HOME » NEWS » Kerala » FORMER STUDENT OF THE SCHOOL WHO LEFT WHILE STUDYING IN 10TH RETURNS BACK WITH 108 SMART PHONES AND GIFTS IT TO THE NEEDY STUDENTS NAV TV

പത്താംക്ലാസിൽ പഠിക്കുമ്പോൾ നാടുവിട്ട വിദ്യാർത്ഥി, വർഷങ്ങൾക്കുശേഷം സ്കൂളിലെത്തി; 108 മൊബൈൽ ഫോണുമായി

പഠനകാലത്ത് മൂന്നു തവണ നാടുവിട്ട ഹരിഹരൻ ഇപ്പോൾ മുംബൈയിൽ തെരുവിൽ നിന്നും കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന സംഘടനയുടെ നേതൃസ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ്.

News18 Malayalam | news18-malayalam
Updated: July 20, 2021, 7:14 AM IST
പത്താംക്ലാസിൽ പഠിക്കുമ്പോൾ നാടുവിട്ട വിദ്യാർത്ഥി, വർഷങ്ങൾക്കുശേഷം സ്കൂളിലെത്തി; 108 മൊബൈൽ ഫോണുമായി
ഹരിഹരൻ
  • Share this:
പാലക്കാട് പി എം ജി സ്ക്കൂളിലാണ് അപൂർവ്വമായ ഒരു ചടങ്ങ് നടന്നത്. മൂന്നര പതിറ്റാണ്ടു മുൻപ് ഈ സ്ക്കൂളിൽ പഠിച്ച കൽപ്പാത്തി സ്വദേശി എസ് ഹരിഹരനായിരുന്നു താരം. സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രതിസന്ധി നേരിട്ട വിദ്യാർത്ഥികൾക്ക് സ്മാർട് ഫോണുകൾ നൽകാനാണ് ഹരിഹരൻ എത്തിയത്. 108 ഫോണുകളാണ് ഹരിഹരൻ സ്ക്കൂളിലേക്ക് നൽകിയത്.

ഈ സ്ക്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ ബോംബെയിലേക്ക്  നാടുവിട്ട് പോയ ഹരിഹരൻ്റെ ജീവിതം സംഭവബഹുലമാണ്. ബോബെയിലും, പൂനയിലുമെല്ലാം കറങ്ങി നടന്ന ഹരിഹരൻ പിന്നീട് നാഷണൽ പെർമിറ്റ് ലോറിയിൽ കേരളത്തിേലേക്ക് മടങ്ങിയെത്തിയതോടെ കണ്ടെത്തി. പിന്നീട് പത്താം ക്ലാസ്  പരീക്ഷ   എഴുതി. വിക്ടോറിയ കോളേജിലായിരുന്നു കലാലയ ജീവിതം. എന്നാൽ ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോൾ വീണ്ടും നാടുവിട്ടു. തെരുവിൽ എല്ലാ ജോലിയും ചെയ്തു. ഒടുവിൽ മുംബൈയിൽ കോൾ സെൻ്റർ സേവനം തുടങ്ങുന്ന കമ്പനി തുടങ്ങി. അവിടെ നിന്നായിരുന്നു വളർച്ചയുടെ തുടക്കം. ഹരിഹരൻ്റെ ഉടമസ്ഥതയിലുള്ള  പേസ് സെറ്റേഴ്സ് എന്ന കമ്പനി ഇന്ന് ആയിരകണക്കിനാളുകൾക്ക് ജോലി നൽകുന്ന സ്ഥാപനമാണ്. രാജ്യത്തെ പല പ്രമുഖ കമ്പനികൾക്കും കോൾ സെൻ്റർ സേവനം നൽകുന്നത് ഹരിഹരൻ്റ കമ്പനിയാണ്. ഇന്ന് നൂറു കണക്കിന് കോടി രൂപയുടെ ആസ്തിയുള്ള വ്യവസായിയാണ് ഹരിഹരൻ.

നാടുവിടേണ്ടി വരുന്ന കുട്ടികളുടെ രക്ഷകൻ

കോടീശ്വരനായെങ്കിലും  സമ്പാദിച്ച് മാത്രം ജീവിക്കാനായിരുന്നില്ല ഹരിഹരൻ്റെ നിയോഗം. ഹരിഹരൻ്റെ ജീവിതത്തിലെ മറ്റൊരു ദൗത്യം പിറവി കൊണ്ടത് ഒരു കാർ യാത്രയിലാണ്. മുംബൈയിലെ തിരക്കുള്ള വീഥിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു ലെവൽ ക്രോസിംഗിൽ കാർ നിർത്തിയത്.  അപ്പോഴാണ് വിശന്നു വലഞ്ഞ ഒരു ബാലൻ കാറിലേക്ക് കൈ നീട്ടിയത്. കാറിലുണ്ടായിരുന്ന സാൻവിച്ച് ഹരിഹരൻ ആ ബാലന് നൽകി. പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ആ സാൻവിച്ച് കൂട്ടുകാരുമായി പങ്കിട്ട് കഴിക്കുകയായിരുന്നു ആ കുട്ടി. ഇതായിരുന്നു നിമിത്തം. അന്നെടുത്ത തീരുമാനമാണ് വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ പുനരധിവാസത്തിനായി എന്തെങ്കിലും ചെയ്യുകയെന്നത്.

മുംബൈയിൽ തെരുവിൽ നിന്നും കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ഒരു സ്ഥാപനം ഹരിഹരൻ ഏറ്റെടുത്തു. മഹാരാഷ്ട്ര മുഴുവൻ പ്രവർത്തനം വ്യാപിപ്പിച്ചു. ചിൽഡ്രൻസ് റീയൂണൈറ്റഡ് ( Children reunited) എന്ന സന്നദ്ധസംഘടന മുഖേന ആയിരക്കണക്കിന് കുട്ടികളെയാണ് ഹരിഹരൻ രക്ഷപ്പെടുത്തിയത്.

കുട്ടികളെ രക്ഷിതാക്കളുടെ അടുത്തെത്തിക്കൽ പ്രധാന ദൗത്യം

നാടുവിട്ടോടുന്ന കുട്ടികളെ കണ്ടെത്തി, അവരെ രക്ഷിതാക്കളുടെ അടുത്തെത്തിക്കുകയെന്നതാണ് ഹരിഹരൻ നേതൃത്വം കൊടുക്കുന്ന സന്നദ്ധ സംഘടനയുടെ പ്രധാന ദൗത്യം. അതിന് കഴിയാത്ത കുട്ടികൾക്ക് പുനരധിവാസം ഉറപ്പ് വരുത്തും. അവർക്ക് വിദ്യാഭ്യാസം ഉൾപ്പടെ ലഭ്യമാക്കിയാണ് പ്രവർത്തനം.

രക്ഷിതാക്കളുടെ സ്നേഹം ലഭിക്കുന്നുണ്ടെങ്കിൽ ഒരു കുട്ടിയും ഓടി പോവില്ലെന്ന് ഹരിഹരൻ പറയുന്നു. വീടുകളിൽ നേരിടുന്ന ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളുമാണ് പലപ്പോഴും കുട്ടികളെ സമ്മർദത്തിലാക്കുന്നത്. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും കുട്ടികളെ ഓടി പോവാൻ പ്രേരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ളതിൽ സാധാരണക്കാർ മുതൽ സമ്പന്നരുടെ കുട്ടികൾ വരെയുണ്ടെന്നും അദ്ദേഹം പറയുന്നു.

പത്താം ക്ലാസിന് ശേഷം പി എം ജി സ്ക്കൂളിൽ നിന്നും ഇറങ്ങിയ ഹരിഹരൻ പിന്നീട് സ്ക്കൂളിലെത്തുന്നത് ഇപ്പോഴാണ്. സ്ക്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രതിസന്ധി നേരിടുന്ന നിരവധി കുട്ടികളുണ്ടെന്നറിഞ്ഞപ്പോൾ ഒരു മടിയും കൂടാതെ സ്മാർട് ഫോണുകൾ നൽകാമെന്നറിയിക്കുകയായിരുന്നു. എം എൽ എ മാരായ ഷാഫി പറമ്പിൽ, കെ. പ്രേംകുമാർ തുടങ്ങിയവർ ഫോൺ വിതരണ ചടങ്ങിൽ പങ്കെടുത്തു. സ്ക്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വാങ്ങി നൽകാമെന്നും റസിഡൻഷ്യൽ സ്ക്കൂൾ ആക്കുന്നതിനുള്ള സഹായവും ഉറപ്പ് നൽകിയാണ് ഹരിഹരൻ മടങ്ങിയത്.
Published by: Naveen
First published: July 20, 2021, 7:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories