പത്തനംതിട്ട: ഗവിയിലേക്കുള്ള സഞ്ചാരികളുമായി പോയ കെഎസ്ആർടിസി ബസ് മടക്കയാത്രയിൽ കൊടുംവനത്തിനുള്ളിൽവെച്ച് തകരാറിലായി. ഇതേത്തുടർന്ന് യാത്രക്കാർക്ക് അഞ്ചു കിലോമീറ്ററോളം വനത്തിനുള്ളിലെ റോഡിലൂടെ നടക്കേണ്ടിവന്നു. പത്തനംതിട്ട ഡിപ്പോയിലെ ഗവി ബസാണ് ആനത്തോടിനും പമ്പയ്ക്കുമിടയിൽ കൊടുംവനത്തിൽ വഴിയിൽ കുടുങ്ങിയത്.
ഇന്നലെ വൈകിട്ടോടെയാണ് ഗവി ബസ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ തകരാറിലായത്. പത്തനംതിട്ടയിൽനിന്ന് രാവിലെ ആറരയ്ക്കു കുമളിക്കു പോയ പത്തനംതിട്ട–ഗവി–കുമളി ബസാണ് മടങ്ങി വരും വഴി പമ്പ അണക്കെട്ട് പിന്നിട്ടപ്പോഴാണ് തകരാറിലായത്. വനത്തിന് നടുവിൽ ബസ് തകരാറിലായതോടെ യാത്രക്കാരും ജീവനക്കാരും ആദ്യം ആശങ്കയിലായി. ഒടുവിൽ ബസിലുണ്ടായിരുന്ന 28 യാത്രക്കാർ ആനക്കാട്ടിലൂടെ അഞ്ച് കിലോമീറ്റർ നടന്ന ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തുകയായിരുന്നു. പിന്നീട് രാത്രി ഏഴരയോടെ അതുവഴി വന്ന സീതത്തോട് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിൽ 7 യാത്രക്കാരെ പത്തനംതിട്ടയിൽ എത്തിച്ചു.
ശേഷിച്ച യാത്രക്കാരെ മറ്റൊരു കെഎസ്ആർടിസി ബസ് അയച്ചാണ് പത്തനംതിട്ടയിലേക്ക് തിരിച്ചെത്തിച്ചത്. രാത്രി 10 മണിയോടെ മൂഴിയാറിൽ സ്റ്റേയുള്ള കെഎസ്ആർടിസി ബസ് ആനത്തോട്ടിലെത്തി യാത്രക്കാരെ തിരിച്ചെത്തിക്കുകയായിരുന്നു. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പത്തനംതിട്ട ജില്ലക്കാരായ വിനോദ സഞ്ചാരികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് കുട്ടികളുമുണ്ടായിരുന്നു.
ബ്രേക്ക്ഡൌണായ ബസിന്റെ തകരാർ പരിഹരിക്കാൻ ജീവനക്കാർ നന്നായി ശ്രമിച്ചെങ്കിലും സ്റ്റാർട്ടാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് യാത്രക്കാർ കണ്ടക്ടർ സാബുവിന്റെ നേതൃത്വത്തിൽ കാട്ടാനയും, കാട്ടുപോത്തുകളുമുള്ള വനത്തിലൂടെ നടന്നത്. സന്ധ്യയോടെ ഗവിയിൽ നിന്ന് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് എത്തിയ വാഹനത്തിൽ ബസ് ഡ്രൈവർ ജയേഷും ഔട്ട് പോസ്റ്റിലെത്തി.
തകരാറിലായ ബസ് നന്നാക്കാൻ മെക്കാനിക്കലുമായി രാത്രി തന്നെ കെഎസ്ആർടിസി അധികൃതരും ആനത്തോട്ടിൽ എത്തി. ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എം. മണിയുടെ നിർദേശ പ്രകാരം കക്കി സ്റ്റേഷനിൽ നിന്ന് വനപാലകരും ബസിന് സുരക്ഷ ഒരുക്കി ഒപ്പമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.