തൃശൂർ: കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കടയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലാറ്റ് കോഴിക്കട സെന്ററിൽ താമസിക്കുന്ന തൈപറമ്പിൽ വിനോദിന്റെ കുടുംബത്തിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. വിനോദും ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദും ഇളയ മകനും വീടിന്റെ ഹാളിലും ഭാര്യയും മൂത്ത മകളും രണ്ട് മുറികളിലായുമാണ് മരിച്ച നിലയിൽ കിടക്കുന്നത്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്.
പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു.
വിനോദ് ഡിസൈൻ പണിക്കാരനാണ് ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു സ്റ്റേഷനറി കടയിലെ ജീവനക്കാരിയുമാണ്. മകൾ പ്ലസ്ടു വിദ്യാർത്ഥിനിയും, മകൻ നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ജില്ലാ പോലീസ് സൂപ്രണ്ട് കെ.പി. വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജൻ, എസ്.ഐ ഇ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. വീട്ടിൽനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.