ജപ്തി തൽക്കാലം ഒഴിവാക്കും: 2.10 ലക്ഷം രൂപ അടയ്ക്കണമെന്ന് എസ് ബി ഐ
ജപ്തി തൽക്കാലം ഒഴിവാക്കും: 2.10 ലക്ഷം രൂപ അടയ്ക്കണമെന്ന് എസ് ബി ഐ
ജപ്തിക്കിരയായ കുടുംബത്തിന് അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വീട് സിപിഎം ഇടപെട്ട് തുറന്നു കൊടുക്കുമെന്ന് ഡി കെ മുരളി എംഎൽഎ
Last Updated :
Share this:
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ പെൺകുട്ടി അടക്കമുള്ള കുടുംബത്തെ ജപ്തി നടപടിയുടെ പേരിൽ വീട്ടിൽ നിന്നിറക്കിവിട്ട സംഭവത്തിൽ ജപ്തി നടപടികൾ തൽക്കാലത്തേക്ക് ഒഴിവാക്കുമെന്ന് എസ്ബിഐ. ന്യൂസ് 18 വാർത്തയെ തുടർന്നാണ് നടപടി. വാമനപുരം എംഎൽഎ ഡി കെ മുരളിയും ബാങ്ക് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്. ജപ്തി തൽക്കാലത്തേക്ക് ഒഴിവാക്കുമെങ്കിലും 2.10 ലക്ഷം രൂപ അടയ്ക്കണമെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ.
ജപ്തിക്കിരയായ കുടുംബത്തിന് അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വീട് സിപിഎം ഇടപെട്ട് തുറന്നു കൊടുക്കുമെന്ന് ഡി കെ മുരളി പ്രതികരിച്ചു. ഇന്നലെ രാത്രി 10. 30ഓടെയാണ് പെണ്‍കുട്ടി അടക്കമുള്ള കുടുംബത്തെ വഴിയാധാരമാക്കിയ വാർത്ത ന്യൂസ് 18 പുറത്തു വിട്ടത്. ഇന്നലെ രാത്രി മുഴുവൻ വീടിന്റെ തിണ്ണയിലായിരുന്നു കുടുംബം ചെലവഴിച്ചത്.
ജപ്തി നടപടിയുടെ പേരില്‍ നിര്‍ധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കിയ നടപടി ന്യൂസ് 18 വാർത്തയാക്കിയതോടെ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 11 വയസ്സായ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. മാറി ഉടുക്കാന്‍ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാര് വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.
ആകെയുള്ള മൂന്ന് സെന്റില്‍ വീടു വയ്ക്കാനായി 2015ലാണ് കുടുംബം എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് 2.75 ലക്ഷം രൂപ വായ്പയെടുത്തത്. കയ്യില്‍ കിട്ടിയതാകട്ടെ 2.25 ലക്ഷം രൂപ. ആദ്യ മാസങ്ങളില്‍ കൃത്യമായി തവണയടച്ചു. തുണിമില്‍ തൊഴിലാളിയായ ബാലുവിന്റെ ജോലി മുടങ്ങിയതോടെ തവണ മുടങ്ങി.
ഇന്നലെ വൈകിട്ടോടെ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുകയായിരുന്നു. സ്കൂള്‍ വിട്ടെത്തിയ വേണിയ്ക്ക് യൂണിഫോം പോലും മാറാന്‍ കഴിഞ്ഞില്ല. ന്യൂസ് 18 വാർത്ത വന്നതോടെ സോഷ്യൽമീഡിയിൽ അടക്കം ബാങ്കിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.