• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു, ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു'; മുസ്ലിംലീഗ്, MSF നേതൃത്വത്തിനെതിരെ ഹരിത മുൻ നേതാക്കൾ

'സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു, ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു'; മുസ്ലിംലീഗ്, MSF നേതൃത്വത്തിനെതിരെ ഹരിത മുൻ നേതാക്കൾ

മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുമടക്കമുള്ള നേതാക്കളാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

ഹരിതയുടെ മുൻ നേതാക്കൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനം

ഹരിതയുടെ മുൻ നേതാക്കൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനം

 • Share this:
  കോഴിക്കോട്: മുസ്ലിം ലീഗ്, എം എസ് എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരിതയുടെ മുൻ നേതാക്കൾ. തങ്ങൾ ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായെന്നും രൂക്ഷമായ സൈബർ ആക്രമണമാണ് തങ്ങൾക്കെതിരെ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹരിത മുൻ നേതാക്കൾ ആരോപണം ഉന്നയിച്ചത്.

  മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുമടക്കമുള്ള നേതാക്കളാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. പ്രശ്നം ഉന്നയിച്ച് പാർട്ടിയിൽ ആർക്കൊക്കെ കത്ത് നൽകി, മറുപടികൾ എന്തെല്ലാമായിരുന്നു തുടങ്ങിയ തെളിവുകളുമായാണ് ഹരിത മുൻ നേതാക്കൾ വാർത്താ സമ്മേളനം നടത്തിയത്.

  ''ഒരു സൈബർ ക്രിമിനലാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്നാണ് സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി യോഗത്തിൽ എം എസ് എഫ് പ്രസിഡന്റ് പറഞ്ഞത്. ഹരിത നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വരെ ഇദ്ദേഹമാണ് നിർമിക്കുന്നത്, ഞങ്ങൾ അടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും വരെ അദ്ദേഹത്തിന്റെ കൈയ്യിലുണ്ട് എന്നെല്ലാം പറഞ്ഞു. ഇതെല്ലാം കേട്ട് ഞങ്ങൾക്ക് പ്രതികരിക്കാതിരിക്കാനായില്ല'' -നജ്മ തബ്ഷീറ പറഞ്ഞു.

  വായനയിലൂടെയും ഇടപെടലിലൂടെയും ഞങ്ങൾ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ള കാപിറ്റലിനെ റദ്ദ് ചെയ്തുകൊണ്ട് ആരോ പറയുന്ന വാക്കുകൾക്ക് ചാടിക്കളിക്കുന്ന കുരങ്ങൻമാരായി ഞങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

  ''ഞങ്ങൾ നേരിടുന്നത് രണ്ടോ മൂന്നോ ആളുകളുടെ പ്രശ്നമല്ല. ഇതിനകത്തെ പെൺകുട്ടികളുടെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്നതാണ് പ്രശ്നം. ഇതേ ആദർശത്തിൽ തന്നെ മുന്നോട്ട് പോകണമെന്നുണ്ട്. വിശാല അർത്ഥത്തിൽ ജനാധിപത്യം ഉൾകൊള്ളുന്ന പെൺകുട്ടികളുടെ കൂട്ടായ്മയായി മുന്നോട്ടുപോകണമെന്നുണ്ട് ''-ഹരിത മുൻ നേതാക്കൾ പറഞ്ഞു.

  മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞ രീതിയില്‍ ഞങ്ങള്‍ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ല. ഞങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ടായപ്പോഴാണ് അഞ്ചു പേജുള്ള പരാതി നല്‍കിയത്. പക്ഷെ അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതിരുന്നതില്‍ വലിയ വിഷമമുണ്ടെന്ന് ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു.

  ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സഹിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കടന്ന് വന്നത്. പല തലത്തിലും നേതാക്കളുമായി അനൗദ്യോഗികമായും ഔദ്യോഗികമായും ചര്‍ച്ച നടത്തിയതാണ്. സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു. പക്ഷെ നീതി ലഭിച്ചില്ലെന്നും നജ്മ പറഞ്ഞു. പാര്‍ട്ടി മാറുന്നൂവെന്നൊക്കെ പറയുന്നത് ശരിയല്ല. ലീഗില്‍ ഉറച്ച് നിന്നു കൊണ്ട് തന്നെ പോരാടും. ആവശ്യമെങ്കില്‍ പെണ്‍കുട്ടികളുടെ പുതിയ പ്ലാറ്റ്‌ഫോമിനെ പറ്റി ചിന്തിക്കും. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പി എം എ സലാം മറുപടി പറയേണ്ടി വരുമെന്നും നജ്മ പറഞ്ഞു.

  നവാസിനെ സംരക്ഷിക്കാന്‍ ഞങ്ങളെ ബലിയാടാക്കി. വ്യക്തികള്‍ക്കെതിരേ പറഞ്ഞ പരാതി അങ്ങനെ തീര്‍ക്കാമായിരുന്നു. പക്ഷെ അത് പാര്‍ട്ടി എന്ന രീതിയില്‍ കാണാനാണ് പലരും ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.
  Published by:Rajesh V
  First published: