തിരുവനന്തപുരം: അവിവാഹിതര്‍ രണ്ടുമാസത്തിനുള്ളിൽ ഒഴിയണം, എതിര്‍ലിംഗക്കാരെ ഫ്ലാറ്റില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയ വിവാദ നിര്‍ദേശങ്ങളുമായി ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷനാണ് ഫ്ലാറ്റില്‍ വിവാദ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.
അവിവാഹിതരുടെ ഫ്ലാറ്റിനകത്ത് എതിര്‍ലിംഗക്കാര്‍ക്ക് പകലോ രാത്രിയോ പ്രവേശനമുണ്ടാകില്ല. രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും സര്‍ക്കുലറിൽ പറയുന്നു. ഫ്ലാറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. ഓഫീസിന് സമീപത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേകസ്ഥലത്ത് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഫ്ലാറ്റിലെ താമസക്കാരുമായി സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.
Also Read- വായില്‍ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി
24 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ ആറ് ഇടത്ത് മാത്രമാണ് അവിവാഹിതരായ വാടകക്കാര്‍ താമസിക്കുന്നത്. ഇവര്‍ സിവിൽ സർവീസ് പരിക്ഷയ്ക്കും മറ്റുമായി പരിശീലനത്തിന് എത്തിയവരാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നോട്ടീസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ പറയുന്നത്.
ഇതുവരെ ഒരു പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ല. ഒരു ചെറിയ പ്രശ്നത്തിന്റെ പേരില്‍ പോലും ഒരു പൊലീസുകാരന് പോലും ഇവിടേക്ക് വരേണ്ടി വന്നിട്ടില്ലെന്നും ഫ്ലാറ്റില്‍ താമസിക്കുന്ന അവിവാഹിതര്‍ പറയുന്നു. തങ്ങള്‍ക്ക് വാടകയ്ക്ക് നല്കിയ ഉടമ ഫ്ലാറ്റ് ഒഴിയാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്ലാറ്റിന് താഴെ ഇത്തരത്തില്‍ ഒരു നോട്ടീസ് പതിച്ചതിലും എന്ന് ഒഴിയേണ്ടിവരുമെന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read- പഴയിടം സദ്യമാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കും; നോൺവെജ് ചർച്ച ചെയ്യുന്നവർക്ക് ‘ചെക്ക്’
വാടകക്കാര്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പറും ആധാറും ഫോണ്‍ നമ്പറും നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ ഫ്ലാറ്റ് കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ വേണ്ടിയുള്ളതാണ്. അല്ലാത്ത താമസക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടാല്‍ വിവരം പൊലീസിനെയും രക്ഷിതാക്കളെയും അറിയിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.