• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George| നാളെ ഹാജരാകാൻ പി സി ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്; തൃക്കാക്കരയിൽ ബിജെപി പ്രചാരണത്തിന് പോകാനിരിക്കെ

PC George| നാളെ ഹാജരാകാൻ പി സി ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്; തൃക്കാക്കരയിൽ ബിജെപി പ്രചാരണത്തിന് പോകാനിരിക്കെ

കൂടുതൽ അന്വേഷണം നടത്താനായി ഹാജരാകാനാണ് ഫോർട്ട് പൊലീസ് നിർദേശിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാകുമെന്നതിനാൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ പി സി ജോർജിന് കഴിയില്ല.

പി സി ജോർജ്

പി സി ജോർജ്

  • Share this:
    തിരുവനന്തപുരം: വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതനായ പി സി ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. ഞായറാഴ്ച രാവിലെ 11ന് ഫോർട്ട് അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകണമെന്നാണ് പൊലീസിൽ പറയുന്നത്. തൃക്കാക്കരയിൽ നാളെ ബിജെപിയുടെ പ്രചാരണത്തിനായി പോകാനിരിക്കെയാണ് അസി. കമ്മീഷണർ എസ്. ഷാജി നോട്ടിസ് അയച്ചത്.

    തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃക്കാക്കരയിൽ മറുപടി നൽകുമെന്ന് പി സി ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകിയത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ജാമ്യം നൽകുമ്പോൾ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടുതൽ അന്വേഷണം നടത്താനായി ഹാജരാകാനാണ് ഫോർട്ട് പൊലീസ് നിർദേശിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാകുമെന്നതിനാൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ പി സി ജോർജിന് കഴിയില്ല.

    അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് പി സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയുമായിരുന്നു. മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ പിന്നീട് കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി ജാമ്യം റദ്ദാക്കി ജയിലിലേക്കയച്ചത്. പിറ്റേദിവസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

    മുഖ്യമന്ത്രിക്ക് കുശുമ്പ് ഉള്ളതുകൊണ്ടാണ് തന്നെ ജയിലിലേക്ക് അയച്ചത്; പി സി ജോര്‍ജ്

    മുഖ്യമന്ത്രിക്ക് തന്നോട് കുശുമ്പ് ആണെന്ന് പി സി ജോർജ്. തന്റെ വാക്കുകൾ ജനം സ്വീകരിക്കുന്നു. പറയാനുള്ളതെല്ലാം തൃക്കാക്കരയിൽ എത്തി നാളെ മറുപടി നൽകുമെന്ന് പി സി ജോർജ് ആവർത്തിച്ചു. ‌ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടി ആണെന്ന അഭിപ്രായം തനിക്കില്ല എന്നാണ് പി സി ജോർജ് പറഞ്ഞത്. ബിജെപിയുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്നും ജയിലിൽ നിന്നും പുറത്തിറങ്ങി ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയശേഷം പി സി ജോർജ് കൂട്ടിച്ചേർത്തു. അതേസമയം ഒരു മതത്തെയും വിമർശിക്കാൻ താൻ ഇല്ല എന്നും ജോർജ് കൂട്ടിച്ചേർത്തു.

    പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയും പി സി ജോർജ് പ്രതികരിച്ചു. അതിജീവിത മകളാണ് എന്നാണ് വിഡി സതീശൻ പറയുന്നത്. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ്. സതീശനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല എന്നുപറഞ്ഞ് ജോർജ് ആ വിഷയം അവസാനിപ്പിച്ചു. പിസി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ സർക്കാറിനെതിരെ ഏറ്റവും കൂടുതൽ വിമർശനമുന്നയിച്ചത് വിഡി സതീശൻ ആയിരുന്നു. ജോർജിനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാരിന് താല്പര്യമില്ല എന്നായിരുന്നു പ്രധാനമായും വിഡി സതീശൻ ഉന്നയിച്ച വിമർശനം. സർക്കാർ വേണ്ട നിലയിൽ കേസിനെ പരിഗണിക്കാത്ത അതുകൊണ്ടാണ് കോടതിയിൽനിന്നും ജാമ്യം കിട്ടിയത് എന്നും വിഡി സതീശൻ ആരോപിച്ചിരുന്നു.

    ജയിൽ മോചിതനായി ഈരാറ്റുപേട്ടയിൽ എത്തിയ പിസി ജോർജ് ജയിൽ വകുപ്പിനെതിരെയും രൂക്ഷവിമർശനം ഉന്നയിക്കുന്നു. പ്രായമായ തടവുപുള്ളികളുടെ അവസ്ഥ ചൂണ്ടികാട്ടി കൊണ്ടാണ് ജോർജ് വിമർശിച്ചത്. പൂജപ്പുരയിൽ ജയിൽ ഉപദേശക സമിതി യോഗം ചേരുന്നില്ല എന്നാണ് പി സി ജോർജ്ജ് ചൂണ്ടിക്കാട്ടുന്നത്.
    ജയിലിലുള്ള പ്രായമുള്ളവരെ മോചിതനാക്കാൻ ഗവർണ്ണർ അനുവാദം നൽകാതിരുന്നത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിക്കും ഈ കാര്യത്തിൽ ഇടപെടാൻ ആകില്ല എന്നും പി സി ജോർജ് പറയുന്നു. രോഗികൾ ജയിലിൽ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഉള്ളത്.അവരെ അവസാനകാലത്ത് കുടുംബത്തിനൊപ്പം വിടാൻ തയ്യാറാകണമെന്നും ജോർജ് ആവശ്യപ്പെട്ടു. ഇതെല്ലാം സാധിക്കണമെങ്കിൽ ജയിൽ ഉപദേശക സമിതി യോഗം ചേരണം എന്നാണ് ജോർജ് നിർദ്ദേശിക്കുന്നത്.
    Published by:Rajesh V
    First published: