പാലക്കാട്: പാലക്കാട് ചെറാട് മലയില്‍ കയറിയതിന് ബാബുവിനെതിരെ കേസെടുത്തു വനം വകുപ്പ്. വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തു. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ഇനിയും ആളുകള്‍ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാബു മല ചവിട്ടിയത്. താഴേയ്ക്കിറങ്ങുന്നതിനിടയില്‍, കൊടുമുടിയില്‍ നിന്ന് 200 അടിയെങ്കിലും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സുഹൃത്തുക്കള്‍ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്.
ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ, ഇന്നലെ വീണ്ടും ഒരാള്‍ മല കയറിയിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളില്‍ നിന്നും മൊബൈല്‍ ഫ്ലാഷ് ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ ഈ മേഖലയിലേക്ക് പോകുകയും തെരച്ചില്‍ നടത്തുകയുമായിരുന്നു. കുറുമ്പാച്ചി മലയില്‍ കഴിഞ്ഞ ദിവസം ബാബു കയറിയ അതേ സ്ഥലത്താണ് വീണ്ടും ആളെ കണ്ടെത്തിയത്. രണ്ടോ അതിലധികമോ ആളുകളുണ്ടെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാളെ മാത്രമാണ് കണ്ടെത്താനായത്.
ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന് (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്. ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.