ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നിൽ തെരുവ് നായയുടെ ആക്രണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ, ഒരു ബൈക്ക് യാത്രക്കാരൻ, രണ്ട് സ്ത്രീകൾ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കടിയേറ്റത്.
പിന്നീടാണ് രണ്ട് സ്ത്രീകൾക്കുൾപ്പെടെ കടിയേറ്റത്. ബൈക്ക് യാത്രികന് നേരെ കുരച്ചുചാടിയ നായ ഇയാളുടെ വസ്ത്രം കടിച്ചുകീറുകയും കാലിൽ കടിക്കുകയുമായിരുന്നു. നായയെ പിന്നീട് നഗരസഭ നിയോഗിച്ച പട്ടിപിടുത്തക്കാർ വലയുപയോഗിച്ച് പിടികൂടി. നായക്ക് പേയുള്ളതായി സംശയമുണ്ട്. ഈ നായയിൽ നിന്നാണ് എല്ലാവർക്കും കടിയേറ്റത്.
അതേസമയം, കടിയേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ റാബിസ് വാക്സിൻ ഇല്ലാത്തതും പ്രശ്നമായി. ഇവരെ പിന്നീട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെയും വാക്സിൻ ഇല്ലെന്ന മറുപടിയാണ് നായയുടെ കടിയേറ്റവർക്ക് ലഭിച്ചത്. ഇ എം എസ് സ്റ്റേഡിയത്തിലും പരിസരത്തുമായി നിരവധി തെരുവ് നായ്ക്കൾ കൂട്ടമായി അലഞ്ഞുതിരിയുന്നുണ്ട്.
തെരുവ് നായ ശല്യത്തിന് ഇപ്പോഴും ഒരു ശ്വാശ്വത പരിഹാരം കാണാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. അതിനോടൊപ്പം തന്നെ റാബിസ് വാക്സിന്റെ ദൗർലഭ്യതയും ജനങ്ങളെ ആശങ്കയിലാക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.