• HOME
 • »
 • NEWS
 • »
 • kerala
 • »
 • Friendly Cabinet| ഇനി മുഖ്യമന്ത്രിയുടെ വസതിയിൽ‌ സൗഹൃദ കാബിനറ്റ്; ആദ്യ യോഗം മാർച്ച് ഏഴിന്

Friendly Cabinet| ഇനി മുഖ്യമന്ത്രിയുടെ വസതിയിൽ‌ സൗഹൃദ കാബിനറ്റ്; ആദ്യ യോഗം മാർച്ച് ഏഴിന്

ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ അറിയാം

 • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സൗഹൃദ കാബിനറ്റ് ആരംഭിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം (Cabinet Meeting) തീരുമാനിച്ചു. എല്ലാ മാസത്തേയും ആദ്യ മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വീട്ടിൽ വൈകിട്ട് ഒരു മണിക്കൂർ മന്ത്രിമാരുടെ യോഗം ചേരും. ആദ്യ യോഗം മാർച്ച് 7 നു നടക്കും.

  അതേസമയം, ഇന്നു ചേർന്ന മന്ത്രിസഭാ യോഗം ബസ് ചാർജ് വർധന ചർച്ച ചെയ്തില്ല. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ബസ് ചാർജ് വർധനയിൽ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതിക്ഷിച്ചിരുന്നത്. ഇന്നും ചാർജ് വർധനയിൽ തീരുമാനമുണ്ടായില്ലെങ്കിൽ സർവീസ് നിർത്തിവെക്കുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ അറിയിച്ചിരുന്നു.

  ഇതിനിടെ, ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭായോഗത്തിൽ സിപിഐ എതിർപ്പ് അറിയിച്ചു.ഭേഭഗതി ഭരണഘടന വിരുദ്ധമാണെന്നും ഓർഡിനൻസ് കൊണ്ട് വന്നത് ശരിയായില്ലെന്നും സിപിഐ മന്ത്രിമാർ പറഞ്ഞു. ഭേദഗതിക്ക് മുൻപ് രാഷ്ട്രീയ ചർച്ചക്ക് അവസരം കിട്ടിയില്ലെന്ന് മന്ത്രിമാര്‍ പരാതിയറിയിച്ചു.

  മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

  കനോലി കനാല്‍ വികസനത്തിന് 1118 കോടി

  കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കിഫ്ബി ധനസഹായത്തോടെയാകും പദ്ധതി നടപ്പാക്കുക

  ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിസ്ഥിതി, സൗഹൃദ കനാല്‍ വികസനമാണ് നടപ്പാക്കുക. കനാലിന്റെ വീതി ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും.

  മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റര്‍സെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാല്‍ തീരങ്ങളുടെ സൗന്ദര്യ വല്‍ക്കരണവും നടത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോഴിക്കോടിനെ കനാല്‍ സിറ്റി എന്ന് വശേഷിപ്പിക്കാവുന്ന തരത്തില്‍ കനോലി കനാല്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.

  രാജ്ഭവനില്‍ ഫോട്ടോഗ്രാഫര്‍ തസ്തിക

  കേരള രാജ്ഭവനില്‍ ഗവര്‍ണറുടെ സെക്രട്ടറിയേറ്റില്‍ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

  തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യും

  പോലീസ് വകുപ്പിലെ മുന്ന് ആര്‍മെറര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ആര്‍മെറര്‍ ഹവില്‍ദാര്‍ തസ്തികകളാക്കി അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു. ഇവരെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിയമിക്കുന്നതിനും അനുമതി നല്‍കി.

  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍

  സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായി പ്രദര്‍ശന കേന്ദ്രങ്ങളില്‍ സംഘാടക സമിതി രൂപീകരിക്കും.

  സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളും, സംസ്ഥാനം രാജ്യത്തെ മികച്ച നിലവാരത്തില്‍ എത്തിയതിന്റെ ചരിത്രവും, നേടിയ അംഗീകാരങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഉപയുക്തമാകുന്നവിധവും ചിത്രീകരിക്കും. വിനോദ വാണിജ്യ പരിപാടികളും ഉണ്ടാകും.

  കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) സമിതി പുനഃസംഘടിപ്പിക്കും

  കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരമുള്ള ഉപദേശക സമിതി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ജഡജ് ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ ചെയര്‍മാനാകും. അംഗങ്ങള്‍: റിട്ട. ജില്ലാ ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി എന്‍ സുകുമാരന്‍.

  ധനസഹായം

  ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ സള്‍ഫര്‍ ഫീഡിങ്ങ് പ്രവര്‍ത്തി ചെയ്യുന്നതിനിടെ അപകടത്തില്‍ മരിച്ച കരാര്‍ ജീവനക്കാരനായ രഞ്ജിത്തിന്റെ ആശ്രിതര്‍ക്ക് സഹായം നല്‍കും. ഒറ്റത്തവണ ധനസഹായമായി കമ്പനി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കും.

  ശമ്പള പരിഷ്‌ക്കരണം

  കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസിലെ ജീവനക്കാരുടെ ഒന്‍പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

  പുനര്‍നാമകരണം

  പൊതുവിതരണ വകുപ്പിന്റെ പേര് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്യും. പൊതുവിതരണ ഡയറക്ടര്‍, പൊതുവിതരണ കമ്മീഷണര്‍ എന്നീ തസ്തികകള്‍ സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ എന്ന പേര് നല്‍കും.

  കാലാവധി നീട്ടിനല്‍കി

  സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ജിസ്റ്റിസ് ജെ ബി കോശി കമ്മീഷന് 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചു.
  Published by:Rajesh V
  First published: