നാം കഴിക്കുന്ന ഭക്ഷണം ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലാബ് റിപ്പോര്‍ട്ട്. കീടനാശിനി, കൃത്രിമ നിറം, ബാക്ടീരിയ മറ്റ് സൂക്ഷമ ജീവികളെല്ലാം ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ധാന്യങ്ങള്‍, പഴങ്ങള്‍, തൂടങ്ങി പാക്കറ്റിലാക്കി വില്‍ക്കുന്ന മിക്സചറിലും, കപ്പലണ്ടിയിലും വരെ വിഷാംശം കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വകുപ്പ് സ്വന്തം നിലയില്‍ ശേഖരിക്കുന്ന സാമ്പിളിന്റെ പരിശോധന ഫലമാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. ശരീരത്തിന് ഹാനീകരമാകുന്ന കൃത്രിമ നിറമായ ടാര്‍ട്രാസിന്‍ ഇല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ കുറവാണ്.
പഴംപൊരി, ഇന്‍സ്റ്റന്റ് പ്രീമിക്സ് ചായ, ശര്‍ക്കര, മിക്സ്ചര്‍, ബനാന ചിപ്പസ്, തുടങ്ങിയവയില്‍ അനുവദനീയമായതിന്റെ പതിൻ മടങ്ങാണ് ടാര്‍ട്രാസിന്റെ അളവ്. ഷവര്‍മ, ചിക്കന്‍ ഫ്രൈ, കുഴിമന്തി, ചിക്കന്‍ മന്തി, വറുത്ത കപ്പലണ്ടി, ടൂട്ടി ഫ്രൂട്ടി എന്നിവയില്‍ സിന്തറ്റിക് കളറായ സണ്‍സെറ്റ് യെല്ലോ, പുഡിങ് കേക്കിലും ലഡുവിലും സോര്‍ബേറ്റ് കളര്‍, ടൊമാറ്റോ മുറുക്കില്‍ സിന്തറ്റിക് കളറായ കാര്‍മോയിസിന്‍, ഇങ്ങനെ നീളുന്നു ക്രിത്രിമ നിറത്തിന്റെ ഉപയോഗം. ഇവയെല്ലാം 100 മുതല്‍ 1000 ശതമാനം വരെ കൂടുതലാണ്.
അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി സാനിധ്യം മിക്ക മുളകുപൊടി സാമ്പിളിലും കണ്ടെത്തി. സപ്ലൈകോ മാര്‍ക്കറ്റില്‍ നിന്നു ശേഖരിച്ച മുളകുപൊടിയില്‍ കീടനാശിനിയുടെ അളവ് 1700% അധികമായിരുന്നു. കോണ്‍ ഫ്ലവര്‍, ഇടിയപ്പം പൊടി എന്നിവയില്‍ ക്ലോറോപൈറിഫോസ് ഈഥൈല്‍ എന്ന കീടനാശിനി, ചിക്കന്‍ ബര്‍ഗറില്‍ സാല്‍മൊണല്ല ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം, ബദാംഫ്ലേവറുള്ള ബ്രാന്‍ഡഡ് പാലില്‍ ബെന്‍സോയേറ്റ് എന്ന അനുവദനീയമല്ലാത്ത പ്രിസര്‍വേറ്റീവ്, സംഭാരത്തില് യീസ്റ്റ് മോള്‍ഡ് 740% അധികമാണ്. കൂടാതെ പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ ജീവികളുടെ കാഷ്ഠം, കീടനാശിനികള്‍, കളനാശിനികള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.