൻ്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾക്ക് എന്ത് ലഭിക്കും?

  സമാനതകളില്ലാത്ത വറുതിക്കാലത്തിലൂടെയായിരുന്നു ഇക്കഴിഞ്ഞ പതിനൊന്നു മാസവും തീരദേശത്തിൻ്റെ ജീവിതം കടന്നു പോയത്

  News18 Malayalam

  News18 Malayalam

  • Share this:
  ആലപ്പുഴ:  ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് മത്സ്യത്തൊഴിലാളി മേഖല. സമാനതകളില്ലാത്ത വറുതിക്കാലത്തിലൂടെയായിരുന്നു ഇക്കഴിഞ്ഞ പതിനൊന്നു മാസവും തീരദേശത്തിൻ്റെ ജീവിതം കടന്നു പോയത്. കോവിഡ് പ്രതിസന്ധി ഏൽപ്പിച്ച ആഘാതം മറികടക്കാനുള്ള സമഗ്ര പാക്കേജ് ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയാണ് മത്സ്യത്തൊഴിലാളികൾക്കുളളത്.

  അക്ഷരാർത്ഥത്തിൽ കോവിഡിൽ ശ്വാസംമുട്ടുകയായിരുന്നു മത്സ്യ ബന്ധന മേഖല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ നശിച്ച വള്ളവും വലയും ബോട്ടുകളും, അതിനുപുറമെ പലർക്കും ലക്ഷങ്ങളുടെ വായ്പാ ബാധ്യത. പിന്നെയുമുണ്ട് തിരയൊടുങ്ങാത്ത പോലെ ദുരിതങ്ങൾ.

  പതിനൊന്നു മാസത്തിനിടെ 900 കോടി രൂപയുടെ മത്സ്യ കയറ്റുമതി സാധ്യത കോവിഡിൽ തട്ടി തകർന്നു. വിപണിയില്ലാതെ പരമ്പരാഗത തൊഴിലാളികളും യന്ത്രവത്കൃത ബോട്ടുമടകളും ദുരിതച്ചുഴിയിൽപ്പെട്ടു. കട്ടമരക്കാർക്കും ചെറുവള്ളങ്ങൾക്കും പുറമേ അൻപതിനായിരത്തോളം ഔട്ട് ബോർഡ് വള്ളങ്ങളും മൂവായിരത്തിലധികം യന്ത്രവത്കൃത യാനങ്ങളും മത്സ്യ ബന്ധന രംഗത്തുണ്ട്.  ഹാർബറുകളിൽ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്ന് ബോട്ടുടമ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പീറ്റർ മത്യാസ് പറഞ്ഞു. എന്നാൽ നികുതിയുടെ പൂർണമായ പ്രയോജനം മത്സ്യത്തൊഴിലാളികൾക്ക് തന്നെയെന്ന് ഫിഷറീസ് വകുപ്പ് ആവർത്തിച്ച് വ്യക്തമാക്കുന്നു. തൊഴിലാളി ക്ഷേമത്തിന് ഉൾപ്പെടെയാണ് തുക വിനിയോഗിക്കുന്നത്. സർക്കാരിലേക്ക് ഒരു പൈസയും പോകുന്നില്ലെന്നും വകുപ്പ് പറയുന്നു.

  കോവിഡ് നിയന്ത്രണ സമയത്ത് മത്സ്യസമ്പത്ത് വർധിച്ചെങ്കിലും അതിൻ്റെ പ്രയോജനം പൂർണമായും ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവും വിദേശ ട്രോളറുകളും പ്രതീക്ഷകൾ തകിടം മറിച്ചു. കടൽ സുരക്ഷയും നൂതനമായ വിപണിയും തീരദേശ ജനതയുടെ ബജറ്റ് ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്.

  കൂടുതൽ കാലത്തേക്ക് സമ്പൂർണ്ണ പലിശരഹിത മൊറട്ടോറിയം, മത്സ്യബന്ധനോപകരണങ്ങൾക്ക് ഉയർന്ന സബ്സിഡി, ലേല രീതിയിലെ അപാകതകൾ പരിഹരിക്കൽ, കയറ്റുമതി ഇളവ്, പുലിമുട്ടുകളുടെ നിർമ്മാണം, സമഗ്ര പാർപ്പിട പദ്ധതി, പാകം ചെയ്ത വിഭവങ്ങളുടെ വൈവിധ്യവത്കരണവും വിപണി ഉറപ്പാക്കലും ഇങ്ങനെ നിരവധി ആവശ്യങ്ങൾ തീരദേശം സർക്കാരിനു മുന്നിൽ വയ്ക്കുന്നു. കേരളത്തിൻ്റെ സൈന്യത്തിന് ബജറ്റ് കരുത്താവുമെന്നു തന്നെ കരുതാം.
  Published by:user_57
  First published: