• HOME
 • »
 • NEWS
 • »
 • kerala
 • »
 • പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം; ശബരിമല തീര്‍ഥാടക പാതയിൽ അതീവസുരക്ഷ ഒരുക്കി വനം - പൊലീസ് വകുപ്പുകൾ

പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം; ശബരിമല തീര്‍ഥാടക പാതയിൽ അതീവസുരക്ഷ ഒരുക്കി വനം - പൊലീസ് വകുപ്പുകൾ

വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്നതിനും അതനുസരിച്ച് മുന്‍കരുതൽ എടുക്കുന്നതിനും 24 മണിക്കൂര്‍ ക്യാമറാ നിരീക്ഷണത്തിലൂടെ കഴിയുന്നതായും പൊലീസ് സ്പെഷല്‍ ഓഫീസര്‍ പറഞ്ഞു.

sabarimala cctv

sabarimala cctv

 • News18
 • Last Updated :
 • Share this:
  ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തര്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയെത്തുന്നത് ഒട്ടനവധി സിസിടിവി ക്യാമറകള്‍ ഒരുക്കുന്ന അതീവ സുരക്ഷാ നിരീക്ഷണത്തില്‍. തിരക്ക് കുറഞ്ഞ കാനന പാതയിലെ വന്യജീവികളുടെ സാന്നിധ്യം മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുക്കും. ഇതിനായി ചാലക്കയം മുതല്‍ പമ്പ വരെയും തുടര്‍ന്ന് കാനന പാതയിലുമായി 76 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിരിക്കുന്നത്.

  ഇതിനുപുറമേ ദേവസ്വം ബോര്‍ഡും വനം വകുപ്പും സ്ഥാപിച്ച ക്യാമറകളുമുണ്ട്. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ പോയിന്റിലൂടെയും ഭക്തരെ കടത്തി വിടുന്നതിനുള്ള തീരുമാനം പൊലീസ് കൈക്കൊള്ളുന്നത്. തുടര്‍ന്ന് നടപ്പന്തലിലും സന്നിധാനത്തും എത്തുന്ന ഭക്തരെ ക്യാമറാ ദൃശ്യങ്ങള്‍ക്ക് പുറമേ പൊലീസ് നേരിട്ടും നിരീക്ഷണ വിധേയമാക്കും.

  ചാലക്കയം റോഡ്, ഹില്‍ടോപ്പ്, പമ്പ, പരമ്പരാഗത റോഡ്, ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി റോഡ്, സ്വാമി അയ്യപ്പന്‍ റോഡ്, സന്നിധാനം എന്നിവിടങ്ങളിലെ പോയിന്റുകള്‍ക്ക് കീഴില്‍ വിവിധ ഇടങ്ങളിലായാണ് 76 ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

  You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല [NEWS]

  പമ്പയില്‍ നിന്ന് ചന്ദ്രാനന്ദന്‍ പാതയിലൂടെ മരക്കൂട്ടത്തെത്തി സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് അയ്യപ്പന്‍മാരെ സന്നിധാനത്തേക്ക് കടത്തി വിടുന്നത്. കരിമല, അപ്പാച്ചിമേട് വഴിയുള്ള യാത്ര ഒരു കാരണവശാലും അനുവദിക്കില്ല. ഈ പാതയും ക്യാമറ നിരീക്ഷണത്തിലാണ്. ആവശ്യപ്പെടുന്ന തീർത്ഥാടകരെ പകല്‍ സമയത്ത് മാത്രം പൊലീസിന്റെ സാന്നിധ്യത്തില്‍ ശരംകുത്തി വഴി കടത്തി വിടുന്നുണ്ട്.

  തീർത്ഥാടകരുടെ എണ്ണം കുറവായതിനാല്‍ പകല്‍ സമയത്ത് പോലും പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തീർത്ഥാടകരുടെ യാത്രാസമയം ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ടര മുതല്‍ നിലയ്ക്കലില്‍ നിന്നും പുറപ്പെടുന്ന ഭക്തരെ നാല് മണി മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റി വിടും. ഇതിന് മുമ്പായി പൊലീസിന്റെയും വനം വകുപ്പിന്റെയും ട്രാക്ടര്‍ സന്നിധാനത്ത് നിന്നും പമ്പ വരെ ഓടിക്കും. പാതയോരത്ത് വന്യജീവികളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനും അവയെ നീക്കുന്നതിനുമാണിത്. സുരക്ഷയുടെ ഭാഗമായി എല്ലാ ദിവസത്തെയും ആദ്യ തീർത്ഥാടക സംഘത്തോടൊപ്പം വനപാതയില്‍ പൊലീസും അനുഗമിക്കുന്നുണ്ട്. രാത്രി 9.30 ഓടെ അവസാന തീർത്ഥാടകനെയും മലയിറക്കും. ഈ സമയവും ട്രാക്ടറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പമ്പ വരെ തീർത്ഥാടകരോടൊപ്പം ഉണ്ടാകും.

  സി സി ടി വി ദൃശ്യങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് സന്നിധാനത്ത് പ്രത്യേകം കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ഇതേ ദൃശ്യങ്ങള്‍ പമ്പയിലെ കണ്‍ട്രോള്‍ റൂമിലും സന്നിധാനം, പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ കാര്യാലയങ്ങളിലും നിരീക്ഷണ വിധേയമാക്കുന്നുണ്ട്. എല്ലാ ക്യാമറകളും കണ്‍ട്രോള്‍ റൂമിലിരുന്ന് തന്നെ 360 ഡിഗ്രിയില്‍ വീക്ഷിക്കുന്നതിനും സൂം ചെയ്ത് കാണുന്നതിനുമുള്ള സൗകര്യമുണ്ട്. നടപടി ആവശ്യമെങ്കില്‍ അപ്പപ്പോള്‍ തന്നെ പൊലീസ് വയര്‍ലസ് സംവീധാനത്തിലൂടെ അതത് സ്ഥലത്തെ പൊലീസ് ഓഫീസര്‍മാര്‍ക്ക് നിർദ്ദേശങ്ങള്‍ കൈമാറും. ഇതിന് പുറമേ ക്യാമറാ ദൃശ്യങ്ങള്‍ അറുപത് ദിവസം വരെ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്.

  സന്നിധാനത്തും പരിസരങ്ങളിലും തീർത്ഥാടകര്‍ കൂട്ടം കൂടുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷണത്തിലൂടെ അറിയാൻ കഴിയുന്നതായും പൊലീസ് സ്പെഷല്‍ ഓഫീസര്‍ പറഞ്ഞു. നിരീക്ഷണ ക്യാമറകള്‍ സജ്ജമാക്കിയതിലൂടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസിന് ജോലി സുഗമമായെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണി പറഞ്ഞു. ഇതിന് പുറമേ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്നതിനും അതനുസരിച്ച് മുന്‍കരുതൽ എടുക്കുന്നതിനും 24 മണിക്കൂര്‍ ക്യാമറാ നിരീക്ഷണത്തിലൂടെ കഴിയുന്നതായും പൊലീസ് സ്പെഷല്‍ ഓഫീസര്‍ പറഞ്ഞു.
  Published by:Joys Joy
  First published: