വന്യജീവി ആക്രമണം തടയുന്നതിൽ വനം മന്ത്രി പരാജയപ്പെട്ടു എന്ന് ആരോപിച്ച് കർഷക യൂണിയൻ (എം) വനം വകുപ്പ് ആസ്ഥാനത്തിനു മുന്നിൽ സമരം സംഘടിപ്പിച്ചു. പോത്തിനെയും പശുവിനെയും കൂട്ടിയായിരുന്നു സമരം. വന്യജീവി ആക്രമണം തടയുന്നതിൽ വനം വകുപ്പ് ശുദ്ധ പരാജയമാണെന്നും വനം മന്ത്രി പൂച്ചക്കൂട്ടിയെ കാണുന്ന ലാഘവത്തിൽ വന്യമൃഗങ്ങളെ കാണരുതെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എ എച്ച് ഹാഫിസ് പറഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ പോഷക സംഘടനയാണ് കർഷക യൂണിയൻ.
അതേസമയം, അരിക്കൊമ്പൻ കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തി. നടരാജ കല്യാണമണ്ഡപത്തിന് പുറകിൽ വരെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ ബഹളം വയ്ക്കുമ്പോൾ അരിക്കൊമ്പൻ റോഡിലൂടെ ഓടുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A K Saseendran, Kerala congress m