തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പൊള്ളലും പരുക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവര്‍ക്കു മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്.
അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവരെല്ലാവരും ചികിത്സയിലാണ്.
തീയിട്ടയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിവച്ച ആളാണെന്ന് യാത്രക്കാര്‍ മൊഴി നല്‍കി. നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ് പൊലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.