തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By Election) സിപിഎമ്മിനായി പ്രചരണത്തിനിറങ്ങുന്ന കെ വി തോമസിനെതിരെ (KV Thomas) മുൻ പേഴ്സണൽ അസിസ്റ്റന്റ് ടി ബി ജഗദീഷ് കുമാർ. കോൺഗ്രസ് വിട്ട് സിപിഎം പാളയത്തിൽ പോകുമ്പോൾ ഇത്രയും കാലം മാനനസികമായും രാഷ്ട്രീയമായും ദ്രോഹിച്ചവരുടെ കൂടാരത്തിലേക്കാണ് പോകുന്നതെന്ന് ഓർക്കണമെന്നും ജഗദീഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മനസ്സ് വിങ്ങുന്ന വേദനയോടെയാണ് കുറിപ്പ് എഴുതുന്നതെന്നു പറഞ്ഞ ജഗദീഷ്, ജീവനുതുല്യം സ്നേഹിച്ച പ്രസ്ഥാനത്തോട് എങ്ങനെ വിട പറയാൻ സാധിക്കുന്നുവെന്നും ചോദിക്കുന്നു.
‘അങ്ങയെപ്പോലെ ക്ഷമയും പൊറുക്കാൻ മനസ്സുമുള്ള മറ്റൊരാളെ ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടില്ല. അതു കൊണ്ടാവാം മൽസരിച്ച എട്ടു തിരഞ്ഞെടുപ്പുകളിലും എതിരിട്ട അവരുമായി ഈ ജീവിത സായാഹ്നത്തിൽ സന്ധി ചെയ്യാൻ കഴിയുന്നത്. അരനൂറ്റാണ്ട് കാലം ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ പ്രസ്ഥാനത്തിൽനിന്നു വിട പറയാൻ എങ്ങനെ കഴിയുന്നു ? അത്രയും പാരമ്പര്യവും പകിട്ടും പിൻബലവുമില്ലാത്ത എനിക്കത് ചിന്തിക്കാൻ പോലുമാവുന്നില്ല. ’ജഗദീഷ് ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപംപ്രിയ തോമസ് മാഷേ,
മനസ്സു വിങ്ങുന്ന വേദനയോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്. ഇത്തരമൊരു സാഹചര്യം വേറൊരാൾക്കും ഉണ്ടാവരുതെന്ന പ്രാർത്ഥനയോടെ....
ഇരുപതു വർഷത്തിലേറെ, അങ്ങയുടെ പേഴ്‌സണൽ അസിസ്‌ററന്റായി, നിഴലായി, അതിലുപരി ഒരു കുടുംബാംഗമായി, സത്യസന്ധമായാണ് ഞാൻ ജോലി ചെയ്തത്. അങ്ങ് എം.പി യായിരുന്നപ്പോഴും കേന്ദ്ര മന്ത്രിയായിരുന്നപ്പോഴും സംസ്ഥാന മന്ത്രിയായിരുന്നപ്പോഴും ഞാൻ കൂടെ ഉണ്ടായിരുന്നുവല്ലോ. അങ്ങും കുടുംബവും നൽകിയ സ്നേഹവും വിശ്വാസവും എനിക്കെന്നും വിലമതിക്കാനാവാത്ത നിധിയാണ്. അതൊരിക്കലും ഞാൻ കളങ്കപ്പെടുത്തിയിട്ടില്ല. അതിനുള്ള അവസരം സൃഷ്ടിച്ചിട്ടുമില്ല.
വീക്ഷണം കൊച്ചി ലേഖകനായി ജോലി നോക്കുമ്പോൾ, 2001ൽ ആണല്ലോ ഞാൻ അങ്ങേയോടൊപ്പം ചേരുന്നത്. കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ വ്യത്യസ്ത വീക്ഷണം പുലർത്തിയിരുന്ന എന്നെ ഉൾകൊള്ളാനും കൂടെയിരുത്താനും കാണിച്ച ഹൃദയവിശാലതക്ക് മുന്നിൽ നമിക്കാതെ വയ്യ.
പല പ്രതിസന്ധികൾ ഉണ്ടായെങ്കിലും അങ്ങ് അതൊന്നും കാര്യമാക്കാതെ എന്നെ ചേർത്തുനിർത്തി. അക്കാലത്ത് പലരോടും അങ്ങ് തമാശയായി പറയാറുള്ളത് ഞാൻ ഓർക്കുന്നു: "ജഗദീഷ് എ ഗ്രൂപ്പാ, പി.ടി.യുടെ ആളാ" എന്നൊക്കെ. മാഷ് പറഞ്ഞത് നൂറു ശതമാനവും നേരു തന്നെയായിരുന്നു. അങ്ങേയുടെ ഒപ്പം ജോലി ചെയ്യുമ്പോഴും, ഞാൻ നേതാവായി കണ്ടതും ആരാധിച്ചതും പി.ടി. തോമസിനെയായിരുന്നു.
അദ്ദേഹത്തിന് കീഴിൽ കെ.എസ്.യു പ്രവർത്തകനായിരുന്നു. ഭാരവാഹിയായിരുന്നു. കെ.എസ്.പി. നേതാവായിരുന്ന മത്തായി മാഞ്ഞൂരാന്റെ ശിഷ്യൻമാർക്ക് മത്തായി എന്നും ആരാധനയും അഭിമാനവുമായിരുന്നുവല്ലോ. അതു പോലെയായിരുന്നു പി.ടി യും. എനിക്ക് മാത്രമല്ല, ഞാനുൾപ്പെട്ട അന്നത്തെ കെ.എസ്.യു.ക്കാർക്ക്.
അങ്ങ് ഇപ്പോൾ കോൺഗ്രസ് വിട്ട് സി.പി.എം പാളയത്തിൽ എത്തിയിരിക്കുകയാണല്ലോ. അങ്ങക്ക് യാത്രാഭിവാദ്യം നേരാൻ എനിക്കാവില്ല, അത്ര കണ്ട് അങ്ങയെ മാനസികമായും രാഷ്ട്രീയമായും ദ്രോഹിച്ച വരുടെ കൂടാരത്തിലേക്കാണ് പോകുന്നത്. അങ്ങയെ ഫ്രഞ്ച് ചാരൻ എന്നും തിരുത തോമയെന്നും വിളിച്ച് സി.പി.എമ്മുകാർ കൊച്ചി നഗരത്തിലൂടെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ കാഴ്‌ചകൾ മനസ്സിൽ നിന്ന് മായുന്നില്ല. ഫ്രഞ്ച് ചാരക്കേസിൽ അങ്ങ് 35 കോടി രൂപ കോഴ കൈപ്പറ്റിയെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചത് സി പി എമ്മിന്റെ സമുന്നത നേതാവ് തന്നെയായിരുന്നു എന്ന കാര്യം മറക്കാനാവുന്നില്ല.
Also Read-
Thrikkakara By-Election| 'കോണ്‍ഗ്രസ് തൃക്കാക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കുമോ?': എം വി ജയരാജൻഅങ്ങയെപ്പോലെ ക്ഷമയും പൊറുക്കാൻ മനസുമുള്ള മറ്റൊരാളെ ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടില്ല. അതു കൊണ്ടാവാം മൽസരിച്ച എട്ടു തിരഞ്ഞെടുപ്പുകളിലും എതിരിട്ട അവരുമായി ഈ ജീവിത സായാഹ്നത്തിൽ സന്ധി ചെയ്യാൻ കഴിയുന്നത്. അരനൂറ്റാണ്ട് കാലം ജീവന് തുല്യം സ്നേഹിച്ച് വളർത്തിയ പ്രസ്ഥാനത്തിൽ നിന്ന് വിട പറയാൻ എങ്ങനെ കഴിയുന്നു ? അത്രയും പാരമ്പര്യവും പകിട്ടും പിൻബലവുമില്ലാത്ത എനിക്കത് ചിന്തിക്കാൻ പോലുമാവുന്നില്ല.
പുതിയ സഖാക്കൾ സ്ഥാനമാനങ്ങൾ പലതും തരും. പക്ഷെ, കോൺഗ്രസ് അങ്ങക്ക് നൽകിയതിലേറെ അവർക്ക് നൽകാനാവുമോ? അങ്ങയോടൊപ്പം ചേർന്നുനിന്നാൽ എനിക്കും ഒരു തൊഴിൽ കിട്ടുമായിരിക്കും. പിറന്ന് വീണത് ഈ പ്രസ്ഥാനത്തിലാണ്. പിച്ചവെച്ചു നടത്തിച്ച് വളർത്തി വലുതാക്കിയവരെ ഒറ്റശ്വാസത്തിൽ തള്ളാൻ എനിക്ക് പ്രയാസമുണ്ട്.
Also Read-
Kerala Governor| 'സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; സമസ്തക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻകോൺഗ്രസ് വിടാൻ അങ്ങ് പറഞ്ഞ കാരണം 'വികസനം’ ആണ്. ഗോശ്രീ പാലം നിർമ്മിക്കുന്നത് കെ.കരുണാകരനും മക്കളും തോമസ് മാഷും കുറെ സ്ഥലം അവിടെ വാങ്ങിക്കൂട്ടിയത്
മുതലാക്കാനാണ് എന്ന് പറഞ്ഞു നടന്നത് മാർൿസിററുകാരായിരുന്നു. നെടുമ്പാശ്ശേരിയിൽ കുറെ വയൽ മാഷിനുണ്ട് അത് ഏറ്റെടുപ്പിക്കാനാണ് വിമാനത്താവളം എന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ സി.പി.എം നേതാക്കൾ നടത്തിയ പത്രസമ്മേളനം ഞാൻ കേട്ടിട്ടുണ്ട്. കൊച്ചിയിലെ സമുന്നതനായ നേതാവ് നടത്തിയ ആ പത്രസമ്മേളനം മാഷ് മറവിക്ക് വിട്ടു കൊടുത്തോ ? അങ്ങനെ പലതും.
2019 ൽ സീറ്റ് നിഷേധിക്കപ്പെട്ടതാണോ മാഷ് പാർട്ടി വിടാനുള്ള കാരണം ?. 1984 ൽ സേവ്യർ അറക്കലിന് കോൺഗ്രസ്സ് സീറ്റ് നിഷേധിച്ചില്ലേ ? താമസിയാതെ അദ്ദേഹം കോൺഗ്രസ് വിട്ട് ഇടതുപക്ഷ പാളയത്തിലെത്തി,1996 ൽ അങ്ങയെ തോൽപ്പിച്ചില്ലേ ? അറക്കലിന്റെ വഴിയല്ല നമ്മുടേത്, അതല്ല നമ്മുടെ രീതി. കോൺഗ്രസ് സംസ്കാരവും ചിന്തയുമുള്ള അങ്ങക്ക് പുതിയ മേച്ചിൽപ്പുറം വീർപ്പുമുട്ടലുണ്ടാക്കും. തീർച്ച.
പിണറായി വിജയനെ അങ്ങ് വളരെയേറെ പുകഴ്‌ത്തുന്നതു കേട്ടു. പാർലമെന്റിൽ അങ്ങ് കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാനിയമം രാജ്യത്തെ പട്ടിണിയിലാക്കുമെന്ന് പറഞ്ഞത് പിണറായിയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റേഷൻ വിതരണം തടസ്സപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: സംസ്ഥാനത്ത് നിന്നുള്ള ഒരു കേന്ദ്ര മന്ത്രി വെച്ച പാരയാണ് കേരളീയർ അനുഭവിക്കുന്നത്.
അങ്ങ് കോൺഗ്രസ് വിട്ടതിൽ വേദനിക്കുന്നവർ ഒട്ടേറെയാണ്. അതിൽ ഒന്നാം സ്ഥാനത്ത് ഞാൻ തന്നെ. സ്ഥാനങ്ങളോ അംഗീകാരമോ അല്ല, നമ്മളെ എല്ലാം ഒന്നിച്ചു നിർത്തുന്ന സംസ്ക്കാരവും ഊർജമാണ് കോൺഗ്രസ്. കെ. കരുണാകരൻ ഡി. ഐ. സി ഉണ്ടാക്കി കോൺഗ്രസ്സിനെ വെല്ലുവിളിച്ചപ്പോഴും മാഷ് അണുവിടപോലും മാറിച്ചിന്തിച്ചില്ല. അദ്ദേഹം പിണറായിയുമായി അനൗദ്യോഗികമായി സീററു ചർച്ചകൾ വരെ നടത്തിയപ്പോഴും, കരുണാകരന്റെ കൈപിടിച്ച് രാഷ്ട്രീയത്തിൽ വളർന്ന അങ്ങ് ഉറച്ചു നിൽക്കുകയായിരുന്നു കോൺഗ്രസ്സിൽ.അന്ന് ഉയർത്തി പിടിച്ച ആ സംസ്കാരം കൈവിട്ടു പോയോ?
വിഴിഞ്ഞം തുറമുഖ വികസനം സംബന്ധിച്ച് ഗുജറാത്ത് വ്യവസായി അദാനിയുമായി സംസാരിച്ചപ്പോൾ സി.പി.എം നേതാക്കൾ അങ്ങയെ വിളിച്ചത് ദല്ലാൾ എന്നാണ്. കൊച്ചി മെട്രോ പേരിൽ അങ്ങയെ പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്തത് ആരായിരുന്നു. പച്ചാളം പാലത്തിന്റെ പേരിൽ അങ്ങയെ പഴിച്ച സി.പി.എം നേതാക്കൾ കഴിഞ്ഞ ദിവസം തൊട്ടടുത്തുണ്ടായിരുന്നുവല്ലോ.
2001മുതലുള്ള എല്ലാ തിരഞ്ഞെടുപ്പിന്റെയും അണിയറയിൽ ഞാനുണ്ടായിരുന്നു. എത്രയോ സ്ഥലങ്ങളിൽ അങ്ങയുടെ തിരഞ്ഞെടുപ്പ് പ്രചരണ യാത്രകൾ സി.പി.എമ്മുകാർ തടഞ്ഞിരിക്കുന്നു. കോൺഗ്രസുകാരൻ എന്നതിലുപരി സി.പി.എം നേതാക്കൾക്ക് അങ്ങയോട് വ്യക്തി വിരോധം തന്നെയുണ്ടായിരുന്നു. അതൊരു വസ്തുതയാണ്. ഇപ്പോൾ എല്ലാം അങ്ങ് സൌകര്യപൂർവം മറക്കുന്നു.
ശോഭനാ ജോർജ്ജ് ഉൾപ്പെട്ട വ്യാജരേഖക്കേസിൽ അങ്ങയെ പ്രതിക്കൂട്ടിലാക്കി കോടിയേരി ബാലകൃഷ്ണൻ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. അതേപ്പററി ഒന്നും അറിയാതിരുന്ന മാഷ് സഭയിലിരുന്ന് പരിഭ്രാന്തനായത് എന്റെ കൺ മുന്നിലുണ്ട്. അന്ന് മുഖ്യമന്ത്രി ആന്റണി കൂടെച്ചേർത്ത് നിർത്തിയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ആന്റ്ണിക്ക് അറിയാമായിരുന്നു അങ്ങ് നിരപരാധിയാണെന്ന്. പ്രമേയം അവതരിപ്പിച്ച കോടിയേരി ഫ്രഞ്ച് കേസ്സും, മഴനൃത്തവുമൊക്കെ അങ്ങയുടെ തലയിൽ വച്ചു കെട്ടി. അങ്ങയെ വ്യക്തിപരമായും ആക്രമിച്ചു. എന്നിട്ടും അങ്ങ് അങ്ങോട്ട് പോയി...
രാഷ്ട്രീയ പ്രവർത്തനം കേരളത്തിൽ ഇനിയും പൂർണ്ണമായും വാണിജ്യവൽക്കരിക്കപ്പെട്ടില്ലെന്ന് വിശ്വാസിക്കാൻ ആണ് എനിക്കാഗ്രഹം. അങ്ങനെയുള്ളവർ ഉണ്ടാവാം. ആ ഗണത്തിലല്ല നമ്മൾ കോൺഗ്രസ്സുകാർ.
അങ്ങയോടൊപ്പം ജോലിചെയ്ത കാലത്തെ ഒരുപിടി നല്ല ഓർമ്മകളുണ്ട്. രാഷ്ട്രീയാന്തപ്പുരങ്ങളിൽ പല കാഴ്ചകളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതെല്ലാം ഒരിക്കൽ ഈ മണ്ണിൽ അലിഞ്ഞ് ചേരും.
ഇത്തരമൊരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയതല്ല. എനിക്ക് പ്രസ്ഥാനത്തോടുള്ള കൂറും വിശ്വാസവും വെളിപ്പെടുത്തേണ്ട സാഹചര്യത്തിൽ ഇതേ വഴിയുള്ളു. സംശയത്തിന്റെ കണ്ണ് എനിക്കുനേരെ തിരിയരുതെന്ന് ആഗ്രഹമുണ്ട്. അതു കൊണ്ട് മാത്രം ഞാനിത് കുറിക്കുന്നു.
കോൺഗ്രസുകാരനായതു കൊണ്ടാണ് അങ്ങ് എന്നെ ഉൾക്കൊണ്ടത് എന്നെനിക്കറിയാം. കോൺഗ്രസുകാരനായി നിലകൊള്ളാൻ ഞാൻ ഇനിയും ആഗ്രഹിക്കുന്നു.
എന്തെങ്കിലും ഒരു സ്ഥാനം നേടാനോ ആരുടെയെങ്കിലും താൽപ്പര്യത്തിലോ അല്ല ഈ കുറിപ്പ്.
ഈ കുറിപ്പ് അങ്ങയേയോ കുടുംബത്തെയോ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു.
എന്റെ സാഹചര്യം അങ്ങയ്‌ക്കും മനസ്സിലാവുമല്ലോ.
സ്നേഹവും വ്യക്തി ബന്ധവും ഇനിയും നില നിൽക്കും
ആദരപൂർവം,
ടി.ബി.ജഗദീഷ് കുമാർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.