• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഈ മഹാബലി ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ ഒരു ചവിട്ടടി മണ്ണ് തരുമോ? ക്യാബിൻ ഹൗസ് നിർമാണത്തിനായി ഭൂമി ചോദിച്ച് ഫാ. ജിജോ കുര്യൻ

'വീണ്ടും വീണ്ടും ചോദിക്കാൻ നല്ല മടിയും ചമ്മലുമുണ്ട്, എങ്കിലും ചോദിക്കുകയാണ്, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ എവിടെയെങ്കിലും 8 - 10 കുടുംബങ്ങളെ ക്യാബിൻ ഹൗസ് പണിതുകൊടുത്ത് താമസിപ്പിക്കാൻ സന്മനസ്സുള്ള ആരെങ്കിലും ഒരു 40 - 50 സെന്റ് സ്ഥലം തരുമോ'?

news18-malayalam
Updated: September 9, 2019, 9:17 PM IST
ഈ മഹാബലി ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ ഒരു ചവിട്ടടി മണ്ണ് തരുമോ? ക്യാബിൻ ഹൗസ് നിർമാണത്തിനായി ഭൂമി ചോദിച്ച് ഫാ. ജിജോ കുര്യൻ
jijo_home
  • Share this:
കേരളത്തിലെ ഭവനനിർമാണമേഖലയിൽ ഏറെ ചർച്ചയായതാണ് ഫാ. ജിജോ കുര്യനും കൂട്ടരും മുന്നോട്ടുവെച്ച ക്യാബിൻ ഹൗസ് മാതൃക. വെറും ഒന്നരലക്ഷം രൂപ ചെലവിൽ ചെറുവീടുകൾ നിർമിക്കാനാകുമെന്നതാണ് പ്രത്യേകത. വീടില്ലാത്ത നിരവധിയാളുകൾ ക്യാബിൻ ഹൗസ് ഭവനനിർമാണത്തിനായി ഫാ. ജിജോ കുര്യനെ സമീപിക്കാറുണ്ട്. ഇത്തരത്തിൽ സമീപിച്ചവരുടെ അവസ്ഥ നേരിൽ കണ്ട ഫാ. ജിജോ കുര്യൻ അവർക്കു വീടുവെച്ച് നൽകാൻ സ്ഥലം ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു. 'ഈ ഓണസമയത്ത് തലകുനിച്ചുനിൽക്കുന്ന ഈ മഹാബലി ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ ഒരുപിടി മണ്ണ് തരുമോ'? എന്നാണ് ഫാ. ജിജോ കുര്യൻ ചോദിക്കുന്നത്...

ഫാ. ജിജോ കുര്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഇതും കേരളമാണ്. ഇങ്ങനെയൊക്കെയാണ് മനുഷ്യരിവിടെ ജീവിക്കുന്നത് എന്നറിയുന്നത് ക്യാബിൻ ഹൗസ് നിർമ്മിച്ചുകിട്ടുമോ എന്ന ആവശ്യവുമായി വരുന്ന ആളുകളുടെ അവസ്ഥ നേരിൽ പോയി കാണുമ്പോഴാണ്. ഇവരിൽ പലരോടും വീടുവെയ്ക്കേണ്ടത് എവിടെയെന്ന് ചോദിക്കുമ്പോൾ മനുഷ്യന് വാസയോഗ്യമല്ലാത്ത (മണ്ണിടിച്ചിൽ - ഉരുൾപൊട്ടൽ സാധ്യതകളുള്ള) സഞ്ചാരമാർഗ്ഗമോ ജലലഭ്യതയോ ഇല്ലാത്ത ഒരു ചെങ്കുത്തായ മലഞ്ചെരിവോ മലമുകളോ കാട്ടിത്തരുന്നു (ഒന്നിനും കൃത്യമായ രേഖകളില്ല എന്ന വസ്തുത അവിടെ നിൽക്കട്ടെ). അവിടങ്ങളിൽ ഒരു നിർമ്മാണവും സാധ്യമല്ല എന്ന് പറയുമ്പോൾ അവരിൽ പലരുടേയും കണ്ണൂകൾ നിറയുന്നു. വീണ്ടും വീണ്ടും ചോദിക്കാൻ നല്ല മടിയും ചമ്മലുമുണ്ട്, എങ്കിലും ചോദിക്കുകയാണ്, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ എവിടെയെങ്കിലും 8 - 10 കുടുംബങ്ങളെ ക്യാബിൻ ഹൗസ് പണിതുകൊടുത്ത് താമസിപ്പിക്കാൻ സന്മനസ്സുള്ള ആരെങ്കിലും ഒരു 40 - 50 സെന്റ് സ്ഥലം തരുമോ? സഞ്ചാരമാർഗ്ഗവും വെള്ളവും ഉണ്ടാവണം. വീട് നിർമ്മിച്ചു നൽകാൻ നിലവിൽ ഏതാനും സ്പോൺസേഴ്സ് നമ്മുടെ ഈ സൗഹൃദവലയത്തിൽ നിന്നുതന്നെ തയ്യാറായിവന്നിട്ടുണ്ട്. അത്യാഗ്രഹി അളന്നുമാറ്റിയ മണ്ണിന്റെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ഓണനാളിൽ നിങ്ങളുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന ഈ മഹാബലി ജീവിതങ്ങളെ ചവിട്ടിത്താഴ്ത്താതെ കൈപിടിച്ചുയർത്താൻ ഓണസമ്മാനമായി ഒരു ചവിട്ടടി മണ്ണ് തരുമോ?
First published: September 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...