കോട്ടയം: വെള്ളം നിറഞ്ഞ പാടത്തിൽ വീണ് മുങ്ങിയ കാറിൽ നിന്ന് മൂന്ന് വയസ്സുകാരിയുൾപ്പെടെ അഞ്ചു പേരെ നാട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കൽ വീട്ടിൽ സുബിൻ മാത്യു (31), ഭാര്യ ആഷാ മോൾ ചെറിയാൻ (30), സുബിന്റെ മകൾ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാൻ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ല് പൊട്ടിച്ച് രക്ഷപ്പെടുത്തിയത്.
Also Read- KTS Padannayil Passes Away| നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു
ബുധനാഴ്ച വൈകിട്ട് 3ന് ഇടയാഴം- കല്ലറ റോഡിൽ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണ് കാർ മറിഞ്ഞത്. ഇവിടെ റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. വീതി കുറഞ്ഞ റോഡിലൂടെ സുബിനാണ് കാർ ഓടിച്ചത്. പിന്നിൽ വന്ന ടിപ്പർ ലോറിക്ക് ഓവർടേക്ക് ചെയ്യാനായി സുബിൻ കാർ വശത്തേക്ക് ഒതുക്കി. റോഡരികിലെ സ്റ്റേ വയറിൽ ഇടിച്ച് നിയന്ത്രണം വിട്ട് കാർ പാടത്തേക്കു മറിഞ്ഞു.
റോഡിൽ നിന്നു 30 മീറ്റർ അകലേക്ക് കാർ നീങ്ങി. അപകടം കണ്ട് ടിപ്പർ ലോറി നിർത്തി. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന കല്ലറ തേക്കും കാലായിൽ ശ്രീകുമാർ, പെരുന്തുരുത്ത് കിഴക്കേ മുടക്കോടി ബേബി, പാടശേഖര സമിതി കൺവീനർ കോലാംപുറത്തു കരി ബാബു, ടിപ്പർ ലോറി ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ നീന്തിയെത്തി. കാർ മുങ്ങാതെ രണ്ടു പേർ പിടിച്ചുനിർത്തി. മറ്റുള്ളവർ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുബിനും കുടുംബവും വീട്ടിലേക്ക് മടങ്ങി.
തലശേരിയിൽ എസ്.എസ്.എഫ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു
തലശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ എസ് എസ് എഫ് പ്രവർത്തകൻ മരിച്ചു. എസ് എസ് എഫ് ചമ്പാട് സെക്ടര്‍ സെക്രട്ടറി താഴെ ചമ്പാട് എഴുത്തുപള്ളിയില്‍ ആമിനാസില്‍ അഫ് ലാഹ് ഫറാസ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫറാസ് ഇന്നു വൈകിട്ടോടെയാണ് മരിച്ചത്.
ഫറാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറ്റൊരു വാഹനത്തിന് അടിയിലേക്ക് ഇടിച്ച് കയറിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഫറാസിന്‍റെ ശ്വാസകോശം പൂര്‍ണമായും തകര്‍ന്നിരുന്നു. പിതാവ് ചമ്ബാട് ആമിനാസില്‍ ആസിഫ്, മാതാവ്: തലശ്ശേരി ഗുല്‍ദസ്തയിലെ ഫാസില.
സഹോദരങ്ങള്‍: ഐമന്‍ ഫഹാവ്, ആമിന, ആദം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചമ്പാട് ജുമാ - മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.