നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കനത്ത മഴയും കാറ്റും; വടക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി

  കനത്ത മഴയും കാറ്റും; വടക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി

  വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്‌ടം

  വെള്ളപ്പൊക്കം ബാധിച്ച പ്രദേശത്തെ ദൃശ്യം

  വെള്ളപ്പൊക്കം ബാധിച്ച പ്രദേശത്തെ ദൃശ്യം

  • Share this:
  കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ. ചാലിയാറും ഇരുവഴിഞ്ഞി പുഴയും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വയനാട്ടിൽ പുത്തുമലയിലും പരിസരത്തും ഇടവിട്ട് ശക്തമായ മഴ തുടരുന്നു.

  വയനാട്ടിൽ മണിക്കൂറുകളായി  ശക്തമായ മഴ തുടരുകയാണ്. വെള്ളപൊക്ക ഭീഷണിയും മലയിടിച്ചിലിന് സാധ്യതയുള്ളതിനാലും ജില്ലയിൽ ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൈത്തിരി, മാനന്തവാടി താലൂക്കുകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

  ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞതോടെ ചേന്ദമംഗലൂർ, പുൽപ്പറമ്പ് , കുളിമാട്, മാവൂർ പ്രദേശങ്ങൾ വെള്ളത്തിലായി. ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാം ഇന്ന് തുറന്നേക്കും. കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറിക്കൊണ്ടിരിക്കുന്നു.

  നിലമ്പൂർ നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങി. ചാലിയാറും പോഷക നദികളും നിറഞ്ഞൊഴുകുന്നു. നിലമ്പൂരിൽ ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. കരിമ്പുഴ കര കവിഞ്ഞതോടെ മുന്ദക്കടവ് കോളനിയിലേക്കുള്ള റോഡ് തകർന്നു.  കഴിഞ്ഞ ദിവസം കണ്ണൂരിന്റെ അതിർത്തിയിലുള്ള കർണാടക വനത്തിൽ ഉരുൾ പൊട്ടിയിരുന്നു. ബാരാപ്പോൾ പുഴയിലെ ജലനിരപ്പ് ഉയർന്നു. വട്ടിയാത്തോട്, വയത്തൂർ പാലങ്ങൾ വെള്ളത്തിലായി.

  പാലക്കാട് മണ്ണാർക്കാട് - അട്ടപ്പാടി മേഖലകളിലാണ് കൂടുതൽ നാശനഷ്ടം. അട്ടപ്പാടി ചുരത്തിൽ 33 കെ.വി. ടവർ വീണതിനെ തുടർന്ന് മുടങ്ങിയ വൈദ്യുതി വിതരണം മൂന്നു ദിവസമായിട്ടും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഭവാനി പുഴയിൽ ജലനിരപ്പ് ഉയർന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. അഗളി മൂച്ചിക്കടവിൽ ശിരുവാണിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രദേശവാസികൾ ഭാഗികമായി ഒറ്റപ്പെട്ടു. ക്ഷീര കർഷകർ കയറിൽക്കെട്ടിയാണ് പാൽ മറുകരയിലെത്തിച്ചത്.

  വയനാട്, തമിഴ്നാട്ടിലെ നീലഗിരി എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നീലഗിരിയിൽ പെയ്യുന്ന കനത്ത മഴയാണ് നിലമ്പൂരിലെ വെള്ളപ്പൊക്കത്തിന് കാരണം. ഇരുവഴിഞ്ഞിയുടെ ഉത്ഭവ കേന്ദ്രമായ വയനാട് വെള്ളരിമലയിൽ കനത്ത മഴ തുടരുന്നതോടെ കോഴിക്കോട്ടെ മലയോരമേഖലയിലും വെള്ളപ്പൊക്കം വ്യാപിക്കുന്നുണ്ട്.
  Published by:meera
  First published: