തിരുവനന്തപുരം: പ്രളയത്തില്‍ അടിഞ്ഞ് കൂടിയ പമ്പയിലെ മണല്‍ശേഖരം നീക്കംചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. മണല്‍ ശേഖരം പുറത്തേക്ക് കടത്തുന്നതിനെതിരെ വനംവകുപ്പ് രംഗത്ത്. വനനിയമങ്ങള്‍ ലംഘിച്ചുള്ള മണല്‍കടത്ത് അനുവദിക്കാനാവില്ലെന്നും അടിയന്തിരമായി പ്രവര്‍ത്തികള്‍ നിര്‍ത്തണമെന്നും കാണിച്ച് വനംവകുപ്പ് സെക്രട്ടറി ആശതോമസ് ഉത്തരവിറക്കി.
പമ്പയിലെ വനമേഖലയില്‍നിന്ന് മണല്‍വാരാന്‍ ആരേയും അനുവദിക്കില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. പ്രളയത്തില്‍ അടിഞ്ഞ് കൂടിയ എക്കലും ചെളിയും നീക്കം ചെയ്യുന്നതില്‍ വനംവകുപ്പിന് എതിര്‍പ്പില്ല. എന്നാല്‍ പുതിയതായി ഖനനം അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. സെക്രട്ടറിയുടെ ഉത്തരവിന് പിന്നാലെ പമ്പയിലെ മണല്‍ നീക്കം നിര്‍ത്തിവച്ചു. ടാറ്റാഗ്രൂപ്പ് ശേഖരിച്ച് ദേവസ്വംബോര്‍ഡിന് കൈമാറിയ മണല്‍ നീക്കം ചെയ്യാം. എന്നാല്‍ പുതിയതായി വനം മേഖലയില്‍ നിന്നും മണല്കടത്താനാവില്ല.
കരാറിന് പിന്നില്‍ മണല്‍കടത്തെന്ന് സംശയം
ക്ലേസ് ആന്റ് സെരാമിക്സ് എന്ന കമ്പനിക്കാണ് എക്കല്‍ ശേഖരം മാറ്റാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ മണല്‍ കടത്തെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എക്കല്ശേഖരം മാറ്റുന്ന കരാറിന്റെ മറവില്‍ പുതിയതായി മണല്‍ ഖനനം നടക്കാനുള്ള സാദ്ധ്യത വനംവകുപ്പ് മുന്നില്‍ കാണുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വനം സെക്രട്ടറിയുടെ ഉത്തരവ്.
ഹരിത ട്രിബ്യൂണല്‍ കേസെടുത്തു
പമ്പയില്‍ നിന്നും മണല്‍ശേഖരം കടത്താനുള്ള നീക്കത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ച് സ്വമേധയാ കേസെടുത്തു. വനമേഖലയില്‍ നിന്ന് മണല്‍ കടത്താന്‍ നീക്കമെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. മണല്‍ നീക്കം തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.