• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Metro |തകരാറു സംഭവിച്ച തൂണിന് സമീപം കൂടുതല്‍ പരിശോധന നടത്തും; KMRL എംഡി ലോക്നാഥ് ബെഹ്‌റ

Kochi Metro |തകരാറു സംഭവിച്ച തൂണിന് സമീപം കൂടുതല്‍ പരിശോധന നടത്തും; KMRL എംഡി ലോക്നാഥ് ബെഹ്‌റ

45 ദിവസത്തിനുള്ളിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Share this:
കൊച്ചി: കൊച്ചി മെട്രോയുടെ തകരാറു സംഭവിച്ച തൂണിന് സമീപം കൂടുതൽ പരിശോധന നടത്തുമെന്ന് കെ എം ആർ എൽ, എം ഡി ലോക്നാഥ്‌ ബെഹ്‌റ. പത്തടിപാലത്തെ 347 ആം നമ്പർ തൂണിനു സമീപത്തെ മറ്റു തൂണുകളും പരിശോധിക്കും. 45 ദിവസത്തിനുള്ളിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ലോക്നാഥ്‌ ബെഹ്‌റ വ്യക്തമാക്കി.

പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍  ആരംഭിച്ചട്ടുണ്ട്. അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡി.എം.ആര്‍.സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ.എം.ആര്‍.എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്തന്നെ ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുക.

നിലവിൽ പില്ലറിന്റെ അടിത്തറ  ബലപ്പെടുത്തുന്ന ജേലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും. അതേ പോലെ പേട്ടയിൽ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിൻ ഉണ്ടാകും. ജോലികൾ  പൂർത്തിയാകും വരെ ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ചെരിവ് കണ്ടെത്തിയ കൊച്ചി മെട്രോ തൂൺ പരിശോധിക്കാൻ ഡി എം ആർ സി മുൻ ഉപദേഷ്ടാവ് ഇ. ശ്രീധരനും എത്തിയിരുന്നു. മെട്രോ പില്ലറുകളുടെ രൂപകല്പനയും സാങ്കേതിക വിദ്യയും നിർവ്വഹിച്ച കമ്പനിയുടെ വിദഗ്ദരും ശ്രീധരനൊപ്പമുണ്ടായിരുന്നു. മെട്രോ റെയിലിൻ്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാo നമ്പർ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടക്കുന്നത്. ഇപ്പോൾ നടക്കുന്ന പരിശോധനയ്‌ക്കൊപ്പം ഇ. ശ്രീധരന്റെയും സംഘത്തിന്റെയും നിർദ്ദേശങ്ങളും കെ എം ആർ എല്ലിനു സമർപ്പിക്കും. പിന്നീട് വിദ്ഗ്ദ്ധ സമിതി ചേർന്നായിരിക്കും അപാകത പരിഹരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

കെ എം ആർ എൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ തകരാർ ബോദ്ധ്യപ്പെട്ടതോടെ വിശദാശങ്ങൾ ഡി എം ആർ സി യെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിൻ്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിൻ്റെ  തേയ്മാനം കൊണ്ടും മെട്രോ പാളത്തിൽ ചരിവുകളുണ്ടാകാറുണ്ട്. എന്നാൽ തൂണിൻ്റെ ചരിവാണ് പ്രശ്നമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.കെ എം ആർ എല്ലിൻ്റെയും, ഡി എം ആർ സി യുടെയും എഞ്ചിനിയർമാരുടെ നേതൃത്വത്തിലാണ് പരിശോധന.

തൂണിൻ്റെ ചെരിവാണെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ട്രയിൻ സർവീസുകൾ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകൾ പരിഹരിക്കാൻ കഴിയുമെന്നുമാണ് കെ എം ആർ എൽ വ്യക്തമാക്കുന്നത്. ഡി എം ആർ സി യുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമ്മിച്ചത്. വയഡക്ടിനും, ട്രാക്കിനുമിടയിൽ ചെറിയൊരു വിടവ് കുറച്ചു നാൾ മുൻപാണ് ശ്രദ്ധയിൽപ്പെട്ടത്. തൂണിൻ്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിൻ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്. തകരാറുകൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമമാണ് കെ എം ആർ എൽ നടത്തുന്നത്.
Published by:Sarath Mohanan
First published: