കോട്ടയം: തെരഞ്ഞെടുപ്പ് സമയത്ത് ജോസഫ് ഗ്രൂപ്പിൽ ഉണ്ടായ രൂക്ഷമായ തർക്കം അവസാനിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവ വികാസവും. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് വേദി. ഉദ്ഘാടന ചടങ്ങിൽ നിന്ന് ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നീ നേതാക്കൾ വിട്ടുനിന്നു.
പാർട്ടിയിലെ പുനഃസംഘടന ചൊല്ലിയുള്ള തർക്കമാണ് ഏറെക്കാലമായി ജോസഫ് ഗ്രൂപ്പിൽ തർക്കങ്ങൾക്ക് ഇടവരുത്തിയത്. പാർട്ടിയിൽ അഭിപ്രായഭിന്നത ഉണ്ട് എന്ന കാര്യം പലതവണ ഫ്രാൻസിസ് ജോർജ് തുറന്ന് പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ ചേർന്ന നേതൃയോഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ഏറെ മണിക്കൂർ നീണ്ടു നിന്ന യോഗത്തിന് ശേഷവും അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ഫ്രാൻസിസ് ജോർജ് അന്ന് പുറത്തുപോയത്. പി സി തോമസ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ എത്തിയതോടെയാണ് പാർട്ടിയിൽ സ്ഥാനമാനങ്ങൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഈ പുനസംഘടനയിൽ മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയ നേതാക്കൾക്ക് ഉന്നത പദവി നൽകി എന്നാണ് എതിർ വിഭാഗമായ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ല എന്നും ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു. തർക്കം രൂക്ഷമായതോടെ ആണ് സംഘടനാ തിരഞ്ഞെടുപ്പ് താഴേത്തട്ടു മുതൽ നടത്താൻ പി ജെ ജോസഫ് തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം പിജെ ജോസഫ് പ്രഖ്യാപിച്ച ശേഷവും സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിൽ നിന്ന് നേതാക്കൾ വിട്ടുനിന്നത് പി ജെ ജോസഫിനെ ഞെട്ടിച്ചിട്ടുണ്ട്.
അതേസമയം അഭിപ്രായഭിന്നത മൂലമല്ല യോഗത്തിൽ നിന്ന് നേതാക്കൾ വിട്ടുനിന്നത് എന്നാണ് പി ജെ ജോസഫ് പറയുന്നത്. ഓരോ നേതാക്കൾക്കും കൃത്യമായ അസൗകര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിജെ ജോസഫ് പറഞ്ഞു. കോവിഡ് വാക്സിനേഷൻ ഇന്നലെയാണ് ഫ്രാൻസിസ് ജോർജ് എടുത്തത്. ഇതുമൂലം ഇന്ന് ശാരീരിക അസുഖങ്ങൾ ഉണ്ടായി. റേഷൻ ഡീലേഴ്സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാൻ ഉള്ളതിനാലാണ് വിട്ടുനിന്നത് എന്ന ജോണി നെല്ലൂരും അറിയിച്ചിട്ടുണ്ടെന്ന് പിജെ ജോസഫ് പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ പാർട്ടി പുനസംഘടന തീരുമാനിച്ചു കഴിഞ്ഞതാണെന്നും പി ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.
ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ നടത്തുന്ന വിമത നീക്കത്തെ മോൻസ് ജോസഫ് നേരത്തെ എതിർത്തിരുന്നു. പാർട്ടിയിൽ സ്ഥിരമായി ഇല്ലാത്തവരാണ് കാര്യങ്ങളെക്കുറിച്ച് അറിയാതെ പ്രതികരിക്കുന്നത് എന്നായിരുന്നു ഫ്രാൻസിസ് ജോർജിനെ കൃത്യമായി ഉന്നം വെച്ച് മോൻസ് ജോസഫ് പറഞ്ഞത്. ഇടക്കാലത്ത് പി ജെ ജോസഫിനെ വിട്ടുപോയി ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച നേതാവാണ് ഫ്രാൻസിസ് ജോർജ്. എന്നാൽ തർക്കങ്ങൾ ഏറെ ഉണ്ടായിരുന്ന സമയങ്ങളിലെല്ലാം പി ജെ ജോസഫിന് ഒപ്പം നിന്നു എന്നതാണ് മോൻസ് ജോസഫിന് ഗുണം ആകുന്നത്. അതുകൊണ്ടുതന്നെയാണ് ഫ്രാൻസിസ് ജോർജിനെക്കാൾ ഉന്നതപദവി മോൻസ് ജോസഫിന് നൽകിയത് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഏതായാലും തർക്കങ്ങൾ പരിഹരിക്കാൻ ആയില്ലെങ്കിൽ അതൊരു പൊട്ടിത്തെറിയിലേക്ക് തന്നെ കാര്യങ്ങൾ എത്തിച്ചേക്കും. നേരത്തെ തന്നെ തോമസ് ഉണ്ണിയാടൻ ഉൾപ്പെടെയുള്ളവർ ജോസ് കെ മാണിക്കൊപ്പം ചേരുമെന്ന സൂചനകളുണ്ടായിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.