പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി ബി അഖിലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് മേഖലയിൽ വനം വകുപ്പിന്റെ ജണ്ട നിർമ്മാണം ഏറ്റെടുത്ത കരാറുകാരനോട് ബില്ല് ഒപ്പിടാൻ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.
കരാറുകാരനായ കോഴിക്കോട് കുറ്റ്യാടി സ്വദേശി ജോസഫിൽ നിന്നും അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ്, ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി ബി അഖിലിനെ പാലക്കാട് വിജിലൻസ് ഡി വൈ എസ് പി ഷംസുദ്ദീനും സംഘവും അറസ്റ്റ് ചെയ്യുന്നത്.
ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിൽ ജണ്ട കെട്ടിയതിന് 28 ലക്ഷം രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാൻ ഉണ്ടായിരുന്നു. ഈ ബില്ല് പാസാക്കുന്നതിന് റെയ്ഞ്ച് ഓഫീസർ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ പരാതിപ്പെടുന്നു. ഇതിന് തയ്യാറാവാതെ വന്നതോടെ ഒന്നേകാൽ ലക്ഷം രൂപയെങ്കിലും നൽകണമെന്നും അല്ലാതെ ബില്ലിൽ ഒപ്പിട്ടില്ലെന്നും റെയ്ഞ്ച് ഓഫീസർ വ്യക്തമാക്കി. ഇതോടെയാണ് കരാറുകാരനായ ജോസഫ് പാലക്കാട് വിജിലൻസ് ഡി വൈ എസ് പിക്ക് പരാതി നൽകിയത്.
ബിജെപി സെറ്റ് ചെയ്യുന്ന അജണ്ട നടപ്പാക്കാൻ സംസ്ഥാനസർക്കാർ നിർബന്ധിതരാകുന്നുവെന്ന് വി മുരളീധരൻ
തുടർന്ന് വിജിലൻസ്, റെയ്ഞ്ച് ഓഫീസറെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് അൻപതിനായിരം രൂപ കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ അറസ്റ്റു ചെയ്തു. ഇയാൾക്ക് എതിരെ മുൻപും വിജിലൻസ് കേസ് എടുത്തിട്ടുണ്ട്. അഖിലിന് എതിരെ മറ്റൊരു കരാറുകാരനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി നൽകിയിട്ടുണ്ട്. ഇയാൾക്ക് എതിരെ വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Forest department, Forest Dept