നടന് ജോജു ജോര്‍ജിന് എതിരായ കോണ്‍ഗ്രസ് ആക്രമണത്തില്‍ താരസംഘടനയായ അമ്മ നേതൃത്വത്തിനെതിരെ കെബി ഗണേഷ്കുമാര് എം.എല്‍.എ. അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ അമ്മയുടെ സെക്രട്ടറി മൗനം പാലിച്ചെന്നും ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അമ്മയുടെ യോഗത്തില്‍ പ്രതിഷേധം അറിയിക്കും. മോഹന്‍ലാല്‍ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തില്‍ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. ജോജു മദ്യപിച്ചെന്ന കോണ്‍ഗ്രസ് ആരോപണം പൊളിഞ്ഞതോടെ, സ്ത്രീകളെ ആക്രമിച്ചെന്ന് പറഞ്ഞു. ജോജു സ്ത്രീകളെ ആക്രമിച്ചിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അത് പകര്‍ത്തുമായിരുന്നു. എന്നാല്‍ കൗണ്ടര്‍ പരാതി കൊടുക്കാന്‍ സ്ത്രീകളെ മറയാക്കുന്നത് ശരിയായ നടപടിയല്ല. ഇത് ലജ്ജാകരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. സ്ത്രീകള്‍ അവരുടെ മാന്യതയോടെ സമരത്തിന് വരുന്നു. പണ്ട് നടന്ന സമരങ്ങളില്‍ ഗാന്ധിയും നെഹ്റുവും ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും സ്ത്രീകളെ ഒന്നിനും മറയാക്കിയിട്ടില്ല. ജോജുവിന്റെ നിലപാടിന് സ്വീകാര്യത വന്നപ്പോള്‍ സ്ത്രീകളെ ആക്രമിച്ചെന്ന കള്ളക്കേസുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
ഇതൊരു പതിവ് പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ചവറയില്‍ എന്നെ ആക്രമിക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസ് തന്നെ ഷൂട്ട് ചെയ്ത വീഡിയോയില്‍ രണ്ടു സ്ത്രീകളുടെ ശബ്ദം കേള്‍ക്കാം. എന്താണ് ലക്ഷ്യം. കാറില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയാല്‍ അവരെ ഞാന്‍ കടന്നു പിടിച്ചെന്ന് വരുത്തി തീര്‍ത്ത് കള്ളക്കേസുണ്ടാക്കാന്‍ അവരെ കൊണ്ടുവന്നിരിക്കുകയാണ്. പ്രത്യേകിച്ച് ഇത്രയും അക്രമസംഭവങ്ങള്‍ക്ക് പോകുന്നവര്‍ സ്ത്രീകളെ വിളിച്ചുകൊണ്ട് പോകരുത്.
അധ്വാനിച്ച പണം കൊണ്ട് ജോജു വാങ്ങിയ കാര്‍ തല്ലിത്തകര്‍ത്തത് തെറ്റായ നടപടിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനിടെ ജോജു ജോര്‍ജ്- കോണ്‍ഗ്രസ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ നീക്കവും നടക്കുന്നുണ്ട്. ഇതിനിടെ ഗണേഷ് കുമാര്‍ അമ്മയ്ക്കെതിരെ നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥതയില്ലാത്തതും രാഷ്ട്രീയ പ്രേരിതവും ആണെന്ന് ആക്ഷേപമുയര്‍ന്നു. പരസ്യപ്രസ്താവന വിലക്കിയിട്ടുള്ള അമ്മ സംഘടനയിലെ അംഗം എന്ന നിലയ്ക്ക് ഗണേഷ്കുമാര് നടത്തിയത് അച്ചടക്കലംഘനം എന്നും വിലയിരുത്തപ്പെടുന്നു.
ഗണേഷിനെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്, എറണാകുളം എംപി ഹൈബി ഈഡന് എന്നിവരുടെ നേത്യത്വത്തിലാണ് ജോജു ജോര്‍ജ് വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചര്‍ച്ചകള്‍ അട്ടിമറിക്കാനാണ് ഇടത് എം.എല്‍.എ കൂടിയായ ഗണേഷ് കുമാര്‍ രംഗത്ത് വന്നതെന്നാണ് ആക്ഷേപം. എന്നാല്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തെന്നും ഗണേഷ് കുമാറിന്റെ ആരോപണത്തില്‍ മറുപടിയുമായി ഇടവേള ബാബുവും രംഗത്തെത്തി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.