• HOME
  • »
  • NEWS
  • »
  • kerala
  • »
  • മരംമുറിക്കേസിൽ റവന്യു വകുപ്പിനെ പ്രതിക്കൂട്ടിലാക്കി വനംവകുപ്പ്; 'റവന്യു ഉദ്യോഗസ്ഥർ മരം മുറിക്ക് ഒത്താശ ചെയ്തു'

മരംമുറിക്കേസിൽ റവന്യു വകുപ്പിനെ പ്രതിക്കൂട്ടിലാക്കി വനംവകുപ്പ്; 'റവന്യു ഉദ്യോഗസ്ഥർ മരം മുറിക്ക് ഒത്താശ ചെയ്തു'

വില്ലേജ് ഓഫീസര്‍ മുതല്‍ തഹസില്‍ദാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ മരംകൊള്ളയ്ക്ക് കൂട്ടുനിന്നതിന്റെ നിർണായക വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

News18 Malayalam

News18 Malayalam

  • Share this:
കോഴിക്കോട്: വിവാദ ഉത്തരവിന്റെ മറവിൽ നടന്ന മരംമുറിയിൽ റവന്യു വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനംവകുപ്പ്. മരംമുറിക്കാൻ  റവന്യുവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാസിംങ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുളളത്.  

വില്ലേജ് ഓഫീസർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ അനധികൃത മരംമുറിക്ക് കൂട്ടുനിന്നെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. വനം വകുപ്പ് വിജിലൻസിന്റെ ചുമതലയുളള പ്രസിൻസിപ്പൽ ചീഫ് കൺസർവേറ്റർ വനം മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ്  റവന്യു വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. സംസ്ഥാനത്തുടനീളം നടന്ന മരം മുറിയിൽ വിശദ അന്വേഷണം നടത്തിയുള്ള റിപ്പോർട്ടിൽ റവന്യു വകുപ്പിനെ പ്രതികൂട്ടിൽ നിർത്തുന്നു.

മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റിന്റെ മറവിലാണ് മുട്ടിലിൽ മരംമുറിക്ക് കാരണം. അടിമാലി റെയ്ഞ്ചിൽ ദേവികുളം തഹസിൽദാറും, വെള്ളത്തൂവൽ, കൊന്നത്തടി വില്ലേജ് ഓഫീസർമാരും  നൽകിയ സർട്ടിഫിക്കറ്റ് അനുസരിച്ചാണ് റെയ്ഞ്ച് ഓഫീസർ മരംമുറിക്ക് അനുമതി നൽകിയത്.  അതുകൊണ്ട് തന്നെ റവന്യൂ അധികൃതർക്കും ഉത്തരവാദിത്തമുണ്ട്. കോതമംഗലം റെയ്ഞ്ചിൽ മരം മുറിക്ക് വഴിയൊരുക്കിയത് വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റിലെ അവ്യക്തത മുതലെടുത്തെന്ന് വനം മേധാവിയുടെ റിപ്പോർട്ട് പറയുന്നു. ഇങ്ങനെ ഓരോ റെയ്ഞ്ചിലും നടന്ന മരംമുറിയെ കുറിച്ച് റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു.

Also Read- ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി; സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസ്

സംസ്ഥാനത്തുടനീളം  നടന്ന അനധികൃത മരംമുറിയ്ക്ക് റവന്യുവകുപ്പിന്റെ ഒത്താശയുണ്ടായിരുന്നെന്നാണ്   വനംവകുപ്പ് വിജിലന്‍സ് വിഭാഗം  മേധാവി ഗംഗാസിംങ് സര്‍ക്കാറിന് നൽകിയ  റിപ്പോര്‍ട്ടിലെ  രത്നചുരുക്കം. വില്ലേജ് ഓഫീസര്‍ മുതല്‍ തഹസില്‍ദാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ മരംകൊള്ളയ്ക്ക് കൂട്ടുനിന്നതിന്റെ നിർണായക വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

അനധികൃത മരംമുറിയില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് റവന്യുവകുപ്പ് ആവര്‍ത്തിക്കുമ്പോഴാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയും പ്രതികൂട്ടിൽ നിർത്തിയുളള വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

Also Read- സംസ്ഥാനം വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ചത് 817 കോടി രൂപ

മുട്ടില്‍ ഈട്ടിക്കൊള്ളയില്‍ അഗസ്റ്റിന്‍ സഹോദങ്ങളുടെ പങ്ക് പുറത്തുകൊണ്ടുവന്ന അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ നടപടിയുണ്ടായില്ല.
മുട്ടില്‍ ഈട്ടിക്കൊള്ള അട്ടിമറിക്കാന്‍ മണിക്കുന്ന് മലയിലെ ജന്മം പട്ടയഭൂമിയിലെ മരംമുറിയില്‍ മേപ്പാടി റെയ്ഞ്ച് ഓഫീസറെ കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയെന്ന പരാതിയില്‍ സാജനെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു.

സാജനെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന ഫയലാണ് കഴിഞ്ഞ മാസം 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് മടക്കിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രം ഗൗരവം അന്വേഷണ റിപ്പോര്‍ട്ടിനില്ലന്ന് കാണിച്ചാണ് ഫയല്‍ വനംമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചയച്ചതെന്നാണ് വിവരം.

ഉത്തരമേഖലാ സിസിഎഫ് ഡി കെ വിനോദ് കുമാര്‍, അഡി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ എന്നിവരുടെയെല്ലാം റിപ്പോര്‍ട്ടില്‍ മുട്ടില്‍ മരംമുറിക്കേസില്‍  സാജന്റെ ഇടപെടല്‍ വ്യക്തമാക്കിയിരുന്നു. സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലൈ  12ന്  വനംമന്ത്രിയ്ക്ക് വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് നല്‍കി. ചീഫ് സെക്രട്ടറി ശരിവച്ച ഫയല്‍ ജൂലൈ 20നാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഇതാണ് ഒരാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം സ്വദേശിയായ സാജന്‍ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണ്. സാജൻ്റെ ഉന്നതതല സ്വാധീനമാണ് നടപടി തടയാൻ കാരണമെന്നാണ് ആക്ഷേപം.
Published by:Rajesh V
First published: