കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഗൾഫിൽനിന്നുള്ള വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. ഗൾഫിൽനിന്നുള്ള അഞ്ചെണ്ണം ഉൾപ്പടെ ആറ് വിമാനങ്ങളാണ് ഇത്തരത്തിൽ നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. ഷാർജ, ബഹ്റിൻ, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. ഇന്ന് രാവിലെയാണ് വിമാനങ്ങൾ എത്തിയത്. ആറെണ്ണത്തിൽ രണ്ട് വിമാനങ്ങൾ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ തന്നെ തുടരുകയാണ്. യാത്രക്കാർക്ക് മറ്റ് അറിയിപ്പുകൾ നൽകിയിട്ടില്ല.
തിങ്കളാഴ്ച വരെ വ്യാപക മഴ; ഇന്ന് റെഡ് അലർട്ടില്ല; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. കൂടാതെ, അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണ് തിങ്കളാഴ്ച വരെ വ്യാപക മഴ പ്രവചിക്കുന്നത്. ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ 204.4 മി മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച പുതിയ അറിയിപ്പില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
അതേസമയം പത്തനംതിട്ടയിൽ നദികൾ കരകവിയുന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയർന്നിട്ടുണ്ട്. കിഴക്കൻ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും മഴ വീണ്ടും ശക്തമാകുന്നുണ്ട്.
റാന്നിയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. താഴ്ന്ന പ്രദേശ ങ്ങായ ഉപാസനക്കടവ്, പുല്ലൂപ്പുറം , വരവൂർ, ഇട്ടിയപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. റാന്നി , റാന്നി- അങ്ങാടി പഞ്ചായത്തുകൾ അപ്പർ ക്കുട്ടനാടൻ , തിരുവല്ല മേഖലകളിലും വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പത്തനംതിട്ട ജില്ലയിൽ ഇതുവരെ 35 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 708 ആളുകൾ മാറി താമസിച്ചു.
ഏപ്രിൽ ഏഴ് വരെ വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
04-08-2022: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട്.
05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.
06-08-2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.
07-08-2022:കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flight, Gulf, Karippur airport, Nedumbassery Airport