തിരുവനന്തപുരം: കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അമേരിക്കയും ബ്രിട്ടനും പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി. ഹര്‍ത്താല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. ജനക്കൂട്ടമുള്ള സ്ഥലങ്ങള്‍ കേരള യാത്രയില്‍ ഒഴിവാക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പൗരന്മാര്ക്ക് നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ ജനക്കൂട്ടമുള്ള സ്ഥലങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് ചെന്നൈയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയം ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല പ്രക്ഷോഭം കാരണം പൊതു ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകാന്‍ ഇടയുണ്ടെന്നും ജാഗ്രത പുലര്‍ത്തണം എന്നുമായിരുന്നു മുന്നറിയിപ്പ്.
പിന്നാലെയാണ് കേരളത്തിലുള്ള ബ്രിട്ടീഷ് പൗരന്മാര് വാര്‍ത്തകള്‍ ശ്രദ്ധിച്ച്് അതീവ കരുതലോടെയിരിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുന്നതിനാല്‍ അത്തരം സ്ഥലങ്ങള്‍ യാത്രയില്‍ ഒഴിവാക്കണം. സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികള്‍ മുന്‍കരുതല്‍ എടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
കേരളത്തിലെ അക്രമങ്ങള്‍ ലോക മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെ വിദേശ സഞ്ചാരികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം കൂടി വന്നതോടെ പ്രളയത്തില്‍ നിന്ന് കര കയറി തുടങ്ങിയ കേരളത്തിന്റെ വിനോദ സഞ്ചാര മേഖല വീണ്ടും ആശങ്കയിലായിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.