• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ജീവനക്കാരുടെ ശബള വിഷയം: ആന്റണി രാജു പറഞ്ഞത് സർക്കാരിൻ്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി

KSRTC ജീവനക്കാരുടെ ശബള വിഷയം: ആന്റണി രാജു പറഞ്ഞത് സർക്കാരിൻ്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി

തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്

KSRTC

KSRTC

  • Share this:
കൊച്ചി: KSRTCയിലെ ശമ്പള പ്രതിസന്ധിയില്‍ ഉടനൊന്നും പരിഹാരം ഉണ്ടാവില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. തന്റെ മുൻനിലപാട്  ഗതാഗതമന്ത്രി വീണ്ടും ആവർത്തിച്ച് വ്യക്തമാക്കുവാനും മറന്നില്ല. ഗതാഗത മന്ത്രിയെ പിന്തുണച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലും രംഗത്ത് വന്നു.

KSRTC ജീവനക്കാരുടെ ശമ്പള വിഷയത്തിൽ മന്ത്രി പറഞ്ഞത് സർക്കാരിൻ്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ആന്റണി രാജു വകുപ്പ് മന്ത്രി കൂടിയാണ്. അദ്ദേഹം പറഞ്ഞ കാര്യം ഗൗരവമായി ചർച്ച ചെയ്യണം. ടോൾ പ്ലാസയിൽ പോലും KSRTCക്ക് 30 കോടി ബാധ്യതയുണ്ട്. സഹകരണ സ്ഥാപനത്തിൽ നിന്നും 600 കോടി രൂപ വായ്പ എടുത്തത് തിരിച്ചടയ്ക്കണമെന്ന കത്ത് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അങ്ങനെ വലിയ സാമ്പത്തിക ബാധ്യതയിലാണ് KSRTC എങ്കിലും സർക്കാർ പരമാവധി സഹായം നൽകുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണിതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്ഥിരീകരിച്ചതോടെ ഇക്കാര്യം സർക്കാർ നിലപാടാണെന്ന് വ്യക്തമായി. തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

എല്ലാക്കാലവും KSRTC ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻറണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, KSRTCക്കുള്ള സർക്കാരിന്റെ സഹായം തുടരുമെന്നും അറിയിച്ചു.  മുഴുവൻ ചിലവും ഏറ്റെടുക്കാനാകില്ലെന്നും, എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി ആവ‍‍ര്‍ത്തിക്കുന്നു.

ധനമന്ത്രി കൂടി സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ KSRTCയിൽ ജീവനക്കാര‍ുടെ ശമ്പളം വരും മാസങ്ങളിലും കൃത്യമായി വിതരണം ചെയ്യുവാൻ കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഒരോ മാസവും 84 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് മാത്രം വേണ്ടിവരുന്നത്. ആകെ പ്രതിമാസം വരുമാനം 150 കോടിയോളമാണ്. ഇതിന്‍റെ 75 ശതമാനവും ഇന്ധനച്ചലവാണ്.

പ്രതിദിനം ഒരു കോടിയോളം ദീര്‍ഘകാല വായ്പ തിരിച്ചടവാണ്. സ്പെയര്‍ പാര്‍ട്സടക്കമുള്ള മറ്റു ചെലവുകള്‍ക്കായുള്ള പണം കൂടി കിഴിച്ചാല്‍ ശമ്പള വിതരണത്തിന് പണമില്ല. ബജറ്റില്‍ അനുവദിച്ച 1000 കോടിയില്‍ 800 കോടിയോളം പെന്‍ഷന് നീക്കി വയ്ക്കും. സര്‍ക്കാര്‍ സഹായമായി പ്രതിമാസം 30 കോടിയില്‍ കൂടുതല്‍ കിട്ടില്ല. ഇതാണ് ശമ്പള പ്രതിസന്ധിക്ക് കാരണം.

ഗതാഗതമന്ത്രിയുടെ നിലപാടിനെതിരെ CITU അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തീരുമാനമാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ CITUവും വെട്ടിലായിരിക്കുകയാണ്.

അതേസമയം, എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം കിട്ടണമെന്ന നിലപാടില്‍ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉറച്ച് നില്‍ക്കുകയാണ്. തിങ്കളാഴ്ച ഗതാഗതമന്ത്രി യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ 6 ന് പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും പ്രഖ്യപിച്ചിട്ടുണ്ട്. അതേസമയം, ഈ മാസം 28ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് തൊഴിലാളി സംഘടനകൾ പിൻവലിച്ചിട്ടുണ്ട്.
Published by:user_57
First published: