• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാൾ ഗുണഫലമുണ്ടായി; അടുത്ത മാസം മൂവായിരം തൊഴിലവസരങ്ങൾ ഒരുങ്ങും: മുഖ്യമന്ത്രി

വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാൾ ഗുണഫലമുണ്ടായി; അടുത്ത മാസം മൂവായിരം തൊഴിലവസരങ്ങൾ ഒരുങ്ങും: മുഖ്യമന്ത്രി

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെ കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകൾ നടന്നു

  • Share this:
വിദേശയാത്ര സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിനെക്കാൾ ഗുണഫലം യാത്ര കൊണ്ടുണ്ടായി. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെ കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകൾ നടന്നു. അടുത്തമാസം മൂവായിരം തൊഴിലവസരങ്ങൾ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വിദേശയാത്രയ്ക്കു ശേഷം തിരുവനന്തുപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.

ഫിൻലൻഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു. പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം സമ്മേളനത്തിൽ ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികളുടെ സഹായം അഭ്യർഥിച്ചു. വിദ്യാർത്ഥി കുടിയേറ്റം, അനധികൃത റിക്രൂട്ട്മെന്റ്, കേരള സഭകളുടെ പ്രവർത്തന ഏകോപനം, സ്കിൽ മാപ്പിംഗ് സാധ്യമാക്കുന്ന രീതിയിൽ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവ ചർച്ച ചെയ്തു.

സംസ്ഥാനത്തിന്റെ വികസനത്തിനെ മുൻനിർത്തിയാണ് യാത്ര നടത്തിയത്. ലക്ഷ്യമിട്ടതിൽ കൂടുതൽ ഗുണഫലങ്ങൾ ഉണ്ടായി. പഠന മേഖലയിലെ സഹകരണം, പുതിയ തൊഴിൽ കണ്ടെത്തൽ, പ്രവാസി ഇടപെടലുകൾ, മലയാളികളുമായുള്ള ആശയവിനിമയം, കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ തുടങ്ങി പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി.

നവംബറിൽ ഒരാഴ്ച്ച നീളുന്ന യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കും. എല്ലാ മേഖലയിലെയും പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാക്കും. മനുഷ്യക്കടത്തും തട്ടിപ്പും തടയാൻ 'ഓപ്പറേഷൻ ശുഭയാത്ര' സംഘടിപ്പിക്കും.

നോർവെയുമായി കൈകോർത്ത് കേരളത്തിന്റെ മത്സ്യമേഖലയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിസ്ഥിതി മേഖലയിലും നോർവെയുമായി സഹകരിക്കും. നോർവേയിലെ തുരങ്കനിർമാണ രീതി വയനാട്ടിലും മാതൃകയാക്കാം. നോർവീജിയൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്തും.

ഗവേഷകവിദ്യാർഥികൾക്ക് ശമ്പളം നൽകുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ കൈമാറ്റത്തിനായി ഫിൻലൻഡ് സംഘം കേരളം സന്ദർശിക്കും. ഭാവികേരളത്തെ കെട്ടിപ്പടുക്കാനുള്ള പദ്ധതികളുമായി നടത്തിയ യാത്രയായിരുന്നു ഈ വിദേശയാത്രയെന്നും കേരളത്തെക്കുറിച്ച് മറ്റ് രാജ്യങ്ങൾക്കുള്ള ധാരണ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Published by:Naseeba TC
First published: