നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭരണപക്ഷത്തിന് തലവേദനയായി മന്ത്രിയും 3 എം.എൽ.എമാരും

  ഭരണപക്ഷത്തിന് തലവേദനയായി മന്ത്രിയും 3 എം.എൽ.എമാരും

  • Last Updated :
  • Share this:
   തിരുവനന്തപുരം: പതിമൂന്ന് ദിവസം നീളുന്ന നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ ആരോപണവിധേയരായ എം.എൽ.എമാർ ഇടതുമുന്നണിക്ക് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്. ഒരു മന്ത്രി ഉൾപ്പെടെ നാല് എം.എൽ.എമാർ വിവിധ ആരോപണങ്ങൾ നേരിടുമ്പോഴാണ് സഭാ സമ്മേളനം തുടങ്ങുന്നത്. ഭരണപക്ഷത്തെ പ്രമുഖർ നേരിടുന്ന ആരോപണങ്ങൾ ഉയർത്തിക്കാട്ടി ഭരണപക്ഷത്തെ വെള്ളംകുടിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കും. ഈ ആരോപണങ്ങളെ സഭക്കുള്ളിൽ സർക്കാർ ഏതുവിധത്തിൽ പ്രതിരോധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഭരണപക്ഷ ബഞ്ചുകളിൽ ആരോപണങ്ങൾ‌ നേരിടുന്നവർ ആരൊക്കെ?

   1. പി.കെ ശശി

   ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് നൽകിയ പരാതിയിൽ പാർട്ടി നടപടി എടുത്തെങ്കിലും ഷൊർണൂര്‍ എം.എൽ.എ. പി.കെ. ശശിക്കെതിരായ ആരോപണങ്ങളും നടപടിയുമെല്ലാം സഭയിലും ഉയർന്നുവരും. ഒരു സി.പി.എം. എം.എൽ.എ. ഇത്ര ഗുരുതരമായ ആരോപണം ആദ്യമായി നേരിടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ തന്നെയാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. എന്നാൽ പരാതിയിൽ കടുത്ത നടപടി എടുത്തത് ചൂണ്ടിക്കാട്ടി ഇതിനെ പ്രതിരോധിക്കാനാകും ഭരണപക്ഷം ശ്രമിക്കുക.

   2. മന്ത്രി കെ.ടി. ജലീൽ

   പിണറായി മന്ത്രിസഭയിൽ ഏറ്റവും ഒടുവിൽ ആരോപണം നേരിടേണ്ടിവന്ന മന്ത്രിയാണ് കെ.ടി. ജലീൽ. പിതൃസഹോദരന്റെ ചെറുമകന് ചട്ടവിരുദ്ധമായി ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ചുവെന്നാണ് ആരോപണം. മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് വരികയാണ്. നിയമനം ലഭിച്ച കെ.ടി. അദീബ് സ്ഥാനം രാജിവച്ചെങ്കിലും മന്ത്രി ചെയ്തത് തെറ്റല്ലാതെയാകുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. യോഗ്യതയുള്ള അപേക്ഷകരെ തഴഞ്ഞ് കെ.ടി. അദീബിന് നിയമനം നൽകിയതിലൂടെ സ്വജനപക്ഷപാതമാണ് ജലീൽ നടത്തിയതെന്നാണ് പ്രതിപക്ഷം ഒന്നടങ്കം ആരോപിക്കുന്നത്. മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ പറയുന്നു. കെ.ടി. ജലീലിനെതിരായ ആരോപണങ്ങൾ അടിയന്തരപ്രമേയമായി പ്രതിപക്ഷം കൊണ്ടുവരുമെന്നുറപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിനെ സംരക്ഷിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ‌ ജലീൽ വിഷയത്തിൽ ഭരണപക്ഷം സ്വീകരിക്കുന്ന നിലപാടെന്തെന്ന് ഉറ്റുനോക്കുകയാണ് പ്രതിപക്ഷം. ജലീൽ വിഷയം സഭയിൽ അതിശക്തമായി ഉന്നയിക്കാനാണ് മുസ്ലിംലീഗ് തീരുമാനം.

   3. പി.ടി.എ റഹീം

   കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീമും ആരോപണ നിഴലിലാണ്. മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാർത്ത വന്നത് കഴിഞ്ഞദിവസമാണ്. എന്നാൽ, ഹവാല കേസിൽ അല്ല മകൻ അറസ്റ്റിലായതെന്ന വിശദീകരണവുമായി റഹീം രംഗത്ത് വന്നെങ്കിലും ഈ വിഷയം ലീഗും കോൺഗ്രസും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഉപയോഗിച്ചേക്കും. ഇതിന് പിന്നാലെ മറ്റൊരു ആരോപണവും റഹീമിനെതിരെ ഉയർന്നിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അബു ലെയ്സിനെ കരുതൽ തടങ്കലിൽ നിന്നൊഴിവാക്കാൻ പി.ടി.എ. റഹീം സർക്കാരിന് കത്ത് നൽകിയകാര്യം കഴിഞ്ഞ ദിവസമാണ് ന്യൂസ് 18 പുറത്ത് വിട്ടത്. ഇതിനും സർക്കാർ സഭയിൽ മറുപടി നൽകേണ്ടിവരും.

   4. കാരാട്ട് റസാഖ്

   കരിപ്പൂര്‍ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി അബു ലെയ്സിന്റെ കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ പി.ടി.എ റഹീമിനൊപ്പം കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖും സര്‍ക്കാറിനെ സമീപിച്ചതിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഡി.ആര്‍.ഐ ചുമത്തിയ കൊഫെപോസെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയെന്ന് രണ്ട് എം.എൽ.എമാരും സമ്മതിച്ചിട്ടുണ്ട്. നേരത്തെ ദുബായില്‍ അബു ലെയ്സ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കൊപ്പം എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് ചര്‍ച്ചയായിരുന്നു. അബു ലെയ്സിന്റെ പിതാവ് നല്‍കിയ അപേക്ഷ മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയില്‍ പരിഗണിക്കുകയായിരുന്നുവെന്നാണ് എം.എല്‍.എമാരുടെ വിശദീകരണമെങ്കിലും പ്രതിപക്ഷം, പ്രത്യേകിച്ച് മുസ്ലിംലീഗ് തങ്ങളുടെ എതിരാളികൾക്കെതിരെ ലഭിച്ച രാഷ്ട്രീയ ആയുധം പരമാവധി പ്രയോജനപ്പെടുത്തും.

   First published: