നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരാധനാലയം പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുക്കും'; ദേശീയപാതാ അലൈൻമെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

  'ആരാധനാലയം പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുക്കും'; ദേശീയപാതാ അലൈൻമെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

  കൊല്ലത്ത് ദേശീയ പാതയുടെ നിലവിലെ  അലൈമെന്റിൽ പള്ളികളും ക്ഷേത്രവും ഉൾപ്പെടന്നുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. ആരാധനാലങ്ങളെ ഒഴിവാക്കാൻ  അലൈന്മെന്റിൽ  മാറ്റംവരുത്തേണ്ടതില്ലെന്ന് കോടതി ചൂണ്ടികാട്ടി

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
  കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി. കൊല്ലം ഉമയല്ലൂരിലെ ദേശീയ പാത അലൈന്മെന്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയാണ് കോടതി നിരീക്ഷണം. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽ വിളക്കായി കരളിലിരിക്കുന്നുവെന്ന ശ്രീകുമാരൻ തമ്പിയുടെ വരികളാണ്  ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ കോടതി ഉത്തരവിൽ പരാമർശിച്ചത്.

  ദേശീയ പാത വികസനത്തിന്റെ പേരില് ആരാധനാലയങ്ങൾ പൊളിച്ചു നീക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കൊല്ലത്ത് ദേശീയ പാതയുടെ നിലവിലെ  അലൈമെന്റിൽ പള്ളികളും ക്ഷേത്രവും ഉൾപ്പെടന്നുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. ആരാധനാലങ്ങളെ ഒഴിവാക്കാൻ  അലൈന്മെന്റിൽ  മാറ്റംവരുത്തേണ്ടതില്ലെന്ന് കോടതി ചൂണ്ടികാട്ടി. അനാവശ്യമായും നിസാരകാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നു കോടതി നിലപാടെടുത്തു. ദേശീയപാത വികസനത്തിന്‍റെ അലൈന്‍മെന്‍റ് ചോദ്യം ചെയ്ത് നല്‍കിയ നാല് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

  പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണം. ഒരുവിഭാഗം പൗരന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്‍റെ ഭാഗമാണ്. രാജ്യത്തിന്‍റെ വികസനത്തിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. അന്തരിച്ച നടനും പണ്ഡിതനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകനാണ് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ. ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സഹോദരി ഭർത്താവാണ്.

  Also Read- പ്രളയത്തിൽ മുങ്ങിയ ആശുപത്രിക്ക് പുതുജീവൻ; വാഴക്കാട് പിഎച്ച് സിയുടെ കഥ പറഞ്ഞ് പ്രിയതാരങ്ങള്‍

  നിയമ നടപടികളുമായി ഒരു വിഭാഗം മുന്നോട്ടു പോകുമ്പോഴും ദേശീയ പാതാ വികസനത്തിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടാണ്. ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കാൻ കൊല്ലം ജില്ലയിൽ ഏറ്റെടുത്ത സ്ഥലത്തിന്റെ വിലനിർണയം അടുത്തിടെ പൂർത്തിയായിരുന്നു. 2500 കോടി രൂപയാണ്‌ ആകെ കണക്കാക്കിയ നഷ്ടപരിഹാരം. ഇതിനുള്ള കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ വിഹിതം  ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറുടെയും പ്രോജക്ട്‌ ഓഫീസറുടെയും സംയുക്ത അക്കൗണ്ടിൽ എത്തി. മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ തുക വിതരണം ചെയ്യാൻ ധാരണയായിരുന്നു.

  ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 17 വില്ലേജുകളിലായി 57.36 ഹെക്ടറാണ്‌ ഏറ്റെടുത്തത്‌. ഇതിലെ കെട്ടിടം, വീട്‌, കൃഷി, മരങ്ങൾ എന്നിവയുടെ വിശദവില നിർണയ റിപ്പോർട്ടും (ഡിവിആർ)വിശദ വിലനിർണയ സ്റ്റേറ്റ്‌മെന്റു (ഡിവിഎസ്‌)മാണ്‌ പൂർത്തീകരിച്ചത്‌.  വടക്കുംതല, ശക്‌തികുളങ്ങര, ചിറക്കൽ എന്നീ വില്ലേജുകളിലെ ഏറ്റെടുത്ത ഭൂമിയുടെ തുക ഇതിനകം അനുവദിച്ചു. കടയും വീടും പൂർണമായും നഷ്ടപ്പെട്ടവർക്ക്‌ പുനരധിവാസത്തിനുള്ള വിവരശേഖരണവും തുടങ്ങി‌.

  ഭൂമി ഏറ്റെടുക്കാൻ കരുനാഗപ്പള്ളി, കാവനാട്‌, വടക്കേവിള, ചാത്തന്നൂർ എന്നിവിടങ്ങളിലായി സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റുകളുണ്ട്‌. കലക്ടർ ബി അബ്‌ദുല്‍നാസർ, ജില്ലാ വികസന കമീഷണർ ആഫിസ്‌ യൂസുഫ്‌ എന്നിവരുടെ മേൽനോട്ടത്തിൽ ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ആർ സുമീതൻപിള്ളയുടെ നേതൃത്വത്തിലാണ്‌ നടപടി പുരോഗമിക്കുന്നത്‌. നടപടികൾ പൂർത്തീകരിച്ച്‌ ഒക്‌ടോബർ അവസാനം ദേശീയപാത  നിർമാണം ആരംഭിക്കണമെന്ന്‌ സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. നഷ്ടപരിഹാരത്തുക വിതരണം ചെയ്‌തുകഴിഞ്ഞാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ നിർമാണക്കരാരിൽ ഒപ്പുവയ്‌ക്കും.
  Published by:Anuraj GR
  First published: