നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൈംഗിക അധിക്ഷേപ പരാതിയിൽ വനിതാ കമ്മീഷന് മൊഴിനൽകി ഹരിത മുൻ ഭാരവാഹികൾ  

  ലൈംഗിക അധിക്ഷേപ പരാതിയിൽ വനിതാ കമ്മീഷന് മൊഴിനൽകി ഹരിത മുൻ ഭാരവാഹികൾ  

  നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോപണവിധേയരായ എം. എസ്. എഫ് നേതാക്കള്‍ കമ്മീഷന് മുന്നില്‍ ഹാജരായില്ല.

  • Share this:
  കോഴിക്കോട്:എംഎസ്എഫ് നേതാക്കള്‍ക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ വനിതാ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കിയ നേതാക്കള്‍ പൊലീസ് നടപടികള്‍ക്ക് വേഗം പോരെന്നും വനിതാ കമ്മീഷനോട് പരാതിപ്പെട്ടു. വനിത കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം തള്ളിയ ഹരിത മുന്‍ ഭാരവാഹികള്‍ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയത് മുസ്ലീം ലീഗിന് നേതൃത്വത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

  മൊഴിയെടുക്കല്‍ അരമണിക്കൂറോളം തുടര്‍ന്നു.വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നടപടികള്‍ക്ക് വേഗം പോരെന്ന പരാതിയും പരാതിക്കാര്‍ കമ്മീഷന് മുന്നില്‍ ഉയര്‍ത്തി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന് നല്‍കിയതായി വനിതാ നേതാക്കള്‍ പറഞ്ഞു.

  ഇതാദ്യമായാണ് ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് മൊഴി നല്‍കുന്നത്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും വനിതാ നേതാക്കള്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല കമ്മീഷന് മുന്‍പി ഹാജരായി മൊഴിയും നല്‍കി. കഴിഞ്ഞ മാസം മലപ്പുറത്ത് നടന്ന സ്റ്റിങ്ങില്‍ ഹാജരായി മൊഴി നല്‍കുവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോഴിക്കോട് നടക്കുന്ന സ്റ്റിങില്‍ ഹാജരായി മൊഴി നല്‍കാമെന്നായിരുന്നു പരാതിക്കാര്‍ അറിയിച്ചിരുന്നത്. ഇതിനിടയില്‍ നടക്കുന്ന എം. എസ്. എഫ് സംസ്ഥാന കമ്മിറ്റിയിലും, മുസ്ലിം ലീഗ് നേതൃത്വ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു വനിത പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല ഹരിതയുടെ കമ്മിറ്റി പിരിച്ച് വിട്ട് ആരോപണ വിധേയരായ നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് വനിതാ പ്രവര്‍ത്തകര്‍ കമ്മീഷന് മുന്‍പില്‍ എത്തിയത്.

  അതേസമയം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോപണവിധേയരായ എം. എസ്. എഫ് നേതാക്കള്‍ കമ്മീഷന് മുന്നില്‍ ഹാജരായില്ല. എം. എസ്. എഫ് യോഗത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെ അറസ്റ്റ് ചെയ്ത് നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.
  Published by:Jayashankar AV
  First published: