കൊല്ലം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിച്ചു. പരമ്പരാഗത വള്ളങ്ങളും യന്ത്രവത്കൃത ബോട്ടുകളും കടലിൽപ്പോയി. ലോക്ക്ഡൗൺ നിയന്ത്രണവും ട്രോളിംഗ് നിരോധനവും കാരണം അഞ്ചു മാസത്തിലേറെയാണ് മത്സ്യ ബന്ധനം മുടങ്ങിയത്.
വൈകിട്ടോടെ പരമ്പരാഗത വള്ളങ്ങളും അർദ്ധരാത്രി പിന്നിട്ട് ബോട്ടുകളും പ്രതീക്ഷയുടെ വലയുമായി കടലിലേക്ക് തിരിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മത്സ്യബന്ധനത്തിനും വില്പനയ്ക്കും അനുമതി. വറുതിയിൽ നട്ടം തിരിഞ്ഞ തീരദേശ ജനതയ്ക്ക് ആദ്യ യാത്രയിൽ മോശമല്ലാത്ത കോളുകിട്ടി. എങ്കിലും കോവിഡ് കൊണ്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ സമയം ഇനിയും വേണ്ടിവരും.
ശക്തികുളങ്ങര ഹാർബറിൽ വില്പന സംബന്ധിച്ച് വലിയ തർക്കമുണ്ടായി. മുഴുവൻ മൊത്തക്കച്ചവടക്കാരും ഹാർബറിൽ പ്രവേശനം ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവച്ചത്. 300 ഓളം മൊത്തക്കച്ചവടക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
നിയന്ത്രണങ്ങളോടെയാണ് മത്സ്യ ബന്ധനത്തിനും വിപണനത്തിനും അനുമതി. ഒറ്റയക്ക ഇരട്ടയക്ക നമ്പരുകളിലെ ബോട്ടുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ കടലിൽ പോകാൻ കഴിയൂ. ഹാർബറുകളിൽ ലേലം ഒഴിവാക്കി. ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയാകും മത്സ്യത്തിന് വില നിശ്ചയിക്കുക.
രാത്രി 9 മുതൽ പിറ്റേന്ന് വൈകിട്ട് അഞ്ചുവരെയാണ് ഹാർബറുകളുടെ പ്രവർത്തനം. ഒരു സമയം പരമാവധി ഏഴിലധികം ബോട്ടുകൾ അടുക്കാൻ പാടില്ല. വീടുകൾ തോറുമുള്ള വില്പനയ്ക്ക് നിരോധനമുണ്ട്. ചെറുകിട മാർക്കറ്റുകളിൽ സാമൂഹിക അകലം കർശനമായി നടപ്പാക്കും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.