പാലാ മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണിയും മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റുമാ യിരുന്ന കൊച്ചു മഠത്തിൽ കെ. ഭാസ്ക്കരൻ കർത്താ നിര്യാതനായി. 102 വയസായിരുന്നു.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 7 ന് മീനച്ചില്‍ കുടുംബവീട്ടില്‍ നടക്കും.
1921 സെപ്റ്റംബർ 12ന് പരമേശ്വരൻ പോറ്റിയുടെയും സാവിത്രി തമ്പാട്ടിയുടെയും മകനായാണു ജനനം. 1960 മുതല്‍ 76 വരെ മുത്തോലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.മീനച്ചില്‍ എയ്ഡഡ് എല്‍.പി സ്കൂള്‍, പാലാ സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പാലാ കത്തീഡ്രല്‍ പള്ളിയിലെ കൊടിമരത്തിനുള്ള തേക്കിൻതടി ഭാസ്കരന് കര്‍ത്തായുടെ കുടുംബത്തില്‍ നിന്നാണ് പ്രദക്ഷിണമായി കൊണ്ടുപോയത്. തടിയുടെ ഒരറ്റത്തു താനും പിടിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. പാലായിലെ എല്ലാ രൂപതാധ്യക്ഷന്മാരുമായും നല്ല അടുപ്പമായിരുന്നു ഭാസ്കരന് കര്‍ത്താ പുലര്‍ത്തിയിരുന്നത്.
ഭാര്യ പരേതയായ ശാരദ കുഞ്ഞമ്മ(തലവടി ചെറുശ്ശേരി മഠം കുടുംബാംഗം).മക്കൾ : രാധാമണി (റിട്ടയേർഡ് മാനേജർ എസ് ബി ഐ).,ഇന്ദിര ,ഗീത (റിട്ടയേർഡ് പ്രൊഫസർ ഡി ബി കോളേജ് തലയോലപ്പറമ്പ്) ശ്രീദേവി (റിട്ടയേർഡ് ഉദ്യോഗസ്ഥ കെ പി ബി നിധി കൊച്ചി).മരുമക്കൾ :അഡ്വ ശങ്കര കൈമൾ(കെ എസ് ഇ ബി )രതീശൻ നായർ (റിട്ടയേർഡ് മാനേജർ ധനലക്ഷ്മി ബാങ്ക് എറണാകുളം) വേണു ഗോപാൽ (റിട്ടയേർഡ് പ്രൊഫസർ ഡി ബി കോളേജ് തലയോലപ്പറമ്പ്) ,ഗോവിന്ദൻകുട്ടി മേനോൻ.
ഇന്നത്തെ പാലാ ഉൾപ്പെടുന്ന ഭൂഭാഗത്തിന്റെ രാജാക്കന്മാരായിരുന്നു മീനച്ചിൽ കർത്താക്കൾ. രാജസ്ഥാനിലെ മേവാഡിൽ നിന്ന് മധുര വഴിയാണ് കേരളത്തിലേക്കുള്ള ഇവരുടെ വരവ്. ഇവർ ആദ്യമെത്തി താമസിച്ച സ്ഥലമാണു പിന്നീട് മേവടയായതെന്നും കരുതുന്നു. മധുരയിൽ നിന്നു പോരുമ്പോൾ ആരാധനാ മൂർത്തിയായി മധുരമീനാക്ഷിയെ ഒപ്പം കൂട്ടി. മീനച്ചിൽ എന്ന വാക്ക് മീനാക്ഷിയിൽ നിന്ന് ഉദ്ഭവിച്ചതെന്നാണ് ഐതിഹ്യം.
മേവടയിൽ എത്തിയ കർത്താക്കൾ പിന്നീട് മേവട കിഴക്കേടത്ത്, ഞാവക്കാട്ട് കൊച്ചുമഠം, കുമ്പാനി മഠം എന്നിങ്ങനെ മൂന്നായി പിരിഞ്ഞ് താമസമായി. ഞാവക്കാട് കൊച്ചുമഠമായിരുന്നു ഭരണ സിരാകേന്ദ്രം. ദാമോദര സിംഹർ എന്നായിരുന്നു പുരുഷന്മാർക്കുള്ള സ്ഥാനപ്പേര്. സ്ത്രീകളുടെ പേരിനു മുന്നിൽ ശ്രീദേവി എന്നും. എതിരൻ കതിരവനായിരുന്നു ഈ രാജവംശത്തിലെ അവസാന രാജാവ്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.