മംഗ്ലൂരു സിറ്റി നഴ്സിംഗ് കോളേജിലെ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിറ്റി നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റിനെതിരെയാണ് കദ്രി പോലീസ് കേസെടുത്തത്. ഹോസ്റ്റലിലെ 231 ലധികം വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളിൽ ഏറെയും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.
ഹോസറ്റലിലെ ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, ഫ്രിഡ്ജിലെ മാംസം, മറ്റ് ഭക്ഷണസാധനങ്ങൾ എന്നിവ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയക്കായി ശേഖരിച്ചു. നേരത്തെയും
കോളേജിൽ ഭക്ഷ്യ വിഷബാധയുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. തങ്ങളുമായി കോളേജ് അധികൃതർ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്നും മാതാപിതാക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Also Read- മംഗളൂരുവിൽ ഭക്ഷ്യവിഷബാധയേറ്റ് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ
മാംഗ്ലൂർ നഗരത്തിലെ അഞ്ച് ആശുപത്രികളിലായാണ് വിദ്യാർത്ഥികൾ ചികിത്സയിൽ കഴിയുന്നത്. കോളേജ് ഹോസ്റ്റൽ മെസ്സിൽ നിന്ന് ഞായറാഴ്ച്ച രാവിലെ ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഗ്രീൻ പീസ് കറിയും അപ്പവുമായിരുന്നു രാവിലെ കഴിച്ചത്. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉച്ചയോടെ സോയാബീന്‍ കറിയും ചോറും കഴിച്ചു. വൈകിട്ടായപ്പൊഴേക്കും പലർക്കും ഛര്‍ദിയും വയറിളക്കവും തുടങ്ങി.
തിങ്കളാഴ്ച്ച രാവിലെയായതോടെ പലരുടേയും നില കൂടുതൽ വഷളായി. പലരും കുഴഞ്ഞുവീഴുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.