കൊല്ലം എസ് എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഇനിയും നീട്ടാനാവില്ലന്ന് ജസ്റ്റീസ് സുനിൽ തോമസ് വ്യക്തമാക്കി.ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈം ബ്രാഞ്ചിന് കോടതി നിർദ്ദേശം നൽകി.
സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി മാർച്ചിൽ ഒരു മാസം കൂടി അനുവദിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെതിരായ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി 1997 -98 കാലയളവിൽ പിരിച്ച 1,02,61,296 രൂപയിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.
എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സി ജെ എം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈം ഡിറ്റാച്ച്മെൻറ് എസ് പി അന്വേഷണം നടത്തി കേസ് എഴുതി തള്ളി. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി.
അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമിപിച്ചതിനെ തുടർന്ന് അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചിരുന്നു.തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് ആധാരമായത്
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.