• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുൻ സീനിയർ മാനേജർ എം പി റിജിൽ അറസ്റ്റിൽ

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുൻ സീനിയർ മാനേജർ എം പി റിജിൽ അറസ്റ്റിൽ

ഇയാൾ തട്ടിയെടുത്ത 10 കോടി 7 ലക്ഷം രൂപ പിഎൻബി കോഴിക്കോട് കോർപറേഷന് കൈമാറി

  • Share this:

    കോഴിക്കോട‌്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സീനിയർ മാനേജർ എം പി റിജിൽ അറസ്റ്റിൽ. കോഴിക്കോട് മണാശ്ശേരിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റിജിലിനെ പിടികൂടിയത്. കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് റിജിൽ തട്ടിയെടുത്ത മുഴുവൻ തുകയും പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി.

    മുക്കം മണാശ്ലേരിക്കടുത്തുള്ള കുറ്റിയേരിമ്മലിലെ ബന്ധുവിട്ടില്‍ നിന്നാണ് റിജിലിനെ പിടികൂടിയത്. കഴിഞ്ഞ മാസം 29-ാം തിയതി മുതൽ ഇയാൾ ഒളിവിലായിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണസംഘം റിജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
    Also Read- പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : പ്രതി റിജിൽ 15 കോടി തട്ടിയത് സീനിയർ മാനേജറുടെ ഐഡി ഹാക്ക് ചെയ്തെന്ന് പോലീസ്

    അതേസമയം, റിജിൽ തട്ടിയെടുത്ത 10 കോടി 7 ലക്ഷം രൂപ പിഎൻബി കോഴിക്കോട് കോർപറേഷന് കൈമാറി. ഇന്നുചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. നഷ്ടപ്പെട്ട 2 കോടി 53 ലക്ഷം രൂപ കോർപ്പറേഷന് നേരത്തെ ബാങ്ക് തിരികെ നൽകിയിരുന്നു. നഷ്ടമായ 12 കോടി 60 ലക്ഷം രൂപയും ഇതോടെ കോർപ്പറേഷന് തിരികെ ലഭിച്ചു.

    സ്വകാര്യ വ്യക്തികളുടേത് ഉൾപ്പെടെ 17 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 21 കോടിയിലേറെ രൂപയാണ് റിജിൽ തിരിമറി നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ഇതേ ബാങ്കിലുള്ള പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയും പിന്നീട് ആക്സിസ് ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയുമാണ് റിജിൽ പണം തട്ടിയെടുത്തത്.

    തട്ടിപ്പിന് പിന്നിൽ റിജിൽ മാത്രമാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാൻ റിജിലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും.

    Published by:Naseeba TC
    First published: