ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് വിവാദത്തിലായ സോണ്ട ഇൻഫ്രാടെക് കമ്പനിക്കെതിരെയും സ്ഥാപനത്തിന്റെ എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ളക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി ജർമ്മൻ പൗരൻ. രാജ്കുമാർ ചെല്ലപ്പൻ പിള്ള കമ്പനിയിലെ തന്റെ നിക്ഷേപം തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനായ പാട്രിക് ബോവർ ആണ് പരാതിക്കാരൻ. ഇയാളുടെ നേതൃത്വത്തിലുള്ള ജർമ്മൻ കമ്പനി 357.4 കോടി രൂപ (4 ദശലക്ഷം യൂറോ) സോണ്ട കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കൂടാതെ 20.4 കോടി രൂപയ്ക്ക് (2.28 ദശലക്ഷം യൂറോ) എസ്.ബി.എല്‍.സി (Standby Letter of Credit) നൽകിയിട്ടുണ്ടെന്നും സിഇഒ കൂടിയായ പാട്രിക് ബോവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഇന്ത്യയിൽ നിക്ഷേപിച്ച അദ്ദേഹത്തിന്റെ പണം രാജ്കുമാർ ചെല്ലപ്പൻ പിള്ള തട്ടിയെടുക്കുകയിരുന്നു എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത് എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇവർ 2016 ലും 2018 ലും നിക്ഷേപം നടത്തിയതായാണ് രേഖകളിൽ വ്യക്തമാക്കുന്നത് . നാലു വർഷമായി പണം തിരികെ ലഭിക്കാനായി ബുദ്ധിമുട്ടുകയാണെന്നും നിലവിൽ ലഭിക്കാനുള്ള തുകയും പലിശയും ഉൾപ്പെടെ 44.6 കോടിയിലധികം (5 ദശലക്ഷം യൂറോ) ലഭിക്കാൻ ഉണ്ടെന്നും ബോവർ പറയുന്നു. കൂടാതെ എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ കൂടായ പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ പരാതി നൽകിയാൽ നിക്ഷേപം ലഭിക്കില്ല എന്ന് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, നേരത്തെ മാർച്ച് 8 ന് ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനിൽ പാട്രിക് ബോവറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതുവരെ കേസിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രിക്ക് പരാതി നൽകാൻ ബോവർ തീരുമാനിച്ചത്. “സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് ജർമ്മൻ വേസ്റ്റ് ബിൻ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയാണ് കമ്പനി എന്നെ സമീപിച്ചത്. അതുപ്രകാരം ബാംഗ്ലൂരിൽ ഒരു ചെറിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ പിന്നീട് സുതാര്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും പ്രതിമാസ റിപ്പോർട്ടുകളും ധനകാര്യ വിവരങ്ങളും നൽകാതെയുമായി “എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഇന്ത്യയിൽ നിക്ഷേപം നടത്തിയത് തെറ്റായിപ്പോയെന്നും ഇവിടെ ഒരു സുരക്ഷിതത്വവും നൽകുന്നില്ലെന്നും പാട്രിക് ബോവർ കത്തിൽ വ്യക്തമാക്കി. ഇതേതുടർന്ന് പലരും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആശങ്കാകുലരാണെന്നും കത്തിൽ പറയുന്നുണ്ട്. അതേസമയം ഞെളിയന്‍ പറമ്പിലെ മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ സോണ്ട ഇന്‍ഫ്രാടെക്കിന് നിലവിൽ കോഴിക്കോട് കോര്‍പ്പറേഷന്‍ നീട്ടി നൽകിയിട്ടുണ്ട്. ഞെളിയന്‍പറമ്പിലെ ബയോമൈനിങ്, ക്യാപ്പിങ് എന്നിവ പൂര്‍ത്തീകരിക്കണമെന്ന് ചൂണ്ടികാട്ടി കര്‍ശന വ്യവസ്ഥകളോടെയാണ് കരാര്‍ നീട്ടി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.