തിരുവനന്തപുരം: അമ്പലപ്പുഴയിലെ പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ പ്രതിഷേധിച്ച് ജി സുധാകരൻ. കഴിയുന്നതൊക്കെ ചെയ്തെന്നും ചെയ്തത് ഒരു തരത്തിലും നന്ദിയില്ലാത്ത പണിയെന്നും പരിതപിച്ചും നിരാശയും പ്രതിഷേധവും പങ്കുവച്ചുമാണ് സുധാകരന്റെ കവിത. നേട്ടവും കോട്ടവും എന്ന പേരിൽ കലാകൗമുദിയിലാണ് സുധാകരൻ കവിത എഴുതിയത്. സുധാകരനെതിരേയുള്ള പരാതിയിൽ സിപിഎം കമ്മിഷന്റെ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കവിതയുടെ രാഷ്ട്രീയ പ്രാധാന്യം ഏറുന്നത്.
പാർട്ടി അന്വേഷണത്തിലും തനിക്കെതിരായ നീക്കങ്ങളിലുമുള്ള അതൃപ്തി പരസ്യമാക്കുകയാണ് ജി.സുധാകരൻ. ഒരുതരത്തിലും നന്ദി കിട്ടാത്ത പണികളാണ് ജീവിതത്തിൽ നടത്തിയതെന്ന് സുധാകരൻ പരിതപിക്കുന്നു. മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞു പോയി. അവയൊന്നും തിരികെ വരില്ലെന്നു പറയുന്ന കവി, പുതിയ രൂപത്തിൽ അവ വന്നേക്കാമെന്ന പ്രത്യാശയും പങ്കുവയ്ക്കുന്നു. രാഷ്ട്രീയത്തിൽ നിന്നുള്ള പിന്മാറ്റം സൂചിപ്പിക്കും പോലാണ് കവിതയുടെ അവസാന വരികൾ. കഴിയുന്നതൊക്കെയും ചെയ്തെന്നു സ്നേഹിതർ പറയുന്നു. ആകാംക്ഷാ ഭരിതരായ നവാഗതർ ഇനി ഈ വഴി നടക്കട്ടേയെന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.
അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുകയാണ് സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ ജി.സുധാകരൻ. മന്ത്രി സജി ചെറിയാൻ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം എന്നിവരാണ് സുധാകരനെതിരേയുള്ള അന്വേഷണ ആവശ്യത്തിനു പിന്നിൽ.
സിപിഎം സംസ്ഥാന സമിതി തീരുമാന പ്രകാരം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് എന്നിവരാണ് പരാതി അന്വേഷിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അന്വേഷണ കമ്മിഷനെ വച്ചതുതന്നെ പരാതിയിൽ വസ്തുത ഉണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനാൽ നടപടി ഉറപ്പാണെന്നും വിലയിരുത്തലുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ ക്ളിഫ് ഹൗസിലെത്തി സുധാകരൻ കണ്ടതും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സജി ചെറിയാനെ സന്ദർശിച്ചതുമൊക്കെ പ്രശ്ന പരിഹാരത്തിനു വഴി തെളിയുന്നതിന്റെ സൂചനകളായി കാണുന്നവരും കുറവല്ല.
കവിതയുടെ പൂർണ രൂപം
നേട്ടവും കോട്ടവും
കവിത എന്റെ ഹൃദയാന്തരങ്ങളിൽ
മുളകൾ പൊട്ടുന്നു കാലദേശാതീതയായ്
വളവും ഇട്ടില്ല വെള്ളവും ചാർത്തിയി-
ല്ലവഗണനയിൽ മുകുളം കൊഴിഞ്ഞുപോയ്
മനുജർ താണ്ടിയ നൂറ്റാണ്ടുമപ്പുറം
ഒഴുകിയെത്തിയെൻ പ്രജ്ഞ ചരിത്രത്തിൽ
ഒരിടമെങ്കിലും കാണാത്തതൊക്കെയും
കണികൾ കണ്ടു മനം കുളിർക്കെ കണ്ടു
തിരികെ എത്തവേ എല്ലാം മറന്നു പോയി
അനുനിമിഷം പകർത്തുവാനെന്റെയീ
ചരിതപർവം തടസ്സങ്ങളാകവേ
മുഴുകി ഞാനെന്റെ നിത്യ ദുഖങ്ങളിൽ
കരളുകീറും ചുമതലാ ഭൂവിലായ്
ഒരുതരത്തിലും നന്ദി കിട്ടാത്തൊരാ-
പണികളൊക്കെ നടത്തി ഞാനെന്റെയീ
മഹിത ജീവിതം സാമൂഹ്യമായെന്നു
പറയും സ്നേഹിതർ സത്യമെങ്കിലും
വഴുതി മാറും മഹാനിമിഷങ്ങളിൽ
മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞു പോയ്
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം
ഇനി ഒരു ജന്മമുണ്ടോ ജന്മാന്ത-
രങ്ങളിൽ പ്രണയപൂർവം പ്രതീക്ഷയിൽ അല്ല ഞാൻ
മനുജപർവം കഴിഞ്ഞിനി ശേഷിപ്പൂ
ചരിത്ര വീഥി തൻ നേട്ടവും കോട്ടവും
അതിലൊരാശങ്ക വേണ്ടെന്നു സ്നേഹിതർ
കഴിവതൊക്കെയെും ചെയ്തെന്നു സ്നേഹിതർ
ഇനി നടക്കട്ടേ ഈ വഴി ആകാംക്ഷാ-
ഭരിതരായ നവാഗതർ അക്ഷീണ-
മനസ്സുമായി നവപഥ വീഥിയിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: G sudhakaran, G Sudhakaran poem