• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഉപതെരഞ്ഞെടുപ്പ്: കനത്ത മഴയിലും സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിംഗ്

ഉപതെരഞ്ഞെടുപ്പ്: കനത്ത മഴയിലും സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിംഗ്

കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് അരൂരിൽ കനത്ത പോളിംഗ്‌ രേഖപ്പെടുത്തി.

News18

News18

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. അരൂർ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ പോളിംഗ് 80 ശതമാനം കടന്നു. വട്ടിയൂർക്കാവിൽ 62. 66 ആണ് പോളിംഗ്. മഞ്ചേശ്വരത്ത് 75.45 ശതമാനം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയപ്പോൾ കോന്നിയിൽ 71 ശതമാനമാണ് പോളിംഗ്. കനത്ത മഴയിൽ എറണാകുളത്ത് പോളിംഗ് കുറഞ്ഞു. 57.89 ശതമാനം വോട്ടർമാരാണ് ഇവിടെ വോട്ട് ചെയ്തത്.

  മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ എറണാകുളത്തെ 14 ബൂത്തുകളിൽ യുഡിഎഫ് റീപോളിംഗ് ആവശ്യപ്പെട്ടു. യുഡിഎഫിന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റ് ടോണി ചമ്മിണി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. കനത്ത മഴയും വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും വോട്ടർമാർക്ക് എത്തിച്ചേരാൻ കഴിയാത്തതുമെല്ലാം പോളിംഗ് ശതമാനം തീരെ കുറയാൻ ഇടയായെന്ന് പരാതിയിൽ പറയുന്നു.

  മഹാരാഷ്ട്ര - ഹരിയാന നിയമസഭ ; BJPക്ക് മൃഗീയഭൂരിപക്ഷം പ്രവചിച്ച് ന്യൂസ് 18 IPSOS എക്സിറ്റ് പോൾ

  അതേസമയം, വട്ടിയൂർക്കാവിൽ മഴ വിധി മാറ്റുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തേക്കാൾ ഏഴ് ശതമാനമാണ് പോളിംഗ് കുറഞ്ഞത്. പോളിംഗിലെ കുറവിൽ എൽഡിഎഫ് പ്രതീക്ഷ വയ്ക്കുന്നു. പോളിംഗ് പൂർത്തിയായ ശേഷം ബിജെപി നേതാക്കളുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റിട്ടുണ്ട്. യുഡിഎഫ് കേന്ദ്രങ്ങൾ നിർജ്ജീവമായിരുന്നു എന്ന ആരോപണവും ബിജെപി ഉന്നയിക്കുന്നു.

  മഞ്ചേശ്വരത്ത് ഇത്തവണയും പോളിംഗ് ശതമാനത്തിൽ വലിയ മാറ്റങ്ങളില്ല. 75.82 ശതമാനമാണ് പോളിംഗ്. മഞ്ചേശ്വരം മണ്ഡലത്തിൽ ബാക്ര ബയൽ സ്കൂളിൽ 42ആം ബൂത്തിൽ കള്ളവോട്ട് ശ്രമം കണ്ടെത്തിയതിനെ തുടർന്ന് നബീസ എന്ന യുവതിയെ അറസ്റ്റ് ചെയ്തു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മംഗൽപാടി പഞ്ചായത്തിലെ മുളിഞ്ച എൽ പി സ്കൂളിൽ ആറുമണി കഴിഞ്ഞും സ്ലിപ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

  കനത്ത മഴയെ തുടർന്നുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടിനെ തുടർന്ന് എറണാകുളം മണ്ഡലത്തിലെ പോളിംഗ് കുത്തനെ ഇടിഞ്ഞു. 57.89 ശതമാനമാണ് പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 71 ശതമാനവും ലോകസഭാ തെരഞ്ഞെടുപ്പിൽ 73 ശതമാനവും പോളിംഗാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് അയ്യപ്പൻകാവ് അടക്കമുള്ള സ്ഥലങ്ങളിൽ വോട്ടിങ് നിശ്ചിത സമയത്ത് ആരംഭിക്കാനായില്ല. ഇതേത്തുടർന്ന് സമാന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് പോളിംഗ് ആരംഭിച്ചത്. നഗരത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ പല വോട്ടർമാർക്കും ബൂത്തുകളിൽ എത്താനായില്ല. ഉച്ചവരെ പോളിംഗ് ശതമാനം ഇടിഞ്ഞ നിലയിലായിരുന്നു. വെള്ളക്കെട്ട് രൂക്ഷമായ ഇടങ്ങളിൽ ആറുമണി കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിരയാണ് പോളിംഗ് ബൂത്തുകളിൽ ദൃശ്യമായത്.

  അതേസമയം, കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് അരൂരിൽ കനത്ത പോളിംഗ്‌ രേഖപ്പെടുത്തി. പുലർച്ചെ മുതൽ തോരാമഴ ആയിരുന്നെങ്കിലും പോളിംഗ് ആരംഭിച്ച ഏഴുമണി മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ ദ്യശ്യമായി. ഉച്ചതിരിഞ്ഞ് മഴ ശമിച്ചതോടെ കൂടുതൽ പേർ വോട്ടു രേഖപ്പെടുത്താനെത്തി. രാത്രി 8 മണിയോടെയാണ് പലയിടങ്ങളിലും വോട്ടിംഗ് പൂർത്തിയായത്. 2016ലെ പോളിംഗ് 86 ശതമാനമായിരുന്നു. ഇതിനടുത്ത് പോൾ ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

  ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകളനുസരിച്ച് 69.55 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഏനാദിമംഗലം, ചിറ്റാർ, സീതത്തോട് എന്നിവിടങ്ങളിൽ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എൽഡിഎഫിനും ബിജെപിക്കും നിർണായക സ്വാധീനമുള്ള മേഖലകളാണ് ഇത്. യുഡിഎഫ് സ്വാധീനമേഖലകളായ പ്രമാടം, കോന്നി എന്നിവിടങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മന്ദഗതിയിൽ തുടങ്ങിയ പോളിംഗ് ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്.

  First published: