• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും വീണ്ടും വേദനിപ്പിക്കരുത്, ആരോപണങ്ങൾ പാർട്ടി പരിശോധിക്കട്ടെ: ജി. സുധാകരൻ

വീണ്ടും വീണ്ടും വേദനിപ്പിക്കരുത്, ആരോപണങ്ങൾ പാർട്ടി പരിശോധിക്കട്ടെ: ജി. സുധാകരൻ

അമ്പലപ്പുഴയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എച്ച്. സലാമിനെ തോൽപ്പിക്കുവാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് ജി. സുധാകരന്റെ പ്രതികരണം

ജി. സുധാകരൻ

ജി. സുധാകരൻ

  • Share this:
    വീണ്ടും വീണ്ടും തന്നെ വേദനിപ്പിക്കരുതെന്നും ആരോപണങ്ങൾ പാർട്ടി പരിശോധിക്കട്ടെയെന്നും ജി. സുധാകരൻ. അമ്പലപ്പുഴയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എച്ച്. സലാമിനെ തോൽപ്പിക്കുവാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് ജി. സുധാകരന്റെ പ്രതികരണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും സുധാകരൻ വ്യക്തമാക്കി.

    തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലായിരുന്നു ജി. സുധാകരനെതിരെ എച്ച്. സലാമിന്റെ വിമർശനം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് അനുകൂലമായ ശരീരഭാഷ അല്ലായിരുന്നു സുധാകരന്റേതെന്നും, ബോധപൂർവ്വമായ വിട്ടുനിൽക്കൽ മുൻ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി തുടങ്ങിയ ആരോപണങ്ങൾ സലാം  ഉന്നയിച്ചു.

    എസ്ഡിപിഐക്കാരനായി തന്നെ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ സുധാകരൻ പ്രതിരോധിച്ചില്ല. തന്നെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന രീതിയിലായിരുന്നു പ്രവർത്തനമെന്നും സലാം ജില്ലാ കമ്മറ്റിയിൽ ആരോപിച്ചിരുന്നു. ഇതിലാണ് സുധാകരൻ്റെ പ്രതികരണം.

    തന്നെ വീണ്ടും വേദനിപ്പിക്കരുതെന്നേ പറയാനുള്ളു എന്ന് സുധാകരൻ പറഞ്ഞു. ഉയർന്ന ആരോപണങ്ങളെല്ലാം പാർട്ടി പരിശോധിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു
    അതേസമയം സലാമിൻ്റെ വിമർശനത്തെ തള്ളി ജില്ലാ സെക്രട്ടറി ആർ. നാസർ രംഗത്തുവന്നിരുന്നു.

    ആരോപണം അടിസ്ഥാന രഹിതമാണെന്നും സുധാകരനെ പോലുള്ളൊരാൾ തോൽപ്പിക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ ജില്ലയിൽ സി.പി.എം. വിജയിക്കില്ലായിരുന്നുവെന്നായിരുന്നു നാസറിൻ്റെ പ്രതികരണം

    തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉദയം ചെയ്ത പുത്തൻ ഗ്രൂപ്പിൻ്റെ ആധിപത്യം ഉറപ്പിക്കലിൻ്റെ ഭാഗമായി  വേണം ജില്ലാ കമ്മറ്റിയിൽ ഉയർന്ന ആരോപണങ്ങളെ നോക്കി കാണാൻ. സുധാകരനെതിരെ നടപടി ലക്ഷ്യം വച്ചാണ് പുതിയ നീക്കം. സംസ്ഥാന നേതൃത്വത്തിനും അമ്പലപ്പുഴയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് എച്ച്. സലാം പരാതി നൽകിയിട്ടുണ്ട്. ഇതിനായി ഓഡിയോ ക്ലിപ്പുകളടക്കം തെളിവായി നൽകിയിട്ടുണ്ട്.

    വരുന്ന സംസ്ഥാന സമതിയിൽ സലാം ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യിക്കുക എന്നതാണ് മറു വിഭാഗത്തിൻ്റെ ലക്ഷ്യം.



    എന്നാൽ തനിക്കെതിരെ പൊളിറ്റിക്കൽ ക്രിമിനലുകൾ നീങ്ങുന്നുണ്ടെന്നും ക്രിമിനലിസത്തിൻ്റെ ഇരയാണ് താനെന്നും ജി സുധാകരൻ മാസങ്ങൾക്കു മുമ്പേ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. തിരഞ്ഞെടുപ്പിൽ താൻ വിട്ടു നിന്നു എന്ന് ബോധപൂർവ്വം വരുത്തി തീർക്കാനായി ഒരു വിഭാഗം മാധ്യമപിന്തുണയോടെ ശ്രമിക്കുന്നതായും സുധാകരൻ ആരോപിച്ചു. ഇതിനായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് സലാം ഇപ്പോൾ ഉയർത്തിയ ആരോപണവും, മുൻപഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ഭാര്യ നൽകിയ സ്ത്രീത്വത്തെ അപമാനിച്ചു എന്നുള്ള പരാതിയും ആയിരുന്നു.

    പഴ്സണൽ സ്റ്റാഫ് വേണു പാർട്ടി അംഗമായിട്ടും പൊലീസിനെ പരാതിയുമായി സമീപിച്ചതിനെ ജില്ലാ സെക്രട്ടറി ആർ. നാസർ അടക്കം വിമർശിച്ചെങ്കിലും വേണുവിനെതിരെ സംഘടനാ നടപടി സ്വീകരിക്കാൻ പാർട്ടിക്കായിട്ടില്ല. പരാതിക്കാസ്പദമായ യാതൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല. ഈ രണ്ട് ആരോപണങ്ങൾക്ക് പിന്നിലും ജില്ലയിലെ പുതിയ ഗ്രൂപ്പാണെന്നും വ്യക്തിഹത്യക്ക് പിന്നിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ ആണെന്നുമാണ് ജി. സുധാകരൻ്റെ നിലപാട്.

    എന്തായാലും സംസ്ഥാന കമ്മറ്റി കൂടാനിരിക്കെ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
    Published by:user_57
    First published: