• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakkara | സഹതാപത്തിന്‍റെ വിജയഗാഥ; റേച്ചൽ മുതൽ ഉമ തോമസ് വരെ

Thrikkakkara | സഹതാപത്തിന്‍റെ വിജയഗാഥ; റേച്ചൽ മുതൽ ഉമ തോമസ് വരെ

മൂന്നു പേരാണ് ഇത്തരത്തിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ജയിച്ച് നിയമസഭയിലെത്തിയത്

Uma_Thomas

Uma_Thomas

  • Share this:
    കൊച്ചി: രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അട്ടിമറികൾക്കിട നൽകാതെ ഉമ തോമസ് വമ്പൻ വിജയം സ്വന്തമാക്കി. 25016 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെയാണ് ഉമ പരാജയപ്പെടുത്തിയത്. ഉമയുടെ വിജയത്തിന് കാരണമായ ഘടകങ്ങൾ പരിശോധിക്കുമ്പോൾ അതിൽ സഹതാപത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്ന് കാണാം. 1986ൽ റാന്നിയിൽനിന്ന് നിയമസഭയിൽ എത്തിയ റേച്ചൽ സണ്ണി പനവേലിലാണ് ഇത്തരത്തിൽ ഭർത്താവിന്‍റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിൽ എത്തിയ ആദ്യ വ്യക്തി. ഉമ തോമസിന് ലഭിച്ച ഭൂരിപക്ഷം പരിശോധിക്കുമ്പോൾ സഹതാപ തരംഗം മാത്രമല്ല വിജയ ഘടകമായതെന്ന് കാണാമെങ്കിലും അവർ ആ പട്ടികയിൽ ഒടുവിലത്തെ ആളാണ്. മൂന്നു പേരാണ് ഇത്തരത്തിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ജയിച്ച് നിയമസഭയിലെത്തിയത്. റേച്ചലിനെയും ഉമയെയും കൂടാതെ എലിസബത്ത് മാമ്മനും ഈ പട്ടികയിലുണ്ട്. സംസ്ഥാനത്ത് നിലവിലെ എംഎൽഎ മരിച്ചപ്പോൾ സഹതാപതരംഗത്തിൽ ജയിച്ചുകയറിയത് ആരൊക്കെയാണെന്ന് നോക്കാം...

    1. ഭർത്താവിന് പകരക്കാരിയായ ആദ്യം എംഎൽഎ ആയ റേച്ചൽ സണ്ണി പനവേലിൽ

    1986ൽ റാന്നിയിൽനിന്നാണ് റേച്ചൽ സണ്ണി പനവേലിൽ ഉപതെരഞ്ഞെടുപ്പ് ജയിച്ച് നിയമസഭയിലെത്തിയത്. കോൺഗ്രസ് എസ് നേതാവും റേച്ചലിന്‍റെ ഭർത്താവുമായി സണ്ണി പനവേലിന്‍റെ ആകസ്മിക നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. അന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.സി ചെറിയാനെ 623 വോട്ടുകൾക്കാണ് റേച്ചൽ പരാജയപ്പെടുത്തിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഭർത്താവിന്‍റെ സീറ്റ് നിലനിർത്താൻ ഇറങ്ങിയ ആദ്യ ഭാര്യയായിരുന്നു റേച്ചൽ. അതിനുശേഷം അവർ പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.

    2. സഹോദരന് പകരക്കാരനായി ജോൺ മാഞ്ഞൂരാൻ

    1970ൽ മൂന്നാം നിമയസഭയുടെ കാലത്താണ് മാടായി മണ്ഡലത്തിൽനിന്ന് ജോൺ മാഞ്ഞൂരാൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവും എംഎൽഎയുമായിരുന്ന മത്തായി മാഞ്ഞാരൂൻ മരിച്ചതോടെയാണ് സഹോദരനായ ജോൺ മാഞ്ഞൂരാൻ മത്സരരംഗത്തെത്തിയത്. സിപിഎം പിന്തുണയോടെ മത്സരിച്ച ജോൺ, കോൺഗ്രസ്-സിപിഐ സ്ഥാനാർഥിയായ കെ രാഘവനെ 4002 വോട്ടിന് തോൽപ്പിക്കുകയായിരുന്നു. നാലാം നിയമസഭയിൽ മണ്ണാർക്കാട്ട് നിന്ന് സിപിഎം സ്ഥാനാർഥിയായി വിജയിച്ച ജോൺ മാഞ്ഞൂരാൻ അഞ്ചാം നിയമസഭയിൽ ഇരിങ്ങാലക്കുടയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

    3. അച്ഛന് പിൻഗാമിയായി മകൻ - പി എസ് സുപാൽ

    മുതിർന്ന സിപിഐ നേതാവും പുനലൂർ എംഎൽഎയുമായിരുന്ന പി കെ ശ്രീനിവാസൻ അന്തരിച്ചതോടെയാണ് മകൻ പി എസ് സുപാൽ ഉപതെരഞ്ഞെടുപ്പ് നേരിട്ട് നിയമസഭാ സാമാജികനായത്. 21333 വോട്ടുകൾക്ക് കോൺഗ്രസിന്‍റെ ഭാരതിപുരം ശശിയെയാണ് സുപാൽ തോൽപ്പിച്ചത്. അതിനുശേഷം 2021ലും സുപാൽ പുനലൂരിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

    4. തിരുവല്ല നിലനിർത്തിയ എലിസബത്ത് മാമ്മൻ മത്തായി

    കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന മാമ്മൻ മത്തായി മരിച്ചതോടെയാണ് ഭാര്യ എലിസബത്ത് മാമ്മൻ മത്തായി 2003ൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനകീനായ മാമ്മൻ മത്തായിയുടെ സഹതാപ വോട്ടുകളിലൂടെയായിരുന്നു അന്ന് എലിസബത്ത് സഭയിലെത്തിയത്. ജനതാദൾ എസിലെ വർഗീസ് ജോർജിനെതിരെ 4689 വോട്ടുകൾക്കാണ് എലിസബത്തിന്‍റെ വിജയം. പിന്നീട് മത്സരരംഗത്തേക്ക് അവരെ പാർട്ടി നിയോഗിച്ചിട്ടില്ല.

    5. ടി എം ജേക്കബിന് പിൻഗാമായിയായി മകൻ അനൂപ് ജേക്കബ്

    മന്ത്രിയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാനുമായിരുന്ന ടി എം ജേക്കബ് അന്തരിച്ചതോടെയാണ് പിറവത്തുനിന്ന് മകൻ അനൂപ് ജേക്കബ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. 12070 വോട്ടുകൾക്ക് ജയിച്ച അനൂപ് ജേക്കബ് ഉമ്മൻചാണ്ടി സർക്കാരിൽ ഭക്ഷ്യവകുപ്പ് മന്ത്രിയാകുകയും ചെയ്തു. ടി എം ജേക്കബ് 157 വോട്ടുകൾക്ക് മാത്രം ജയിച്ച സീറ്റിലാണ് പന്ത്രണ്ടായിരത്തിൽപ്പരം വോട്ടുകൾക്ക് അനൂപ് ജയിച്ചുകയറിയത്.

    6. ജി കാർത്തികേയന്‍റെ പാതയിൽ കെ.എസ് ശബരിനാഥൻ

    2015ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കെ എസ് ശബരിനാഥൻ ജയിച്ചുകയറിയതും സഹതാപതരംഗത്തിലാണ്. നിയമസഭ സ്പീക്കറായിരിക്കെയാണ് ജി കാർത്തികേയൻ അന്തരിച്ചത്. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ മകൻ കെ എസ് ശബരിനാഥനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. 10128 വോട്ടുകൾക്ക് മുതിർന്ന സിപിഎം നേതാവ് എം വിജയകുമാറിനെയാണ് ശബരിനാഥൻ തോൽപ്പിച്ചത്. തുടർന്ന് 2016ലും അരുവിക്കരയിൽനിന്ന് ജയിച്ച ശബരിനാഥൻ പക്ഷെ 2021ൽ സിപിഎമ്മിലെ ജി സ്റ്റീഫനെതിരെ തോൽവി ഏറ്റുവാങ്ങി.

    Also Read- ഉമ തോമസ് പതിനഞ്ചാം നിയമസഭയിലെ 54-ാമത്തെ കന്നി അംഗം

    ചവറയിൽ വിജയൻപിള്ളയുടെ മരണത്തെത്തുടർന്ന് മകൻ സുജിത്ത് വിജയൻപിള്ളയും കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ മരണത്തെത്തുടർന്ന് സഹോദരൻ തോമസ് കെ തോമസും ജയിച്ചത് സഹാതാപ തരംഗത്തിലാണ്. പക്ഷേ, അവിടെ പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ ഉപതെരഞ്ഞെടുപ്പ് നടന്നില്ലെന്ന് മാത്രം. 2021ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഇരുവരും മത്സരിച്ച് ജയിച്ചത്.
    Published by:Anuraj GR
    First published: